
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: ലോകത്തിലെ ഏറ്റവും മികച്ച സ്കൂളുകളുകള്ക്കുള്ള ടി 4 എജ്യൂക്കേഷന്‍ അവാര്‍ഡിന്റെ ഫൈനല്‍ റൗണ്ടില്‍ യുഎഇയിലെ മൂന്ന് സ്കൂളുകള്‍. ജുമൈറ പാര്‍ക്കിലെ ദുബൈ ബ്രിട്ടീഷ് സ്കൂള്‍,ദുബൈ അല്‍ ഫുര്‍ജാനിലെ അര്‍ബര്‍ സ്കൂള്‍,ഉമ്മുല്‍ ഖുവൈനിലെ അപ്ലൈഡ് ടെക്നോളജി സ്കൂള്‍ എന്നിവയാണ് പത്ത് ഫൈനലിസ്റ്റുകളില്‍ ഇടം നേടിയത്. കമ്മ്യൂണിറ്റി സഹകരണം,പരിസ്ഥിതി പ്രവര്‍ത്തനം,നവീകരണം,പ്രതികൂല സാഹചര്യങ്ങളെ മറികടക്കല്‍,ആരോഗ്യകരമായ ജീവിതത്തെ പിന്തുണയ്ക്കല് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലെ വിജയികളെ വിദഗ്ധ പാനല്‍ തിരഞ്ഞെടുക്കും. അഞ്ച് സമ്മാനങ്ങളിലായി ഫൈനലിസ്റ്റുകളായ 50 സ്കൂളുകളും കമ്മ്യൂണിറ്റി ചോയ്സ് അവാര്‍ഡ് ജേതാവിനെ നിര്‍ണയിക്കുന്നതിനുള്ള പൊതു വോട്ടെടുപ്പില്‍ പങ്കെടുക്കും. ആറ് വിജയികളെയും ഒക്ടോബറില്‍ പ്രഖ്യാപിക്കും. ദുബൈ ബ്രിട്ടീഷ് സ്കൂള്‍ കമ്മ്യൂണിറ്റി സഹകരണം വിഭാഗത്തിലും അര്‍ബര്‍ സ്കൂള്‍(പരിസ്ഥിതി പ്രവര്‍ത്തനം),അപ്ലൈഡ് ടെക്നോളജി സ്കൂള്‍(നവീകരണം) എന്നീ വിഭാഗങ്ങളിലുമാണ് മത്സരിക്കുന്നത്. ചരിത്രത്തില്‍ ഇതാദ്യമായാണ് അന്താരാഷ്ട്ര സ്കൂള്‍ അവാര്‍ഡിന്റെ ഫൈനല്‍ റൗണ്ടില്‍ യുഎഇയില്‍ നിന്നുള്ള സ്കൂളുകള്‍ ഇടംനേടുന്നത്.
