
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ഭരണകൂടത്തിനെതിരെയുള്ള വിധിയെഴുത്ത്: വേള്‍ഡ് കെഎംസിസി
ഫുജൈറ: നിലമ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്തിന്റെ ഉജ്വല വിജയം കേരളം ഭരിക്കുന്ന പിണറായി വിജയന് ഭരണകൂടത്തിനെതിരായ വിധിയെഴുത്താണെന്ന് വേള്‍ഡ് കെഎസിസി പ്രസിഡന്റ് കെപി മുഹമ്മദ് കുട്ടിയും ജനറല്‍ സെക്രട്ടറി ഡോ.പൂത്തൂര്‍ റഹ്മാനും ട്രഷറര്‍ യുഎ നസീറും പ്രസ്താവനയില്‍ പറഞ്ഞു. യുഡിഎഫിന്റെ ഐക്യത്തിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെയും ഫലമാണ് ഈ വിജയം. യുഡിഎഫ് പ്രവര്‍ത്തകര്‍,നേതാക്കള്‍,അനുഭാവികള്‍ എന്നിവരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് പ്രതികൂല സാഹചര്യങ്ങളെ പോലും നിഷ്പ്രഭമാക്കിയ മിന്നും വിജയമെന്നും നേതാക്കള്‍ പറഞ്ഞു.
ഗള്‍ഫ് നാടുകളിലെ മലയാളി പ്രവാസികളുടെ അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും ഈ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. പ്രവാസി സമൂഹത്തിന്റെ ശബ്ദവും ആവശ്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ വേള്‍ഡ് കെഎംസിസി എന്നും മുമ്പിലുണ്ട്. യുഡിഎഫിന്റെ വിജയം നിലമ്പൂരിന്റെ വികസനത്തിനും പുരോഗതിക്കും മാത്രമല്ല,മതേതര കേരളത്തിന്റെ വീണ്ടെടുപ്പിനും അനിവാര്യമാണെന്ന വസ്തുത കെഎംസിസി പ്രവര്‍ത്തകരും അനുഭാവികളും നിലമ്പൂരിലെ വോട്ടര്‍മാരെ ബോധ്യപ്പെടുത്തി. ഈ ശ്രമങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതില്‍ വിജയിച്ചു, പ്രത്യേകിച്ച് പ്രവാസി കുടുംബങ്ങള്‍ക്കിടയില്‍ ഇത് വലിയ സ്വാധീനം ചെലുത്തിയെന്നും വേള്‍ഡ് കെഎംസിസി നേതാക്കള്‍ വ്യക്തമാക്കി.
നിലമ്പൂരിലെ ഈ വിജയം അടുത്ത വര്‍ഷം നടക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നാഴികക്കല്ലാണ്. കേരളത്തിലെ ജനങ്ങളുടെ പ്രത്യേകിച്ച് പ്രവാസി സമൂഹത്തിന്റെ, ആവശ്യങ്ങള്‍ നിറവേറ്റാന്‍ യുഡിഎഫിനൊപ്പം വേള്‍ഡ് കെഎംസിസി ഉറച്ചുനില്‍ക്കുമെന്നും ഈ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ച യുഡിഎഫ് നേതൃത്വത്തിനും പ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും പ്രവാസി സമൂഹത്തിനും വേള്‍ഡ് കെഎംസിസി ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നതായും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.