
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
സംഘര്‍ഷം വേഗത്തില്‍ അവസാനിപ്പിക്കണമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ.അന്‍വര്‍ ഗര്‍ഗാഷ്
അബുദാബി: ഇറാന്-ഇസ്രാഈല്‍ സംഘര്‍ഷം വേഗത്തില്‍ അവസാനിപ്പിക്കണമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ.അന്‍വര്‍ ഗര്‍ഗാഷ് ആവശ്യപ്പെട്ടു. പ്രതിസന്ധി നീണ്ടുനിന്നാല്‍ ‘ദുഷ്കരമായ അനന്തരഫലങ്ങള്‍’ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. യുദ്ധം ഗള്‍ഫ് മേഖലയെ ‘പിറകോട്ട്’ നയിക്കുകയാണ്. ഒരു യുദ്ധം എത്രത്തോളം നീണ്ടുനില്‍ക്കുന്നുവോ അത്രത്തോളം അത് കൂടുതല്‍ അപകടകരമാകും. ഇസ്രാഈലും ഇറാനും തമ്മിലുള്ള നീണ്ട ഏറ്റുമുട്ടലുകളും യുദ്ധവും ദുഷ്കരമായ അനന്തരഫലങ്ങള്‍ മാത്രമേ ഉണ്ടാക്കുകയുള്ളൂവെന്നും ഗര്‍ഗാഷ് പറഞ്ഞു.
യുഎസ് വ്യോമാക്രമണത്തിന് മുമ്പ് ചര്‍ച്ച നടത്താന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന് ‘പരമാവധി’ രണ്ടാഴ്ച സമയം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആക്രമണത്തിനിടയില്‍ ചര്‍ച്ചകള്‍ക്കില്ലെന്ന് തെഹ്റാനും വ്യക്തമാക്കിയിരിക്കുകയാണ്. നിലപാടുകളില്‍ തീവ്രത കുറയ്ക്കേണ്ട സാഹചര്യമാണിത്. വിഷയത്തില്‍ ഇനിയും ചര്‍ച്ച സാധ്യമാണെന്നാണ് യുഎഇ ഇപ്പോഴും കരുതുന്നത്.
2003ല്‍ സദ്ദാം ഹുസൈനെ അട്ടിമറിച്ചെങ്കിലും രാജ്യത്തെ വിഭജിക്കുകയും അസ്ഥിരപ്പെടുത്തുകയും ചെയ്ത യുഎസ് നേതൃത്വത്തിലുള്ള ഇറാഖ് അധിനിവേശത്തിന്റെ പ്രത്യാഘാതങ്ങള്‍ മിഡില്‍ ഈസ്റ്റ് ഇപ്പോഴും നേരിടുകയാണെന്നും ഗര്‍ഗാഷ് ഓര്‍പ്പെടുത്തി. ആഗോള എണ്ണ ഉത്പാദനത്തിന്റെ അഞ്ചിലൊന്ന് വഹിക്കുന്ന ഇറാനും അറേബ്യന്‍ പെനിന്സുലയും തമ്മിലുള്ള ഹോര്‍മുസ് കടലിടുക്കിനെ തടസപ്പെടുത്തുന്നതാണ് നിലവിലെ യുദ്ധത്തിന്റെ പ്രധാന അപകടം. ഈ യുദ്ധം ഗള്‍ഫ് രാജ്യങ്ങള്‍ കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്ന പ്രാദേശിക ക്രമത്തിന് വിരുദ്ധമാണെന്നും യുഎഇ മാത്രമല്ല,മിഡിലീസ്റ്റിലെ എല്ലാ രാജ്യങ്ങളെയും ഇത് പിറകോട്ട് വലിക്കുമെന്നും ഗര്‍ഗാഷ് കൂട്ടിച്ചേര്‍ത്തു.