
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: ഇറാനും ഇസ്രാഈലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപനത്തെ യുഎഇ സ്വാഗതം ചെയ്തു. മിഡില്‍ ഈസ്റ്റിലുടനീളം സുരക്ഷയും സുസ്ഥിരതയും സമാധാനവും തിരിച്ചുകൊണ്ടുവരുന്നതിനുള്ള അടിത്തറയായി വെടിനിര്‍ത്തല്‍ കരാര്‍ പ്രവര്‍ത്തിക്കുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇറാന് പ്രസിഡന്റ് ഡോ.മസ്ഊദ് പെഷേഷ്കിയാനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു.
സമാധാനവും പ്രാദേശിക സുരക്ഷയും മുന്നോട്ട് കൊണ്ടുപോകുന്ന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതില്‍ യുഎഇയുടെ സ്ഥിരമായ നിലപാട് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ആവര്‍ത്തിച്ചു വ്യക്തമാക്കി. മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കും അവിടങ്ങളിലെ ജനങ്ങള്‍ക്കും പ്രയോജനകരമായ രീതിയില്‍ കരാറിന്റെ വിജയം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഇറാന് പ്രസിഡന്റ് പെഷേഷ്കിയാനും സംഭാഷണത്തില്‍ എടുത്തുപറഞ്ഞു.
ഇസ്രാഈല്‍ സൈന്യം ഇറാനില്‍ വ്യോമാക്രമണം നടത്തിയ ഉടന്‍ തന്നെ യുഎഇ സ്വീകരിച്ച നിലപാടിനും ഐക്യദാര്‍ഢ്യത്തിനും ഇറാന് പ്രസിഡന്റ് ഡോ.മസ്ഊദ് പെഷേഷ്കിയാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദിനോട് നന്ദി പറഞ്ഞു. അതേസമയം ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിന് സമ്മതിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയതന്ത്ര ശ്രമങ്ങളെയും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ക്രിയാത്മക പങ്കിനെയും യുഎഇ വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു. കൂടുതല്‍ സംഘര്‍ഷം തടയുന്നതിനും മേഖലയിലുടനീളമുള്ള മാനുഷിക, സുരക്ഷാ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനും ഫലപ്രദമായ ഏകോപനം തുടരേണ്ടതിന്റെ പ്രാധാന്യം യുഎഇ വിദേശകാര്യ മന്ത്രാലയം എടുത്തുപറഞ്ഞു. വികസന സാധ്യതകളെ തടസപ്പെടുത്തുകയും ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുകയും ചെയ്യുന്ന മേഖലയില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ തടയുന്നതിന് പരമാവധി സംയമനം പാലിക്കണമെന്നും രാഷ്ട്രീയ പരിഹാരങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കും മുന്‍ഗണന നല്‍കണമെന്നും യുഎഇ വ്യക്തമാക്കി.