
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
യുഎഇ ജുമുഅ ഖുതുബ മലയാള പരിഭാഷ
നാടിന്റെ ശാന്തി സമാധാനവും സുസ്ഥിരാവസ്ഥയും വലിയ ദൈവാനുഗ്രഹങ്ങളാണ്. ഒരു നാട്ടില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നുണ്ടെങ്കില്‍ ഈ ലോകത്തിന്റെ സകല സുഖസൗകര്യങ്ങളും പ്രാപ്യമാക്കിയെന്നാണ് കണക്കാക്കപ്പെടുന്നത്. നബി (സ്വ) പറഞ്ഞു: ഒരാള്‍ക്ക് സ്വദേശത്ത് നിര്‍ഭയത്വവും ആയുരാരോഗ്യവും അന്നന്നത്തെ അന്നവും ലഭിച്ചിട്ടുണ്ടെങ്കില്‍ ഈ ലോകം മുഴുവനും നല്കപ്പെട്ടത് പോലെയാണ് (ഹദീസ് തുര്‍മുദി 2346, ഇബ്നുമാജ 4141). മാന്യവും സന്തുഷ്ടകരവുമായ ജീവിതത്തിന് നാടിന്റെ സമാധാനാവസ്ഥ ഒഴിച്ചുകൂടാനാവാത്തതാണ്. നാടിന്റെ സുസ്ഥിരതയും നാട്ടാരുടെ ഉന്നമനവും കുടുംബത്തിന്റെ സുഭദ്രതയും ഉറപ്പുവരുത്താന്‍ വേണ്ടത് ചെയ്യല്‍ ഓരോ വ്യക്തിയുടെയും ബാധ്യതയാണ്. മതപരമായ ചിട്ടകളും സാരോപദേശങ്ങളും അനുസരിച്ചായിരിക്കണം അത്.
പ്രഥമമായി അനുഗ്രഹങ്ങള്‍ക്ക് അല്ലാഹുവിനോട് നന്ദി കാണിക്കണം. അല്ലാഹു പറയുന്നു: നിങ്ങള്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് കൃതജ്ഞത പ്രകാശിപ്പിക്കുക, അവനെയാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍ (സൂറത്തുന്നഹ്ല് 114). നന്ദികാട്ടുന്നവന് അനുഗ്രഹങ്ങള്‍ നിലനില്ക്കുകയും അതുവഴി പ്രതിഫലങ്ങള്‍ നല്‍കുകയും അവയില്‍ വര്‍ധനവ് നല്‍കുകയും ചെയ്യും. അതിനാല്‍ ആത്യന്തികമായി പരസ്യമായും രഹസ്യമായും അല്ലാഹുവിന് നന്ദി പ്രകാശിപ്പിക്കണം. ഈ നാടിന്റെ സംരക്ഷണത്തിന് അല്ലാഹുവിനോട് നാം നന്ദി കാണിക്കണം. ഇവിടം സ്വസ്ഥമായി ആരാധനകള്‍ അര്പ്പിക്കാനാവുന്നതിന്,ശാന്തമായി ജീവിക്കാന്‍ കഴിയുന്നതിന്,സമാധാനത്തോടെ ജോലി ചെയ്യാന്‍ സാധിക്കുന്നതിന്,മക്കള്‍ക്ക് വിദ്യഭ്യാസം നല്കാനാവുന്നതിന്. സമൂഹ നിര്‍മിതിയില്‍ നാമും ഭാഗഭാക്കാവണം.
രണ്ടാമതായി, ആത്മാര്‍ത്ഥതയോടെ കഠിനമായി നാടിനായി പ്രയത്നിക്കണം. അല്ലാഹു പറയുന്നു: നബിയേ, പ്രഖ്യാപിക്കുക,നിങ്ങള്‍ കര്‍മങ്ങള്‍ അനുഷ്ഠിച്ചുകൊള്ളുക, അല്ലാഹുവും അവന്റെ തിരുദൂതരും സത്യവിശ്വാസികളും നിങ്ങളുടെ പ്രവര്‍ത്തികള്‍ കാണുന്നതാണ് (സൂറത്തുത്തൗബ 105). നാടിന്റെ സുസ്ഥിര ഭാവിക്കായി നാം മുന്നിട്ടിറങ്ങണം. നമുക്ക് ബന്ധമില്ലാത്ത വിഷയങ്ങളില്‍ ഇടപെടരുത്. ഓരോരുത്തരും അവരവരുടെ അഭിപ്രായങ്ങളില്‍ നിര്‍വൃതി കൊള്ളുന്ന ഘട്ടമുണ്ടായാല്‍ പൊതുജന വിഷയം ഒഴിവാക്കി സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധയൂന്നാനാണ് നബി (സ്വ) സാരോപദേശം നല്‍കിയിരിക്കുന്നത് (ഹദീസ് ബുഖാരി, മുസ്ലിം).
മൂന്നാമതായി, ഭരണാധികാരി പരിചയാണ് (ഹദീസ് ബുഖാരി, മുസ്ലിം). ഭരണീയരെ സംരക്ഷിക്കുന്നത് ഭരണാധികാരിയാണ്. അതിനാല്‍ ഭരണകൂടത്തെ അംഗീകരിക്കുകയും അനുസരിക്കുകയും വേണം. ഉത്തരവാദിത്വങ്ങളും കടമകളും നാം നിറവേറ്റുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും വേണം. സന്തോഷ ഘട്ടത്തിലും സന്താപ വേളയിലും ഭരണകൂടത്തെ ചെവികൊള്ളുകയും നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കുകയും വേണം. സമാധാനാന്തരീക്ഷവും നിര്‍ഭയത്വവും ഓരോ വ്യക്തിയുടെയും ബാധ്യതയാണ്. ഭയത്തില്‍ നിന്നും വിശപ്പില്‍ നിന്നും മോചനം നല്കിയ അല്ലാഹുവിനെ ആരാധിക്കാന്‍ ഖുര്‍ആന്‍ പ്രഖ്യാപനം നടത്തുന്നുണ്ട്.(സൂറത്തു ഖുറൈശ് 3,4).
നാടിന്റെ ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രം ആശ്രയിക്കുക. കേട്ടതെല്ലാം പറയല്‍ മനുഷ്യനെ പാപിയാക്കുമെന്നാണ് നബി (സ്വ) മുന്നറയിപ്പ് നല്‍കിയിരിക്കുന്നത്.(ഹദീസ് അബൂദാവൂദ് 4992). വ്യാജങ്ങളെ കരുതിയിരിക്കുക. സമയം കളയാതിരിക്കുക. നാടിനായി പ്രാര്‍ത്ഥിക്കണം. ഇബ്രാഹീം നബി (അ) മക്കാ നാടിനെ നിര്‍ഭയ സ്ഥലമാക്കാനും അവിടെ വസിക്കുന്നവര്‍ക്ക് കായ്ക്കനികള്‍ ആഹാരമായി നല്‍കാനും പ്രാര്‍ത്ഥിച്ചത് ഖുര്‍ആനിലുണ്ട്. ഈ നാട് ഇമാറാത്ത് സുരക്ഷിതമായ ഇടമാണ്. ഈ നാടിന്റെ സുസ്ഥിരതക്കായി നമുക്ക് പ്രവര്‍ത്തിക്കാം…പ്രാര്‍ത്ഥിക്കാം.