
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ഞായറാഴ്ച സമാപിക്കും
ഷാര്‍ജ: ‘മാമ്പഴം:നമ്മുടെ പഴം,നമ്മുടെ സമ്പത്ത്’ എന്ന പ്രമേയത്തില്‍ നാലാമത് ഖോര്ഫക്കാന് മാമ്പഴോത്സവത്തിന് ഇന്ന് തുടക്കം കുറിക്കും. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയുടെയും ഖോര്ഫക്കാന് മുനിസിപ്പല്‍ കൗണ്‍സിലിന്റെയും ഖോര്ഫക്കാന് സിറ്റി മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘മാംഗോ’ ഫെസ്റ്റിവല്‍’ ഞായറാഴ്ച സമാപിക്കും. യുഎഇയുടെ സമ്പന്നവും വൈവിധ്യപൂര്‍ണവുമായ കാര്‍ഷിക ഉത്പാദനം എടുത്തുകാണിക്കുന്ന 150 ലധികം പ്രീമിയം പ്രാദേശിക മാമ്പഴ ഇനങ്ങള്‍ പ്രദര്‍ശിപ്പിക്കും.
പ്രാദേശിക ഉത്പാദനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കര്‍ഷകരും കാര്‍ഷിക വിദഗ്ധരും തമ്മിലുള്ള അറിവ് കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നിരവധി ക്ലാസുകളും ഫെസ്റ്റിവലില്‍ നടക്കും. യുഎഇയിലെ പ്രാദേശിക കര്‍ഷകര്‍,കാര്‍ഷിക കമ്പനികള്‍,കുടില്‍ വ്യവസായികള്‍ മാമ്പഴോത്സവത്തില്‍ പങ്കെടുക്കും. കിഴക്കന്‍ മേഖലയെ വിശിഷ്ട കാര്‍ഷിക ടൂറിസം കേന്ദ്രമായി വളര്‍ത്തുക എന്നതാണ് ഇത്തവണത്തെ ഉത്സവം ലക്ഷ്യമിടുന്നത്. കര്‍ഷകരെയും മാമ്പഴ ഉത്പാദകരായ കുടുംബങ്ങളെയും ശാക്തീകരിച്ചും ആഭ്യന്തര കാര്‍ഷിക ഉത്പന്നങ്ങളുടെ ഗുണനിലവാരവും സുസ്ഥിരതയും വര്‍ധിപ്പിച്ചും പ്രാദേശിക സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കാനും ഫെസ്റ്റിവല്‍ ഉദ്ദേശിക്കുന്നു.
യുഎഇയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും 2051 ലെ ദേശീയ ഭക്ഷ്യസുരക്ഷാ തന്ത്രത്തിന്റെ ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനും ശക്തമായ പിന്തുണ നല്‍കുന്നതാകും മാമ്പഴോത്സവം. ഇത്തവണ ഫെസ്റ്റിവലില്‍ വിലയേറിയ സമ്മാനങ്ങളും സന്ദര്‍ശകരെ കാത്തിരിക്കുന്നുണ്ട്. ഇന്ന് ‘മാമ്പഴ മസയ്ന'(ഏറ്റവും മനോഹരമായ മാമ്പഴം) മത്സരം നടക്കും.
പങ്കെടുക്കുന്നവരുടെ സ്വന്തം ഫാമില്‍ നിന്നോ വീട്ടുപറമ്പില്‍ നിന്നോ ലഭിക്കുന്ന മാമ്പഴങ്ങളാണ് ഇതില്‍ മത്സരത്തിനെത്തുക. കൂടാതെ നാലു കിലോഗ്രാമില്‍ കുറയാത്ത ഭാരമുള്ള കേടുപാടുകളില്ലാത്ത മാമ്പഴമായിരിക്കണം. വിജയിക്കുന്നവരുടെ ഓണ്‍സൈറ്റില്‍ ജഡ്ജിങ് പാനലിന്റെ പരിശോധനയുണ്ടാകും. നാളെയും മറ്റന്നാളുമായി ‘ഏറ്റവും മനോഹരമായ മാമ്പഴ കൊട്ട’ മത്സരവും ‘മികച്ച കര്‍ഷക ബൂത്ത്’ മത്സരവും നടക്കും. പ്രേക്ഷകരുടെ വോട്ടുകളെ ആശ്രയിച്ചാണ് വിജയികളെ കണ്ടെത്തുക. ഞായറാഴ്ച 7 മുതല്‍ 12 വയസ് വരെ പ്രായമുള്ള യുഎഇ നിവാസികള്‍ക്ക് കൃഷിയുടെ പ്രാഥമിക പാഠം പകരുന്നതിനായി ‘മികച്ച കാര്‍ഷിക തീം വീഡിയോ’ മത്സരവും ഒരുക്കുന്നുണ്ട്.