
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ആറു കോടി രൂപ കൈമാറി
ദുബൈ: ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആകാശ ദുരന്തങ്ങളിലൊന്നായ അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ജീവന് പൊലിഞ്ഞ ബിജെ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കുമുള്ള ഡോ.ഷംഷീര്‍ വയലിന്റെ ആറ് കോടി രൂപയുടെ സഹായ പാക്കേജ് കൈമാറി. ക്യാമ്പസില്‍ നടന്ന ലളിതമായ ചടങ്ങില്‍ മെഡിക്കല്‍ കോളജ് ഡീന്‍ ഡോ.മീനാക്ഷി പരീഖ്,ആശുപത്രി സൂപ്രണ്ട് ഡോ.രാകേഷ് എസ്.ജോഷി,ജൂനിയര്‍ ഡോക്ടേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സഹായധനം നല്‍കിയത്. എയര്‍ ഇന്ത്യ ദുരന്തം ആഘാതമേല്പിച്ചവര്‍ക്ക് ലഭിക്കുന്ന ആദ്യ സാമ്പത്തിക സഹായമാണ് വിപിഎസ് സ്ഥാപകനും ചെയര്‍മാനുമായ ഡോ.ഷംഷീറിന്റേത്. ദുരന്തത്തില്‍ ജീവന് നഷ്ടപെട്ട നാലു യുവ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി.
മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നുള്ള ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്ന ആര്യന് രജ്പുത്,രാജസ്ഥാനിലെ ശ്രീഗംഗാനഗറിലെ മാനവ് ഭാദു,ബാര്‍മറിലെ ജയപ്രകാശ് ചൗധരി,ഗുജറാത്തിലെ ഭാവ്നഗറിലെ രാകേഷ് ഗോബര്‍ഭായ് ദിയോറ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് സഹായം ലഭിച്ചത്. ‘കര്‍ഷക കുടുംബമാണ് തങ്ങളുടേത്. കുടുംബത്തിലെ ആദ്യ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു അവന്. കുട്ടികളെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന അവന് പീഡിയാട്രിക് ഹാര്‍ട്ട് സര്ജന് ആകണമെന്നായിരുന്നു ആഗ്രഹം. ഈ ദുരന്തം ഞങ്ങള്‍ക്ക് താങ്ങാനായില്ല. നാലു സഹോദരിമാരാണ് ഞങ്ങള്‍ക്ക്. അച്ഛന് രോഗിയാണ്. അവനായിരുന്നു ഞങ്ങളുടെ പ്രതീക്ഷ മുഴുവനും ചിറകിലേറ്റിയത്. അതിനാല്‍ തന്നെ, ഈ സഹായവും ഞങ്ങള്‍ക്ക് വളരെ വലുതാണ്. അപകടത്തില്‍ മരിച്ച രണ്ടാം വര്‍ഷ വിദ്യാര്‍ഥി രാകേഷ് ദിയോറയുടെ സഹോദരന് വിപുല്‍ ഭായ് ഗോബര്‍ഭായ് ദിയോറ പറഞ്ഞു.
അപകടത്തില്‍ ഉറ്റവരെ നഷ്ടമായ ഡോക്ടര്‍മാര്‍ക്കും സഹായം നല്കി. ഭാര്യയെയും ഭാര്യാ സഹോദരനെയും നഷ്ടപെട്ട ന്യൂറോ സര്‍ജറി റസിഡന്റ് ഡോ.പ്രദീപ് സോളങ്കി,മൂന്ന് കുടുംബാംഗങ്ങളെ നഷ്ടമായ സര്‍ജിക്കല്‍ ഓങ്കോളജി റസിഡന്റ് ഡോ.നീല്‍കാന്ത് സുത്താര്‍,സഹോദരനെ നഷ്ടമായ ബിപിടി വിദ്യാര്‍ഥി ഡോ.യോഗേഷ് ഹദാത്ത് എന്നിവര്‍ ഇതിലുള്‍പ്പെടുന്നു. മരിച്ച ഓരോ ബന്ധുവിനും 25 ലക്ഷം രൂപ വീതമാണ് നല്‍കിയത്.
