സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്
ഡോ.താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി മന്ത്രി

ദുബൈ: വിദേശ വ്യാപാരത്തിനായി യുഎഇയില്‍ പുതിയ മന്ത്രാലയം പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്. ഡോ.താനി ബിന്‍ അഹമ്മദ് അല്‍ സെയൂദിയെ വിദേശ വ്യാപാര മന്ത്രിയായും ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു. അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി നേതൃത്വം നല്കുന്ന സാമ്പത്തിക മന്ത്രാലയത്തിന്റെ പേര് സാമ്പത്തിക,ടൂറിസം മന്ത്രാലയം എന്നാക്കി മാറ്റിയതായും അദ്ദേഹം പ്രഖ്യാപിച്ചു.
അടുത്ത ജനുവരി മുതല്‍ കാബിനറ്റ്,മിനിസ്റ്റീരിയല്‍ ഡെവലപ്മെന്റ് കൗണ്‍സില്‍,ഫെഡറല്‍ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ കമ്പനികളുടെയും എല്ലാ ഡയരക്ടര്‍ ബോര്‍ഡുകളുടെയും ഉപദേശകരായി നാഷണല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിസ്റ്റത്തെയും പ്രഖ്യാപിച്ചു. ഈ കൗണ്‍സിലുകളില്‍ തീരുമാനമെടുക്കുന്നതിനെ പിന്തുണയ്ക്കുക,അവരുടെ തീരുമാനങ്ങള്‍ ഉടനടി വിശകലനം നടത്തുക,സാങ്കേതിക ഉപദേശം നല്‍കുക,എല്ലാ മേഖലകളിലും ഈ കൗണ്‍സിലുകള്‍ സ്വീകരിക്കുന്ന സര്‍ക്കാര്‍ നയങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.
നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ലോകത്തെക്കുറിച്ചും ‘വരും ദശകങ്ങള്‍ക്കായി തയാറെടുക്കേണ്ടതിന്റെയും,ഭാവി തലമുറകള്‍ക്ക് അഭിവൃദ്ധിയും മാന്യമായ ജീവിതവും ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും യുഎഇ പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. മികച്ച ഭരണ വൈഭവമുള്ള മന്ത്രി ഡോ.താനി ബിന്‍ അഹമ്മദ് അ ല്‍ സെയൂദി 2016 ഫെബ്രുവരി മുതല്‍ 2020 ജൂലൈ വരെ യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രിയായിരുന്നു. തുടര്‍ന്ന് വിദേശ വ്യാപാര സഹമന്ത്രിയായി സേവനമനുഷ്ഠിച്ചു. രാജ്യത്തിന്റെ എണ്ണ ഇതര വിദേശ വ്യാപാരത്തിന്റെ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നതിനും ആഗോള വ്യാപാര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും യുഎഇ കയറ്റുമതിയുടെ അളവ് വര്‍ധിപ്പിക്കുന്നതിനും അദ്ദേഹത്തിന്റെ ഭരണമികവ് ഏറെ സഹായകമായിട്ടുണ്ട്.
യുഎഇയുടെ പ്രധാന അന്താരാഷ്ട്ര പങ്കാളികളുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകള്‍ (സിഇപിഎ) സംബന്ധിച്ച് അദ്ദേഹം നടത്തിയ ചര്‍ച്ചകള്‍ ശ്രദ്ധേയമാണ്. 2030 ആകുമ്പോഴേക്കും കയറ്റുമതി 50 ശതമാനമെങ്കിലും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള തന്ത്രപരമായ ഇടപെടലയാരുന്നു അത്. ഇത്തരം കരാറുകളില്‍ ആദ്യത്തേതായിരുന്നു 2022 മെയ് മാസത്തില്‍ ഇന്ത്യയുമായി ഒപ്പുവച്ച കരാര്‍. 2024 ഫെബ്രുവരിയില്‍ അബുദാബിയില്‍ ആതിഥേയത്വം വഹിച്ച ലോക വ്യാപാര സംഘടനയുടെ (എംസി 13) 13ാമത് മന്ത്രിതല സമ്മേളനത്തിന്റെ ചെയര്‍മാനും ഡോ.താനി അല്‍ സെയൂദിയായിരുന്നു. ഇതിലൂടെ ആഗോള വ്യാപാര നയതന്ത്രത്തില്‍ അദ്ദേഹത്തിന്റെ പങ്ക് കൂടുതല്‍ അംഗീകരിക്കപ്പെട്ടു. ആഗോള വാണിജ്യത്തെ പ്രോത്സാഹിപ്പിക്കുന്ന വ്യാപാര കരാറുകളുടെ പ്രധാന പാക്കേജായ അബുദാബി പ്രഖ്യാപനം സമ്മേളനം വിജയകരമായാണ് അന്നു പാസാക്കിയത്.