
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: ദുബൈയിലെ പത്തിടങ്ങളില്‍ ആര്‍ടിഎ സ്മാര്‍ട്ട് പെഡസ്ട്രിയന്‍ സിഗ്നലുകള്‍ വിപുലീകരിച്ചു. ആദ്യഘട്ടിത്തില്‍ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി 17 സ്ഥലങ്ങളിലെ സിഗ്നലുകള്‍ മെച്ചപ്പെടുത്തിയിരുന്നു. ഇതോടെ സ്മാര്‍ട്ട് പെഡസ്ട്രിയന്‍ സിഗ്നലുകള്‍ സജ്ജീകരിച്ച സൈറ്റുകളുടെ എണ്ണം 27 ആയി. ദുബൈയിലെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും കാല്‍നട യാത്രക്കാരുടെയും വാഹനങ്ങളുടെയും ചലനം സുഗമമാക്കുന്നതിനും അത്യാധുനിക സ്മാര്‍ട്ട് സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുകയാണ് ആര്‍ടിഎ. അടിസ്ഥാന സൗകര്യങ്ങളിലും സുസ്ഥിരമായ മൊബിലിറ്റിയിലും ആഗോള മുന്‍നിരയിലെത്താനുള്ള ദുബൈയുടെ ശ്രമങ്ങളെ ഇത് ശക്തിപ്പെടുത്തും.
ഉമര്‍ ബിന്‍ അല്‍ ഖത്താബ് സ്ട്രീറ്റ്,ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റ്,അല്‍ സത്വ സ്ട്രീറ്റ്,സലാഹ് അല്‍ ദിന് സ്ട്രീറ്റ്,അമ്മാന് സ്ട്രീറ്റ്,അല്‍ ഖുസൈസ് സ്ട്രീറ്റ് (ലേബര്‍ ക്യാമ്പുകള്‍ക്ക് സമീപം),ഔദ് മേത്ത സ്ട്രീറ്റ് (സ്കൂള്‍ സോണിന് മുന്നില്‍) എന്നിവിടങ്ങളിലാണ് സ്മാര്‍ട്ട് സിഗ്നലുകള്‍ വിപുലീകരിച്ചതെന്ന് ആര്‍ടിഎ ട്രാഫിക് ആന്റ് റോഡ്സ് ഏജന്‍സി ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് ഡയരക്ടര്‍ മുഹമ്മദ് അല്‍ അലി പറഞ്ഞു. സിഗ്നലുകള്‍ പ്രവര്‍ത്തനക്ഷമമായ ശേഷം കാല്‍നട ക്രോസിങ്ങുകളില്‍ മെച്ചപ്പെട്ട സുരക്ഷാ നിലവാരം കാണിക്കുന്നുണ്ട്. ഇത് അപകടസാധ്യത കുറയ്ക്കുന്നതിലും എല്ലാ ഉപയോക്താക്കള്‍ക്കും മൊത്തത്തിലുള്ള റോഡ് അനുഭവം വര്‍ധിപ്പിക്കുന്നതിലും സിസ്റ്റത്തിന്റെ ഫലപ്രാപ്തി പ്രകടമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്റലിജന്റ് തെര്‍മല്‍ ക്യാമറകളിലൂടെ നൂതന കണ്ടെത്തല്‍ സാങ്കേതിക വിദ്യകളെ ആശ്രയിച്ചാണ് സ്മാര്‍ട്ട് പെഡസ്ട്രിയന്‍ സിഗ്നല്‍ സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. ഈ ക്യാമറകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നു. നടപ്പാതകളിലും ക്രോസ് ചെയ്യുമ്പോഴും കാല്‍നടയാത്രക്കാരുടെ സാന്നിധ്യവും ചലനവും കൃത്യമായി കണ്ടെത്തുന്നു, കുറഞ്ഞ വെളിച്ചത്തിലോ രാത്രി സമയങ്ങളിലോ പോലും ഇത് വ്യക്തമായി ക്യാമറയില്‍ തെളിയും. യഥാര്‍ത്ഥ ക്രോസിങ് അഭ്യര്‍ത്ഥനകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സിസ്റ്റം പുഷ്ബട്ടണ്‍ ഉപകരണങ്ങളുമായി സംയോജിപ്പിച്ചിട്ടുണ്ട്. അതുവഴി സിഗ്നല്‍ കാര്യക്ഷമത വര്‍ധിപ്പിക്കുകയും സമയ നിയന്ത്രണം കാണിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാല്‍നട യാത്രക്കാരുടെ വേഗതയെ അടിസ്ഥാനമാക്കി തത്സമയം സിഗ്നല്‍ സമയം സ്വയം ക്രമീകരിക്കുന്ന ഡൈനാമിക് സെന്‍സറുകളാണ് സ്മാര്‍ട്ട് സിഗ്നലുകളില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഇത് മുതിര്‍ന്ന പൗരന്മാര്ക്കും, നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കും കുട്ടികള്‍ക്കും സുരക്ഷ വര്‍ധിപ്പിക്കുന്നതിനൊപ്പം അനാവശ്യ വാഹന സ്റ്റോപ്പുകള്‍ കുറയ്ക്കുന്നതിലൂടെ ഗതാഗത പ്രവാഹം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മാട്രിക്സ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍ടിഎ ഇത്തരം സിഗ്നലുകള്‍ ആവശ്യമായ സ്ഥലങ്ങള്‍ തിരഞ്ഞെടുത്തത്.