
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
യുഎഇ ജുമുഅ ഖുതുബ മലയാളം പരിഭാഷ
ഏവര്‍ക്കും ഹിജ്റ പുതുവര്‍ഷാശംസകള്‍ നേരുന്നു. ഈ വര്‍ഷം ശാന്തി സമാധാന സമ്പൂര്‍ണവും മികച്ചതുമാവാന് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു. ഈ പുതുവത്സര വേളയില്‍ പ്രവാചകര്‍ മുഹമ്മദ് നബി (സ്വ)യുടെ ‘ഹിജ്റ’ പലായന ചരിത്രത്തില്‍ നിന്നുള്ള ഏതാനും ചില ഏടുകള്‍ നമ്മുക്ക് മറിച്ചുനോക്കാം. ഹിജ്റ പലായനം സത്യവിശ്വാസത്തിന്റെയും മാനവികതയുടെയും മൂല്യങ്ങളോതുന്ന,സുസ്ഥിരതയുടെയും സാമൂഹിക നിര്മിതയുടെയും സന്ദേശങ്ങള്‍ നല്കുന്ന ഒരു ഇറങ്ങിപ്പുറപ്പെടലായിരുന്നു. മക്കയില്‍ നിന്ന് മദീനയിലെത്തിയ ഉടനെ നബി (സ്വ) ഉന്നതമായ നാലു മൂല്യങ്ങളാണ് ജനതയ്ക്ക് പഠിപ്പിച്ചത്. നബി (സ്വ) അവരോട് പറഞ്ഞു: നിങ്ങള്‍ പരസ്പരം സലാം പറയല്‍ വ്യാപിപ്പിക്കുക,ഭക്ഷണം നല്‍കുക,കുടുംബബന്ധം ചേര്‍ക്കുക,ഏവരും ഉറങ്ങുന്ന സമയത്ത് നിങ്ങള്‍ നമസ്കരിക്കുക അതുവഴി നിങ്ങള്‍ സമാധാനത്തോടെ സ്വര്‍ഗത്തില്‍ പ്രവേശിക്കും.(ഹദീസ് തുര്‍മുദി 2485,അഹ്മദ് 23784).
‘സലാം’ അതായത് രക്ഷയാണ് മനുഷ്യന് അടിസ്ഥാനപരമായി ആവശ്യമുള്ള മൂല്യം. പരസ്പരം സലാം പറയുന്നത് രക്ഷയ്ക്കും സമാധാനത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ്. സലാം പറയുന്നതിലൂടെ ഹൃദയങ്ങളെ ഇണക്കുകയും ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുകയും ശത്രുതയും വിദ്വേഷവും നീങ്ങുകയും ചെയ്യുന്നു. സലാം പറയുന്നത് ഒരു സംസ്കാരമാണ്. അതിലൂടെയാണ് മുസ്ലിം സമൂഹത്തിന്റെ സംസ്കൃതി രൂപപ്പെടുന്നതും അഭിവൃദ്ധി പ്രാപിക്കുന്നതും. നബി(സ്വ) പഠിപ്പിച്ച രണ്ടാമത്തെ മൂല്യം ഭക്ഷണദാനമാണ്. ഭക്ഷണം നല്‍കുന്നതിലൂടെ സമൂഹത്തില്‍ ഐക്യവും അഖണ്ഡതയും തളിരിടുന്നു. ദാനം നല്‍കുന്നത് അവര്‍ക്ക് ആവേശമായിരിക്കും. അല്ലാഹു അവരുടെ ചെയ്തിയില്‍ ഏറെ തൃപ്തിപ്പെടുകയും അവര്‍ക്ക് നല്ല പകരങ്ങള്‍ നല്‍കുകയും ചെയ്യും. ഏതൊരു വസ്തു നിങ്ങള്‍ വ്യയം ചെയ്യുന്നുണ്ടെങ്കിലും അവനതിനു പകരം തരും, ഉപജീവനം നല്കുന്നവരില് അത്യുദാത്തനത്രേ അവന്. (സൂറത്തു സബഅ് 39). മൂന്നാമത്തെ മൂല്യം കുടുംബബന്ധം ചേര്‍ക്കലാണ്. കുടുംബമാണ് പ്രഥമ സാമൂഹിക സ്ഥാപനം. കുടുംബ ബന്ധങ്ങളിലൂടെയാണ് സമൂഹം വികാസം പ്രാപിക്കുന്നത്. കുടുബബന്ധം സൂക്ഷിക്കണം. സൂറത്തുന്നിസാഅ് ഒന്നാം സൂക്തത്തില്‍ തന്നെ അല്ലാഹു പറയുന്നു: ഏതൊരുവന്റെ പേരില്‍ നിങ്ങള്‍ അവകാശങ്ങള്‍ ചോദിക്കുന്നുവോ ആ അല്ലാഹുവിനെയും കുടുംബബന്ധവും സൂക്ഷിക്കുക.
