
കണ്ണൂര്‍ സ്വദേശി ഒമാനില്‍ മരണപെട്ടു
വിയന്നയില്‍ നടക്കുന്ന ഒപെക് ഫണ്ട് ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് മന്ത്രിതല കൗണ്‍സിലില്‍ യുഎഇ പങ്കെടുത്തു
വിയന്ന: ആഗോള വികസന ഭൂപ്രകൃതി ഗണ്യമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രാദേശിക സര്‍ക്കാറുകള്‍ ഭക്ഷ്യസുരക്ഷയിലും കാലാവസ്ഥാ വ്യതിയാനത്തിലും ഊര്‍ജ വിതരണത്തിലും വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും ഇതിന് പരിഹാരം കാണേണ്ടത് അനിവാര്യമാണെന്നും യുഎഇ ധനകാര്യ സഹമന്ത്രി മുഹമ്മദ് ബിന്‍ ഹാദി അല്‍ ഹുസൈനി പറഞ്ഞു. ഓസ്ട്രിയയിലെ വിയന്നയില്‍ നടക്കുന്ന ഒപെക് ഫണ്ട് ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (ഒഎഫ്ഐഡി) മന്ത്രിതല കൗണ്‍സിലിന്റെ 46ാമത് സെഷനില്‍ സംസാരിക്കുകയായിരുന്നു.
ഈ വെല്ലുവിളികള്‍ക്കിടയില്‍ വികസന ധനകാര്യ സംവിധാനത്തിന്മേലുള്ള സമ്മര്‍ദം അഭൂതപൂര്‍വമായ വേഗതയില്‍ വളരുകയാണ്. അതിനാല്‍ ദക്ഷിണ-ദക്ഷിണ സഹകരണ രാജ്യങ്ങളുടെ കൂട്ടായ്മ മുന്നേറ്റത്തിന് വലിയ പ്രസക്തിയുണ്ട്. ആഗോള വിശ്വാസ്യതയ്ക്ക് പുറമേ,വിശാലമായ മേഖലകളിലും സംവിധാനങ്ങളിലും വ്യാപിച്ചുകിടക്കുന്ന സാമ്പത്തിക പരിഹാരങ്ങളിലൂടെ രാജ്യങ്ങളെ പിന്തുണയ്ക്കുന്നതില്‍ ഒപെക് ഫണ്ടിന് പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഒപെക് ഫണ്ട് കൈവരിച്ച നേട്ടങ്ങളെ മുഹമ്മദ് ബിന്‍ ഹാദി അല്‍ ഹുസൈനി പ്രശംസിച്ചു. ഇത് ഫണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടത്തുന്നതിന് സഹായകമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ധനകാര്യ മന്ത്രാലയം ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ റിലേഷന്‍സ് ആന്റ് ഓര്‍ഗനൈസേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയരക്ടറും ഒപെക് ഫണ്ട് ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ഗവര്‍ണറുമായ തുറൈയ ഹമീദ് അല്‍ഹാഷ്മി,ധനകാര്യ സഹമന്ത്രിയുടെ ഓഫീസ് ഡയരക്ടറും ഒപെക് ഫണ്ടിന്റെ ആള്‍ട്ടര്‍നേറ്റ് ഗവര്‍ണറുമായ ഹമദ് ഇസ്സ അല്‍ സാബി എന്നിവരും യുഎഇ പ്രതിനിധി സംഘത്തിലുണ്ട്. ഒപെക് ഫണ്ടിന്റെ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് സമ്മേളനം ചര്‍ച്ച ചെയ്യുകയും ഫണ്ടിന്റെ പദ്ധതികളും അവ നടപ്പിലാക്കുന്നതിലെ പുരോഗതി വിലയിരുത്തുകയും ചെയ്തു. ദക്ഷിണ-ദക്ഷിണ സഹകരണ രാജ്യങ്ങളുടെയും ബന്ധം ശക്തിപ്പെടുത്തുന്നതിനും ഗുണഭോക്തൃ രാജ്യങ്ങളുടെ ആവശ്യങ്ങള്‍ക്കുള്ള പരിഹാരങ്ങളില്‍ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ഒപെക് ഫണ്ടും പ്രാദേശിക,അന്താരാഷ്ട്ര വികസന ധനകാര്യ സ്ഥാപനങ്ങളും തമ്മില്‍ സുസ്ഥിര പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള മാര്‍ഗങ്ങളും പ്രതിനിധികള്‍ ചര്‍ച്ച ചെയ്തു.
ഈ വര്‍ഷം ഒപെക് ഫണ്ടിന്റെ 49ാം സ്ഥാപക വാര്‍ഷികമാണ്. അന്താരാഷ്ട്ര വികസനത്തിനായി 1976ല്‍ സ്ഥാപിതമായ ബഹുമുഖ വികസന ധനകാര്യ സ്ഥാപനമാണ് ഒപെക് ഫണ്ട്. ഒപെക് അംഗരാജ്യങ്ങളും ഗ്ലോബല്‍ സൗത്തില്‍ നിന്നുള്ള വികസന പങ്കാളികളും അന്താരാഷ്ട്ര വികസന സമൂഹവും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ലോകത്തെ താഴ്ന്ന,ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ സുസ്ഥിരമായ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയെ പിന്തുണയ്ക്കുകയാണ് പ്രധാന ലക്ഷ്യം. കൃഷി,വിദ്യാഭ്യാസം,ഊര്‍ജം,ആരോഗ്യം,ഗതാഗതം തുടങ്ങിയ മേഖലകളില്‍ ഇളവുകളോടെയുള്ള ധനസഹായം,ഗ്രാന്റുകള്‍,വികസന കേന്ദ്രീകൃത സഹായം എന്നിവയിലൂടെ സാങ്കേതികവും സാമ്പത്തികവുമായ സഹായം വാഗ്ദാനം ചെയ്ത് ഗുണഭോക്തൃ രാജ്യങ്ങളില്‍ സ്ഥിരതയ്ക്കും സമൃദ്ധിക്കും സംഭാവന നല്‍കുകയാണ് ഒപെക് ഫണ്ടിന്റെ ദൗത്യം. 125ലധികം രാജ്യങ്ങളിലായി നാലായിരത്തിലധികം വികസന പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി 27 ബില്യണ്‍ യുഎസ് ഡോളറിലധികം ഒപെക് ഫണ്ട് സംഭാവന ചെയ്തിട്ടുണ്ട്.