താലീം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ദുബൈ ബ്രിട്ടീഷ് സ്കൂള്‍ സമൂഹത്തെയും പ്രത്യേകിച്ച് രക്ഷിതാക്കളെയും സ്കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ സമന്വയിപ്പിക്കുന്ന കമ്മ്യൂണിറ്റിഫസ്റ്റ് മോഡലിന് അംഗീകാരം നേടിയിട്ടുണ്ട്. ഉള്‍ക്കൊള്ളല്‍,സര്‍ഗാത്മകത,വിദ്യാര്‍ഥി ക്ഷേമം എന്നിവയില്‍ ശക്തമായ ഊന്നല്‍ നല്‍കിക്കൊണ്ടാണ് ദുബൈ ബ്രിട്ടീഷ് സ്കൂള്‍ പഠന പദ്ധതികള്‍ നടപ്പാക്കുന്നത്. പാഠ്യപാഠ്യേതര മേഖലകളില്‍ നിരന്തരം 100 ശതമാനം വിജയവും സ്കൂളിനെ തേടിയെത്തുന്നു. മികച്ച പെര്‍ഫോമിങ് ആര്‍ട്സ് സ്കൂളായി ദുബൈ ബ്രിട്ടീഷ് സ്കൂളിനെ ഈയിടെ തിരഞ്ഞെടുത്തിരുന്നു. ബാഴ്സലോണയുടെ ഫുട്ബോള്‍ എസ്കോള മുതല്‍ മിഷേലിന്സ്റ്റാര് ചെയ്ത ഷെഫുകള്‍ വരെയുള്ള സ്കൂളിന്റെ നൂതന പങ്കാളിത്തങ്ങള്‍ ക്ലാസ്മുറിക്കപ്പുറവും ഊര്‍ജസ്വലമായ പഠനാന്തരീക്ഷം സൃഷ്ടിക്കാന്‍ സഹായിക്കുന്നു. പരിസ്ഥിതി വിദ്യാഭ്യാസത്തില്‍ മികച്ച മാനദണ്ഡങ്ങള്‍ പാലിച്ചാണ് അര്‍ബര്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. സ്കൂളിന്റെ പരിസ്ഥിതി സാക്ഷരതാ പാഠ്യപദ്ധതി വിദ്യാര്‍ഥികളെ അന്വേഷണാധിഷ്ഠിത പഠനത്തിലൂടെ ലോകത്തിലെ സുസ്ഥിരതാ വെല്ലുവിളികളെ അടുത്തറിയാന്‍ സഹായിക്കുന്നു. സ്കൂളിന്റെ ആറ് ബയോഡോമുകള്‍ ലിവിങ് ലാബുകളായി പ്രവര്‍ത്തിക്കുന്നു. കൂടാതെ അതിലെ വിദ്യാര്‍ഥികള്‍ കോപ്28ല്‍ അവരുടെ പ്രൊജക്ടുകള്‍ പോലും അവതരിപ്പിച്ചിട്ടുണ്ട്. പരിസ്ഥിതി മാറ്റത്തോട് അഭിനിവേശവും ഉത്തരവാദിത്തവുമുള്ള ആഗോള പൗരന്മാരാകാന് വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുന്ന രീതിയിലാണ് അര്ബറിന്റെ കാമ്പസും പാഠ്യപദ്ധതിയും രൂപകല്പന ചെയ്തിരിക്കുന്നത്.
ഉമ്മുല്‍ ഖുവൈനിലെ അപ്ലൈഡ് ടെക്നോളജി സ്കൂള്‍ എഐ,സുസ്ഥിരത,എഞ്ചിനീയറിങ് എന്നിവയില്‍ ആഴത്തിലുള്ള പ്രൊജക്ട് അധിഷ്ഠിത സമീപനത്തിലൂടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ പരിവര്‍ത്തനം ചെയ്യുന്ന സ്ഥാപനമാണ്. അക്കാദമിക് വിഷയങ്ങളെ പ്രായോഗിക വ്യവസായ പരിചയവുമായി സംയോജിപ്പിച്ചുകൊണ്ട് വിദ്യാര്‍ഥികളെ തൊഴില്‍ വിജയത്തിനായി സജ്ജമാക്കുകയും ചെയ്യുന്നു. എമിറേറ്റ്സ് സ്കില്‍സ്,വേള്‍ഡ് സ്കില്‍സ് ഏഷ്യ തുടങ്ങിയ പരിപാടികളില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. കൂടാതെ മെഡിക്കല്‍ സെന്ററുകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നത് പോലുള്ള പ്രൊജക്ടുകള്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വിജയികളും ഫൈനലിസ്റ്റുകളും നവംബര്‍ 15,16 തിയ്യതികളില്‍ അബുദാബിയില്‍ നടക്കുന്ന വേള്‍ഡ് സ്കൂള്‍സ് ഉച്ചകോടിയില്‍ പങ്കെടുക്കും. ലോകത്തെ മികച്ച വിദ്യാഭ്യാസ വിചക്ഷണരുമായി വിദ്യാര്‍ഥികള്‍ സംവദിക്കും.