
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
പിതൃദിനത്തില്‍ ശൈഖ് റാഷിദിന്റെ ഓര്‍മകളില്‍ വികാരഭരിതനായി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം
ദുബൈ: ‘എന്റെ പിതാവില്‍ നിന്ന് പഠിച്ചെടുത്ത പാഠങ്ങളാണ് എന്റെ ജീവിതം, ഞാന്‍ എന്റെ പിതാവിന്റെ പൊരുളാണ്’ ഫാദേഴ്സ് ഡേയില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്റെ പിതാവ് ശൈഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂമിനെ ഓര്‍ത്തെടുത്ത് എക്സില്‍ കുറിച്ച വികാരനിര്‍ഭരമായ വരികളാണിത്. ‘അല്ലാഹു എന്റെ പിതാവിനോട് കരുണ കാണിക്കട്ടെ. എന്റെ പിതാവിന്റെ ജ്ഞാനത്തെയും ഉള്‍ക്കാഴ്ചയെയും കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം അദ്ദേഹത്തിന്റെ ജീവിതവും യാത്രയുമെല്ലാം മനസില്‍ കടന്നുവരുന്നു. ഞാന്‍ അദ്ദേഹത്തില്‍ നിന്ന് എത്രമാത്രം പഠിച്ചുവെന്നും അദ്ദേഹത്തിന്റെ വ്യക്തിത്വം എന്നെ എത്രമാത്രം സ്വാധീനിച്ചുവെന്നും ഞാന്‍ മനസിലാക്കുന്നു.
ജീവിതത്തിന്റെ ലാളിത്യം,ആത്മനിയന്ത്രണം,നിസാര കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കുക തുടങ്ങിയവ ഞാന്‍ എന്റെ പിതാവില്‍ നിന്ന് പഠിച്ചു’. എപ്പോള്‍ കര്‍ശനമായി പെരുമാറണം,എപ്പോള്‍ സൗമ്യത പുലര്‍ത്തണം എന്നെല്ലാം ഞാന്‍ അദ്ദേഹത്തില്‍ നിന്ന് പഠിച്ചു. നാട്യങ്ങളിലാത്തെ മാന്യത പുലര്‍ത്താനും,അറിയാത്തവരോടും സഹിഷ്ണുത പുലര്‍ത്താനും എല്ലാവരോടും ദയ കാണിക്കാനും പിതാവിന്റെ ജീവിതം എന്നെ പഠിപ്പിച്ചു. അദ്ദേഹത്തിന്റെ സാന്നിധ്യം കൊണ്ടുമാത്രമാണ് ഇപ്പോഴും എല്ലാവരില്‍ നിന്നും എനിക്ക് ബഹുമാനം ലഭിച്ചുകൊണ്ടിരിക്കുന്നത്.
അപൂര്‍വമായി മാത്രമാണ് പിതാവ് ദേഷ്യപ്പെടുകയോ വികാരഭരിതനാകുകയോ ചെയ്തിരുന്നത്. സദുദ്ദേശ്യക്കാരനും സൗമ്യനുമായിരുന്നു അദ്ദേഹം. വഞ്ചന അദ്ദേഹത്തിന് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. ഒന്നിനെയും അദ്ദേഹം ഭയപ്പെടുകയോ പരിഭ്രാന്തനാകുകയോ ചെയ്തിരുന്നില്ല. മറിച്ച് സ്ഥിരതയുള്ളവനും ആത്മവിശ്വാസമുള്ളവനും ശാന്തനുമായിരുന്നു.
എന്റെ കുടുംബത്തെയും ബന്ധുക്കളെയും സഹോദരന്മാരെയും സ്നേഹിക്കാനും എന്റെ സഹോദരിമാരോട് അടുപ്പം പുലര്‍ത്താനും ഞാന്‍ എന്റെ പിതാവില്‍ നിന്നാണ് പഠിച്ചത്. ഇപ്പോഴും ഞാനത് തുടരുകയാണ്. ഒരു നേതാവിനെ രൂപപ്പെടുത്തുകയും ഒരു തലമുറയെ പ്രചോദിപ്പിക്കുകയും ചെയ്ത മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവം. ശാന്തമായ ശക്തിയെക്കുറിച്ചുള്ള അപൂര്‍വ ഉള്‍ക്കാഴ്ച പിതാവിനുണ്ടായിരുന്നു. ജ്ഞാനം,വിനയം,അച്ചടക്കം എന്നിവ പിതാവിന്റെ ജീവിതത്തിലും നേതൃഗുണത്തിലും പ്രകടമായ സദ്ഗുണങ്ങളായിരുന്നുവെന്നും അദ്ദേഹത്തിന്റെ ജീവിതപ്പൊരുളാണ് താനെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്സില്‍ കുറിച്ചു. ഉടന്‍ പ്രസിദ്ധീകരിക്കുന്ന ശൈഖ് മുഹമ്മദിന്റെ ‘ലൈഫ് ടോട്ട് മി’യുടെ ഒമ്പതാം അധ്യായത്തില്‍ എഴുതിയ പിതാവിനെ കുറിച്ചുള്ള ഓര്‍മകളുടെ തീരത്തേക്കാണ് എക്സിലൂടെ അദ്ദേഹം വായനക്കാരെ കൂട്ടിക്കൊണ്ടുപോയത്.