
കണ്ണൂര്‍ സ്വദേശി ഒമാനില്‍ മരണപെട്ടു
ശാസ്ത്രം,ഗവേഷണം,സാങ്കേതിക വിദ്യ എന്നിവയിലാണ് പങ്കാളിത്തം ശക്തിപ്പെടുത്തുക
അബുദാബി: ശാസ്ത്രം,ഗവേഷണം,സാങ്കേതിക വിദ്യ എന്നിവയില്‍ ജര്‍മനിയുമായി സഹകരണം ശക്തിപ്പെടുത്താന്‍ യുഎഇ ധാരണ. യുഎഇ അഡ്വാന്‍സ്ഡ് സയന്‍സ് ആന്റ് ടെക്നോളജി അസി.വിദേശകാര്യ മന്ത്രി ഉമ്രാന് ഷറഫിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ജര്‍മനിയില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ ഭാഗമയാണ് ഇതുസംബന്ധിച്ച് ധാരണയായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനും തീരുമാനിച്ചു. ബെര്‍ലിനില്‍ ജിടെക്സ് യൂറോപ്പിലെ പങ്കാളിത്തത്തോടെയാണ് യുഎഇ ഈ ദൗത്യത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് യുഎഇ പ്രതിനിധി സംഘം ജര്‍മന്‍ ഗവണ്മെന്റിന്റെ പ്രതിനിധികളുമായി ഉന്നതതല ഉഭയകക്ഷി കൂടിക്കാഴ്ചകളും നടത്തി. ജര്‍മന്‍ ഡിജിറ്റല്‍,സംസ്ഥാന ആധുനികവത്കരണ മന്ത്രി ഡോ.കാര്‍സ്റ്റണ്‍ വൈല്ഡ്ബെര്ഗര്,ഗവേഷണ,സാങ്കേതിക,ബഹിരാകാശ മന്ത്രിയുടെ പാര്‍ലമെന്ററി സ്റ്റേറ്റ് സെക്രട്ടറി ഡോ.സില്‍ക്ക് ലോണര്ട്ട്;സാമ്പത്തിക കാര്യ,ഊര്‍ജ മന്ത്രാലയത്തിലെ എസ്എംഇകള്‍ക്കായുള്ള സ്റ്റേറ്റ് സെക്രട്ടറിയും ഗവണ്മെന്റ് കമ്മീഷണറുമായ ഗിറ്റ കോണ്‍മാന്‍ എന്നിവരുമായാണ് ഉമ്രാന് ഷറഫിന്റെ നേതൃത്വത്തില്‍ യുഎഇ പ്രതിനിധി സംഘം ബെര്‍ലിനില്‍ കൂടിക്കാഴ്ച നടത്തിയത്.
ജര്‍മനിക്കും ‘മെന’ രാജ്യങ്ങള്‍ക്കും ഇടയിലുള്ള സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്ന ജര്‍മനിയിലെ ഏറ്റവും വലിയ സംഘടനകളിലൊന്നായ ‘നുമോവ്’ സംഘടിപ്പിച്ച റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിലും യുഎഇ പ്രതിനിധി സംഘം പങ്കെടുത്തു. മെറാന്റിക്സ് എഐ കാമ്പസ് സന്ദര്‍ശിച്ച യുഎഇ പ്രതിനിധി സംഘം ഘോര്ഫ അറബ് ജര്‍മന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച റൗണ്ട് ടേബില്‍ ചര്‍ച്ചയിലും പങ്കെടുത്തു. ഹെയില്‍ബ്രോണില്‍ നടന്ന ടെക്25 കോണ്‍ഫറന്‍സിലും ഉമ്രാന് ഷറഫ് പങ്കെടുത്തു, ഹാന്ഡില്സ്ബ്ലാറ്റിനുമായി അഭിമുഖത്തില്‍ പങ്കെടുത്ത അദ്ദേഹം നൂതന സാങ്കേതിക വിദ്യകളുടെ ഭാവിയെക്കുറിച്ച് വ്യവസായ പ്രമുഖരുമായും നവീന ചിന്താഗതിക്കാരുമായും സംസാരിച്ചു. സ്റ്റുട്ട്ഗാര്‍ട്ടിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച പ്രതിനിധി സംഘം അവരുമായി ഉഭയകക്ഷി കൂടിക്കാഴ്ചകളും നടത്തി.
ജര്‍മന്‍ ധനമന്ത്രി ഡാനിയല്‍ ബയാസുമായും ഡിഎംഡ്രോജറി മാര്‍ക്ക് സിഇഒ ക്രിസ്റ്റോഫ് വെര്ണറുമായും യുഎഇ ചര്‍ച്ച നടത്തി. നവീകരണം വളര്‍ത്തുന്നതിലും ആഗോള സാങ്കേതിക സുരക്ഷ വര്‍ധിപ്പിക്കുന്നതിലും ഗവേഷണത്തിലും വികസനത്തിലും കൂട്ടായ പുരോഗതി കൈവരിക്കുന്നതിലും അന്താരാഷ്ട്ര പങ്കാളിത്തത്തിന്റെ പ്രാധാന്യം യുഎഇ പ്രതിനിധി സംഘം വ്യക്തമാക്കി.