
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ നേതൃത്വത്തില്‍ സമാധാന സംഭാഷണം നടക്കുന്നുവെന്ന് ശൈഖ് അബ്ദുല്ല
അബുദാബി: ഇറാനില്‍ ഇസ്രാഈല്‍ നടത്തുന്ന സൈനിക ആക്രമണം അടിയന്തിരമായി അവസാനിപ്പിക്കണമെന്നും മേഖലയില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ നയതന്ത്ര പരിഹാരം അടിയന്തിരമായി ആവശ്യമാണെന്ന് വിശ്വസിക്കുന്നുവെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞു. മേഖലയിലെ സൈനിക സംഘര്‍ഷം രൂക്ഷമാകുന്നതിന്റെ അപകടസാധ്യത ഒഴിവാക്കുന്നതിനും ആഗോളതലത്തില്‍ തന്നെ സമാധാനത്തിനു സുരക്ഷയ്ക്കും ഭീഷണിയാകുന്നതിന്റെ ആഘാതം നിയന്ത്രിക്കുന്നതിനും പ്രാദേശിക,അന്തര്‍ദേശീയ തലങ്ങളില്‍ അടിയന്തരവും ഏകോപിതവുമായ നടപടി ആവശ്യമാണെന്ന് യുഎഇ വ്യക്തമാക്കി. സംഘര്‍ഷം ലഘൂകരിക്കാനും ശത്രുത അവസാനിപ്പിക്കാനും ദൂരവ്യാപകവും അപ്രതീക്ഷിതവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും ഇരു രാജ്യങ്ങളോടും അദ്ദേഹം ആഹ്വാനം ചെയ്തു. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വ്യാപിക്കുന്ന അശ്രദ്ധമായ നടപടികളെക്കുറിച്ച് ശൈഖ് അബ്ദുല്ല മുന്നറിയിപ്പ് നല്കി. സംഘര്‍ഷം നിയന്ത്രണാതീതമാകുന്നതിനു മുമ്പ് അത് അവസാനിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓര്‍മപ്പെടുത്തി. സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും സംഘര്‍ഷം വ്യാപിക്കുന്നത് തടയുന്നതിനും ലക്ഷ്യമിട്ടുള്ള തീവ്രമായ നയതന്ത്ര ശ്രമങ്ങള്‍ക്ക് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് നേതൃത്വം നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. മേഖലയുടെ സ്ഥിരത,സമൃദ്ധി,നീതി എന്നിവയിലേക്കുള്ള ഏക പ്രായോഗിക മാര്‍ഗമായി നയതന്ത്രവും സംഭാഷണവുമാണ് യുഎഇ വാദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ നിര്‍ണായകവും അസ്ഥിരവുമായ ഘട്ടത്തില്‍ ലോകത്തിന്റെ ഹൃദയമായി മുമ്പേ കണക്കാക്കപ്പെട്ടിരുന്നതും നിരന്തരമായ സംഘര്‍ഷങ്ങളാല്‍ ഭാരപ്പെട്ടതുമായ ഈ മേഖലയ്ക്ക് ഇതില്‍ കൂടുതല്‍ താങ്ങാനാവില്ലെന്ന് യുഎഇ മനസിലാക്കുന്നുവെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു. ഇപ്പോള്‍, എക്കാലത്തേക്കാളും കൂടുതല്‍ സമാധാനവും സംയമനവും അടിയന്തിരമായി ആവശ്യമാണ്. സംഭാഷണം പ്രോത്സാഹിപ്പിക്കുക,അന്താരാഷ്ട്ര നിയമം ഉയര്‍ത്തിപ്പിടിക്കുക, രാഷ്ട്രങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുക എന്നിവയാണ് ഇന്നത്തെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനുള്ള ഏറ്റവും ശക്തമായ അടിത്തറയെന്ന് യുഎഇ ഉറച്ചു വിശ്വസിക്കുന്നു. കൂടുതല്‍ വഷളാകുന്നത് തടയുന്നതിനുള്ള ഉത്തരവാദിത്തങ്ങള്‍ പൂര്‍ണമായും ഏറ്റെടുക്കാനും വെടിനിര്‍ത്തല്‍ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കുന്നതിനും ഉടനടി നിര്‍ണായക നടപടി സ്വീകരിക്കാനും യുഎഇ ഐക്യരാഷ്ട്രസഭയോടും സുരക്ഷാ കൗണ്‍സിലിനോടും ആവശ്യപ്പെടുന്നുവെന്നും ശൈഖ് അബ്ദുല്ല കൂട്ടിച്ചേര്‍ത്തു. ഇസ്രാഈലിന്റെ ഇറാന് ആക്രണത്തെ യുഎഇ ആദ്യ ദിവസം തന്നെ അപലപിച്ചിരുന്നു.