
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ഷാര്‍ജ: സുസ്ഥിര ഊര്‍ജത്തിന് യുഎഇയുടെ പ്രധാന നാഴികക്കല്ലായി മാറാവുന്ന സൗരോര്‍ജ പ്ലാന്റ് ഷാര്‍ജ നാടിന് സമര്‍പിച്ചു. എമിറേറ്റിലെ ആദ്യ സോളാര്‍ പ്ലാന്റ് കൂടിയായ ‘സന’ ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരിയും പെട്രോളിയം വകുപ്പ്, ഷാര്‍ജ നാഷണല്‍ ഓയില്‍ കോര്പ്പറേഷന് ചെയര്‍മാനുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ഇന്നലെ രാവിലെ ഉദ്ഘാടനം ചെയ്തു. സജാ ഗ്യാസ് പ്ലാന്റിന് അടുത്തായി സ്ഥിതി ചെയ്യുന്ന പുതിയ സൗകര്യം 850,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്നു. കൂടാതെ 60 മെഗാവാട്ട് ശുദ്ധമായ ഊര്‍ജം ഉത്പാദിപ്പിക്കാന്‍ കഴിയും. ഇത് പ്രതിവര്‍ഷം ഏകദേശം 13,800 വീടുകള്‍ക്ക് വൈദ്യുതി നല്കാന് പര്യാപ്തമാണ്. പ്രതിവര്‍ഷം 66,000 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്വമനം കുറയ്ക്കുകയും ചെയ്യും.
ശുദ്ധവും കൂടുതല്‍ സുസ്ഥിരവുമായ ഊര്‍ജത്തിലേക്കുള്ള ഷാര്‍ജയുടെ പ്രയാണത്തിലെ പ്രധാന നിമിഷമായാണ് ഇതിനെ ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് വിശേഷിപ്പിച്ചത്. ഷാര്‍ജ എനര്‍ജി കൗണ്‍സിലിന്റെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും ഊര്‍ജത്തിന്റെയും വെള്ളത്തിന്റെയും ഭാവിക്കായി ആസൂത്രണം ചെയ്യുന്നതിനുമുള്ള എമിറേറ്റിന്റെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതി വെറും സോളാര്‍ പാനലുകള്‍ മാത്രമല്ലെന്നും ഷാര്‍ജയുടെ ഹരിത നാളേയ്ക്കുള്ള ദര്‍ശനത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ ഗാനത്തോടെയാണ് ആരംഭിച്ച ചടങ്ങില്‍ എസ്എന്‍ഒസി സിഇഒ എഞ്ചിനീയര്‍ ഖാമിസ് അല്‍ മസ്രൂയി ആമുഖപ്രസംഗം നടത്തി. എട്ട് വര്‍ഷം മുമ്പ് ഷാര്‍ജയില്‍ പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ ജീവസുറ്റതാക്കാന്‍ ആഗ്രഹിച്ച ഒരു കൂട്ടം എഞ്ചിനീയര്‍മാരാണ് ‘സന’ എന്ന ആശയം യാഥാര്‍ത്ഥ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
2018ല്‍ ഹംരിയ എല്‍എന്‍ജി ടെര്‍മിനലില്‍ ഒരു ചെറിയ സോളാര്‍ സ്റ്റേഷനില്‍ നിന്നാണ് ഇതെല്ലാം ആരംഭിച്ചത്. വെറും 300 കിലോവാട്ട് വൈദ്യുതി മാത്രമാണ് ഇതില്‍ നിന്ന് ഉത്പാദിപ്പിച്ചിരുന്നത്. പക്ഷേ അത് എസ്എന്ഒസിയുടെ ശുദ്ധമായ ഊര്‍ജ മാറ്റത്തിന്റെ തുടക്കമായിരുന്നു. ‘സന’ വെറുമൊരു പവര്‍ പ്ലാന്റ് മാത്രമല്ല,ജനങ്ങളിലേക്കുള്ള നിക്ഷേപം കൂടിയാണ്. പ്രത്യേകിച്ച് അത് നിര്‍മ്മിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച യുവ എമിറാത്തി പ്രതിഭകള്‍. പദ്ധതിയുടെ പിന്നിലുള്ള എഞ്ചിനീയര്‍മാരില്‍ പലരും പ്രാദേശിക സര്‍വകലാശാല ബിരുദധാരികളാണ്. ഇത് ഈ സംരംഭത്തെ പരിസ്ഥിതിയുടെ വിജയം മാത്രമല്ല, ദേശീയ പ്രതിഭകളെ വികസിപ്പിക്കുന്ന ഷാര്‍ജയുടെ ശ്രമത്തിന്റെ വലിയ വിജയംകൂടിയാണ്. പുനരുപയോഗ ഊര്‍ജവും കാര്‍ബണ്‍ ന്യൂട്രാലിറ്റിയിലേക്കുള്ള നീക്കവും എസ്എന്ഒസിയുടെ തന്ത്രത്തില്‍ പൂര്‍ണമായും ഉള്‍പ്പെടുന്നു.
യുഎഇ നേതൃത്വത്തിന്റെ മാര്‍ഗനിര്‍ദേശമാണ് പദ്ധതിയുടെ വിജയത്തിന് കാരണം. പ്രത്യേകിച്ച് ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പിന്തുണയും ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദിന്റെ സജീവ നേതൃത്വവുമാണ് ഇതിന് കാരണമെന്നും അല്‍ മസ്രൂയി കൂട്ടിച്ചേര്‍ത്തു.
ഷാര്‍ജയ്ക്ക് മാത്രമല്ല,യുഎഇക്കും മുഴുവന്‍ മേഖലയ്ക്കും ഈ പദ്ധതി ഒരു നാഴികക്കല്ലാണെന്ന് പ്ലാന്റിന്റെ മേല്‍നോട്ടം വഹിക്കുന്ന കമ്പനിയായ എമര്ജിന്റെ ചെയര്മാന് അബ്ദുല്‍ അസീസ് അല്‍ ഉബൈദ്ലി പറഞ്ഞു. ഇത് ഊര്ജത്തേക്കാളും വലിയ നേട്ടമായി കണക്കാക്കുന്നു. ഈ പദ്ധതി ഊര്‍ജ സുരക്ഷ വര്‍ധിപ്പിക്കുകയും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാന്‍ സഹായിക്കുകയും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ നമുക്ക് എന്തുചെയ്യാനാകുമെന്ന് തെളിയിക്കുകയും ചെയ്യുമെന്നും അല്‍ ഉബൈദ്ലി കൂട്ടിച്ചേര്‍ത്തു.