നാലാമതായി പഠിപ്പിച്ച മൂല്യം സത്യവിശ്വാസത്തിന്റെ ഭാഗമായുള്ള ആരാധനാ കര്‍മമായ നമസ്കാരമാണ്. അല്ലാഹുവിനോടുള്ള ബന്ധം ചേര്‍ക്കലാണ് നമസ്കാരം. ഏതുതരം ജോലിയിലും തിരക്കിലുമാണെങ്കില്‍ പോലും നമസ്കാരങ്ങള്‍ യഥാവിധി യഥാസമയം നിര്‍വഹിക്കുക തന്നെ വേണം. സൂറത്തുല്‍ ഫുര്‍ഖാന്‍ 64ാം സൂക്തത്തില്‍ നാഥന് സാഷ്ടാംഗം ചെയ്തും നമസ്കരിച്ചുകൊണ്ടും രാത്രി കഴിച്ചുകൂടുന്ന മാതൃകാ സത്യവിശ്വാസികളായ ഇബാദു റഹ്മാനെപ്പറ്റി പരാമര്‍ശമുണ്ട്. ഈ നാലു മൂല്യങ്ങള്‍ ജീവിതത്തില്‍ പാലിക്കുന്നവന്നവര്ക്ക് സ്വര്‍ഗം സുനിശ്ചിതമാണ്. പുതുവര്ഷവേളയും വേനലവധിയും ഒരുമിച്ചെത്തിയിരിക്കുകയാണ്. നമ്മുടെ മക്കളുടെ അവധി അവസരങ്ങളെ നാം വിജയപ്രദമാക്കണം. മക്കള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണം. മക്കളെ നമസ്കാരത്തിലും മുതിര്‍ന്നവര്‍ പങ്കെടുക്കുന്ന മതവിജ്ഞാന സദസുകളിലും കൂടെ കൂട്ടണം. ഒഴിവു സമയവും ചീത്തകൂട്ടുകെട്ടും മക്കളെ ലഹരിയുടെ കരാളഹസ്തങ്ങളില്‍ പെടുത്തിയേക്കാം.
നബി (സ്വ)യുടെ ഹിജ്റാ സ്മരിക്കപ്പെടുന്ന ഈ മുഹൂര്‍ത്തത്തില്‍ നാം അത്യന്തം ചിന്തിക്കേണ്ട ഒരു ഹദീസുണ്ട്: മുഹാജിര്‍ അതായത് ഹിജ്റ ചെയ്തവന് എന്നാല്‍ അല്ലാഹു വിലക്കിയത് വെടിഞ്ഞവനെന്നാണ് (ബുഖാരി 6484). ഈ വാക്കുകള്‍ എന്നും നാം ജീവിതത്തില്‍ കൂടെകൊണ്ടുനടക്കണം. മടിയും ഉദാസീനതയും വെടിയണം. മക്കളുടെ കാര്യത്തിലുള്ള അശ്രദ്ധ പൂര്‍ണമായും ഒഴിവാക്കണം. അവരോടുള്ള ഉത്തരവാദിത്തങ്ങള്‍ മുറപോലെ ചെയ്യണം. ഓരോ പിതാവും തങ്ങളുടെ മക്കള്‍ എങ്ങനെ സമയം ചെലവഴിക്കുന്നു,ആരുടെ കൂടെ ചെലഴിക്കുന്നു,ഇന്റര്‍നെറ്റ് മോശമായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടോ,തെമ്മാടികളായ കൂട്ടുകാരുണ്ടോ,അവര്‍ അവനെ ലഹരി ഉപയോഗത്തിനായി പ്രേരിപ്പിക്കുന്നുണ്ടോ എന്നെല്ലാം നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. ഓരോര്ത്തരും അവരവര്‍ ഏല്‍പ്പിക്കപ്പെട്ട കാര്യങ്ങളില്‍ ഉത്തരവാദപ്പെട്ടവരാണ്. അത് അവരത് ശരിയായ വിധത്തില്‍ പാലിച്ചോ ഇല്ലയോ എന്ന് അല്ലാഹു ചോദ്യം ചെയ്യുന്നതാണ്. (ഹദീസ് തുര്‍മുദി 1801,നസാഈ 9129).
ലഹരിയുടെ വിനാശ വലയില്പ്പെട്ടവരേ,നിങ്ങള്‍ കാരണം നിങ്ങളുടെ മാതാപിതാക്കള്‍ അനുഭവിക്കുന്ന ദുഖഭാരങ്ങള്‍ നിങ്ങള്‍ അറിയുന്നുണ്ടോ? നിങ്ങള്‍ നിങ്ങളുടെ ഭാവി ആലോചിച്ചിട്ടുണ്ടോ? ലഹരി പദാര്‍ത്ഥങ്ങള്‍ പൂര്‍ണമായും വെടിയാന്‍ തയാറാവണം. എത്രയും പെട്ടെന്ന് ചികിത്സ തേടുകയും വേണം. അന്ത്യനാളില്‍ ഒരാള്‍ അയാളുടെ ശരീരം എങ്ങനെ നശിപ്പിച്ചു എന്ന കാര്യം ചോദ്യം ചെയ്യപ്പെടുന്നത് വരെ ഇരു പാദങ്ങളും അനങ്ങുകയില്ലെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത്.(ഹദീസ് തുര്‍മുദി 2417). മക്കളുടെ കാര്യത്തില്‍ ഏവരും വിചാരണ ചെയ്യപ്പെടുന്നതാണ്. അതിനാല്‍ രക്ഷാകര്‍തൃ ഉത്തരവാദിത്വം ഓരോരുത്തരും ഭംഗമില്ലാതെ നിര്‍വേറ്റി മക്കളെ നാടിനും സമൂഹത്തിനും ഉപകാരമുള്ളവരായി വളര്‍ത്തിയെടുക്കണം.