
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ബാങ്ക് രേഖകളില്‍ ഒപ്പിടാന്‍ സ്വന്തം പേന ഉപയോഗിക്കണമെന്ന് ദുബൈ പൊലീസ്
ദുബൈ: ബാങ്ക് ലോണുകള്‍ക്കായി കൃതൃമ രേഖകളില്‍ ഒപ്പിട്ടുവാങ്ങി തട്ടിപ്പ് നടത്തിയയാളെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് വായ്പകള്‍ നേടാന്‍ സഹായിക്കാമെന്ന് ആളുകളെ വിശ്വസിപ്പിക്കുകയും തുടര്‍ന്ന് അച്ചടിച്ച വ്യാജ രേഖകളില്‍ ‘മാജിക് ഇങ്ക്’ ഉപയോഗിച്ച് ഒപ്പിട്ടു വാങ്ങി കബളിപ്പിക്കുകയും ചെയ്ത ഏഷ്യന്‍ വംശജനെയാണ് ദുബൈ പൊലീസ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ക്രിമിനോളജിയിലെ ഫ്രോഡ് പ്രിവന്‍ഷന്‍ ടീം പിടികൂടിയത്. വ്യാജ ബിസിനസ് കാര്‍ഡുകളും ജോബ് ഐഡിയും ഉപയോഗിച്ച് ബാങ്ക് ജീവനക്കാരനായി ആള്‍മാറാട്ടം നടത്തിയാണ് ഇയാള്‍ പലരെയും വഞ്ചിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഇരകളെ തെറ്റിദ്ധരിപ്പിക്കാന്‍ തട്ടിപ്പുകാരന് രണ്ടു വഞ്ചനകള്‍ പ്രയോഗിച്ചതായി പൊലീസ് കണ്ടെത്തി. ഒന്ന് പണത്തിന് പകരമായി ‘അക്കൗണ്ട് തുറക്കല്‍ ഫീസ്’ പോലുള്ള രേഖകളില്‍ ഒപ്പിട്ടു വാങ്ങുക, ഇരകളില്‍നിന്ന് ഒരു ചെക്ക് വാങ്ങുക,സാധാരണ പേന ഉപയോഗിച്ച് ഒപ്പിടുമ്പോള്‍ മാജിക് ഇങ്ക് ഉപയോഗിച്ച് ചെക്ക് വിശദാംശങ്ങള്‍ എഴുതുക എന്നതായിരുന്നു രണ്ടാമത്തെ തന്ത്രം. മഷി അപ്രത്യക്ഷമാകുമ്പോള്‍ ചെക്കിലെ പേരുകളില്‍ മാറ്റംവരുത്തി ബാങ്ക് ബാലന്സുകളെക്കുറിച്ചുള്ള തന്റെ അറിവ് ഉപയോഗിച്ച് തുകയില്‍ മാറ്റം വരുത്തുകയും പണം തട്ടിയെടുക്കുകയുമായിരുന്നു. ഇത്തരം ആധുനിക തട്ടിപ്പ് തന്ത്രങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ് പൊതുജനങ്ങളോട് അഭ്യര്ത്ഥി ച്ചു. പണത്തിനു പകരമായി ബാങ്കിങ് ഇടപാടുകള്‍ സുഗമമാക്കാമെന്ന് അവകാശപ്പെടുന്ന അനൗദ്യോഗിക സ്ഥാപനങ്ങളുമായോ വ്യക്തികളുമായോ ഇടപഴകരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്കി.
ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ ഔദ്യോഗിക ഐഡന്റിറ്റി പരിശോധിക്കണം. കൂടാതെ ഏതെങ്കിലും ഫോമുകളോ ചെക്കുകളോ പൂരിപ്പിക്കാന്‍ സ്വന്തം പേന തന്നെ ഉപയോഗിക്കണം. സമീപിക്കുന്ന വ്യക്തികളെക്കുറിച്ചു സംശയങ്ങളുണ്ടെങ്കില്‍ ഉറപ്പുവരുത്താന്‍ ധനകാര്യ സ്ഥാപനവുമായി നേരിട്ടു ബന്ധപ്പെടണമെന്നും ദുബൈ പൊലീസ് നിര്‍ദേശിച്ചു.
സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതോ മറ്റുള്ളവരില്‍ നിന്ന് നിയമവിരുദ്ധമായി പണം കൈക്കലാക്കാന്‍ ശ്രമിക്കുന്നതോ ആയ തട്ടിപ്പുകാരെ പിടികൂടാന്‍ ദുബൈ പൊലീസിന്റെ സ്മാര്‍ട്ട് ആപ്പ് അല്ലെങ്കില്‍ ഇ ക്രൈം പ്ലാറ്റ്ഫോം ഉപയോഗിച്ച് സൈബര്‍ കുറ്റകൃത്യങ്ങള്‍ ഉടന്‍ അറിയിക്കണമെന്ന് പൊലീസ് പൊതുജനങ്ങളെ ഓര്‍മിപ്പിച്ചു.