
കണ്ണൂര്‍ സ്വദേശി ഒമാനില്‍ മരണപെട്ടു
277 മില്യണ്‍ ദിര്‍ഹം ചിലവിലാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്
ദുബൈ: ദുബൈ: നാദല് ഷെബ മൂന്നില്‍ ദുബൈ മുനിസിപ്പാലിറ്റിയുടെ മലിനജല,മഴവെള്ള ഡ്രെയിനേജ് ശൃംഖല വികസന പദ്ധതി പൂര്‍ത്തിയായി. 340 ഹെക്ടര്‍ വിസ്തൃതിയുള്ള ഈ പദ്ധതി 300 പ്ലോട്ടുകള്‍ വരെ ഉള്ക്കൊള്ളുന്നുതാണ്. 277 മില്യണ്‍ ദിര്‍ഹം ചെലവിലാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. ഏകദേശം 24 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന നൂതന മലിനജല ശൃംഖലയാണ് ഇതോടെ നാദല് ഷെബയില്‍ ദുബൈ മുനിസിപ്പാലിറ്റി ഒരുക്കിയിട്ടുള്ളത്. 200 മുതല്‍ 800 മി.മീറ്റര്‍ വരെ പൈപ്പ്ലൈന് വ്യാസമുള്ള പദ്ധതിയാണിത്.
പൊതുജനാരോഗ്യ നിലവാരം മെച്ചപ്പെടുത്തുകയും പരിസ്ഥിതി സുസ്ഥിരത നിലനിര്‍ത്തുകയും ഭാവിയിലെ കൂടുതല്‍ കാര്യക്ഷമമായ അറ്റകുറ്റപ്പണികള്‍ സുഗമമാക്കുകയും ചെയ്യുന്നതാണ് ഈ ശൃംഖല. പൗരന്മാരുടെ വീടുകള്‍,പുതിയ റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍,മറ്റു പ്രോപ്പര്‍ട്ടികള്‍ എന്നിവ പ്രധാന ശൃംഖലയുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിന് 11 കിലോമീറ്റര്‍ ഗാര്‍ഹിക കണക്ഷനുകള്‍ കൂടി നിര്‍മിച്ചിട്ടുണ്ട്. സെക്കന്‍ഡില്‍ 4,000 ലിറ്റര്‍ ശേഷിയുള്ള നൂതന പമ്പിംഗ് സ്റ്റേഷനാണ് മഴവെള്ള ഡ്രെയിനേജിനായി മുനിസിപ്പാലിറ്റി പണികഴിപ്പിച്ചത്. ഇത് മഴവെള്ള മാനേജ്മെന്റ് മെച്ചപ്പെടുത്തുകയും പ്രധാന ശൃംഖലയിലേക്കുള്ള കാര്യക്ഷമമായ ജലപ്രവാഹം ഉറപ്പാക്കുകയും ചെയ്യുന്നു. 250 മുതല്‍ 1,500 മി.മീറ്റര്‍ വരെ വ്യാസമുള്ള 31 കി.മീറ്റര്‍ ഗുരുത്വാകര്ഷണാധിഷ്ഠിത ഡ്രെയിനേജ് പൈപ്പ്ലൈന് ശൃംഖലയും ഇതോടൊപ്പമുണ്ട്. ഇത് കനത്ത മഴയുള്ള സമയങ്ങളില്‍ സിസ്റ്റം സന്നദ്ധത നിലനിര്‍ത്തുകയും വെള്ളപ്പൊക്ക സാധ്യതകള്‍ കുറയ്ക്കുകയും ചെയ്യുന്നതാണ്.
ലോകത്ത് മുന്‍നിരയിലുള്ള നഗര സുസ്ഥിരത നിലനിര്‍ത്താനുള്ള ദുബൈയുടെ അഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്ന ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് നാദല് ഷെബ 3 പദ്ധതി പൂര്‍ത്തീകരണത്തിലൂടെ യാഥാര്‍ത്ഥ്യമായതെന്ന് ദുബൈ മുനിസിപ്പാലിറ്റിയുടെ ഡയരക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ മര്വാന് അഹമ്മദ് ബിന്‍ ഗാലിറ്റ പറഞ്ഞു.