പൊള്ളല്‍,ഒടിവ്,ആന്തരികാഘാതം എന്നിവ മൂലം അഞ്ചോ അതിലധികമോ ദിവസങ്ങള്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്ന 14 പേര്‍ക്ക് 3.5 ലക്ഷം രൂപയുടെ സഹായവും നല്കി. ഡീനുമായുള്ള കൂടിയാലോചനക്ക് ശേഷം ജൂനിയര്‍ ഡോക്ടര്‍സ് അസോസിയേഷന് നിര്‍ദേശിച്ചവര്‍ക്കാണ് സഹായം നല്‍കിയത്. ഗുരുതരമായി പൊള്ളലേറ്റ ഡോ.കെല്‍വിന്‍ ഗമേറ്റി,ഡോ.പ്രഥം കോല്‍ച്ച,ഫാക്കല്‍റ്റി അംഗങ്ങളുടെ ബന്ധുക്കളായ മനീഷബെന്‍,അവരുടെ 8 മാസം പ്രായമുള്ള മകന് തുടങ്ങിയവരും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ‘ഈ ദുരന്തത്തില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല. മെഡിക്കല്‍ സമൂഹം മുഴുവനായും നിങ്ങളോടൊപ്പമുണ്ട്’. കുടുംബങ്ങള്‍ക്ക് കൈമാറിയ കത്തില്‍ ഡോ. ഷംഷീര്‍ ഉറപ്പ് നല്കി. ഇത്തരം വേളകളില്‍ വൈദ്യ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കുമെന്നതിന്റെ ഓര്‍മപ്പെടുത്തലാണ് ഈ ഐക്യദാര്‍ഢ്യമെന്ന് ഡോ.മീനാക്ഷി പരീഖും ജൂനിയര്‍ ഡോക്ടേഴ്സ് അസോസിയേഷനും പറഞ്ഞു. സഹായ വിതരണ ചടങ്ങിന് ശേഷം ദുരന്തത്തില്‍ മരിച്ച ബിജെ മെഡിക്കല്‍ കോളജില്‍ നിന്നുള്ളവര്‍ക്കായി നടത്തിയ പ്രത്യേക പ്രാര്‍ത്ഥനയില്‍ അധ്യാപകര്‍,വിദ്യാര്‍ഥികള്‍,മറ്റ് ജീവനക്കാര്‍ പങ്കെടുത്തു. ജൂണ്‍ 12നാണ് ബിജെ മെഡിക്കല്‍ കോളജിലെ അതുല്യം ഹോസ്റ്റല്‍ സമുച്ചയത്തിലേക്ക് എയര്‍ ഇന്ത്യ ഫ്ളൈറ്റ് 171 ഇടിച്ചിറങ്ങിയത്.
വ്യക്തിപരമായി ആഘാതമേല്‍പ്പിച്ച സംഭവത്തില്‍ മെഡിക്കല്‍ സമൂഹം ഒപ്പമുണ്ടെന്നറിയിച്ച് ആരോഗ്യ സംരംഭകനായ ഡോ.ഷംഷീര്‍ ജൂണ്‍ 17ന് സഹായ സന്നദ്ധതയറിയിച്ചു. പ്രഖ്യാപിച്ച് ഒരാഴ്ച്ച തികയുമ്പോള്‍ തന്നെ ഇത് എത്തിക്കാനായത് കുടുംബങ്ങള്‍ക്ക് സഹായകരമാകുമെന്നാണ് പ്രതീക്ഷ. ദുരന്തത്തിന് ശേഷം അടച്ച കോളജിലെ അധ്യയന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ഉടനാണ് സഹായം നല്‍കാനായി ഡോ.ഷംഷീറിന്റെ നിര്‍ദേശപ്രകാരം വിപിഎസ് ഹെല്‍ത്ത് സംഘം അഹമ്മദാബാദില്‍ എത്തിയത്.