
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
എസ്ബിഎ പവലിയനിലേക്ക് സന്ദര്‍ശക പ്രവാഹം
ഷാര്‍ജ: അറബ്,ഇമാറാത്തി സാഹിത്യ പൈതൃകം വരച്ചുകാട്ടി റിയോ ഇന്റര്‍നാഷണല്‍ ബുക് ഫെയറില്‍ ഷാര്‍ജ ബുക് അതോറിറ്റി. ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും വലിയ പുസ്തകോത്സവത്തില്‍ ഷാര്‍ജയുടെ പവലിയന് സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രമായിരിക്കുകയാണ്. ലോക പുസ്തക തലസ്ഥാനമെന്ന നിലയില്‍ അതുല്യമായ സാംസ്കാരിക അനുഭവമാണ് റിയോ ബുക് ഫെയറില്‍ ഷാര്‍ജ പങ്കുവക്കുന്നത്. ഷാര്‍ജ ബുക് അതോറിറ്റി (എസ്ബിഎ) ചെയര്‍പേഴ്സണ്‍ ശൈഖ ബോദൂര്‍ ബിന്ത് സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ നേതൃത്വത്തില്‍ അറബ്-ഇമാറാത്തി സാഹിത്യ സമ്പന്നത ഉയര്‍ത്തിക്കാട്ടാന്‍ ഈ ആഗോള പ്ലാറ്റ്ഫോം ഷാര്‍ജ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ട്.
ഏറ്റവും പുതിയ ഇമാറാത്തി നോവലുകളും കഥകളും മറ്റു പുസ്തകങ്ങളും അറബ് സംസ്കാരത്തിലേക്ക് വെളിച്ചം വീശുന്നതാണ്. പോര്‍ച്ചുഗീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത നിരവധി ഇമാറാത്തി പുസ്തകങ്ങളും എസ്ബിഎയുടെ സ്റ്റാളിലുണ്ട്. ഈ വര്‍ഷത്തെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഘോഷ വേളയിലാണ് ഷാര്‍ജയുടെ പങ്കാളിത്തം. 2019ലും ഷാര്ജക്കായിരുന്നു ഈ പദവി. ലോകമെമ്പാടും അറിവ് പ്രചരിപ്പിക്കുന്നതിനും വായന പ്രോത്സാഹിപ്പിക്കുന്നതിനും സംഭാവന നല്കുന്ന രാജ്യങ്ങള്‍ക്കാണ് ഈ ബഹുമതി ലഭിക്കുക. യുഎഇയിലെയും അറബ് ലോകത്തെയും സംസ്കാരത്തിന്റെ വൈവിധ്യത്തിലേക്ക് എസ്ബിഎയുടെ പവലിയന് സന്ദര്‍ശകരുടെ ശ്രദ്ധ ക്ഷണിക്കുന്നു. അന്താരാഷ്ട്ര പ്രസാധകര്,വിവര്‍ത്തകര്‍,സാംസ്കാരിക സംഘടനകള്‍ എന്നിവരുമായി സജീവമായി കൂടിക്കാഴ്ചകളും പവലിയനില്‍ നടക്കുന്നു. അറബ് പുസ്തകങ്ങള്‍ കൂടുതല്‍ ആഗോള വായനക്കാരിലേക്ക് എത്തിക്കുന്നതിന് അവസരമൊരുക്കുകയാണ് ഷാര്‍ജ. അതേസമയം ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍,ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവല്‍ തുടങ്ങിയ പ്രധാന അന്താരാഷ്ട്ര പരിപാടികളിലേക്ക് പ്രമുഖ പ്രസാധകരെ ക്ഷണിക്കാനും എസ്ബിഎ ഈ അവസരം ഉപയോഗപ്പെടുത്തുന്നു.