
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
യുഎഇ വ്യവസായ മന്ത്രിയും ചൈനീസ് ധനകാര്യ മന്ത്രിയും ബീജിങ്ങില്‍ കൂടിക്കാഴ്ച നടത്തി
ബീജിങ്: ഊര്‍ജം,പുനരുപയോഗ ഊര്‍ജം,വ്യവസായം,അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ സഹകരണം ശക്തിപ്പെടുത്താനും യുഎഇയും ചൈനയും ധാരണയായി. ചൈനയില്‍ സന്ദര്‍ശനം നടത്തുന്ന യുഎഇ വ്യവസായ,അഡ്വാന്‍സ്ഡ് ടെക്നോളജി മന്ത്രിയും അഡ്നോക് മാനേജിങ് ഡയരക്ടറും ഗ്രൂപ്പ് സിഇഒയും മസ്ദാര്‍ ചെയര്‍മാനുമായ ഡോ.സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബിര്‍ ചൈനീസ് ധനകാര്യ മന്ത്രി ലാന് ഫോയാന്,ചൈന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിപിസി) സെന്‍ട്രല്‍ കമ്മിറ്റി അന്താരാഷ്ട്ര വകുപ്പ് മേധാവി ലിയു ജിയാന്‍ചാവോ,എഐഐബി പ്രസിഡന്റ് സൂ ജിയായി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും കൂടിക്കാഴ്ചയില്‍ തീരുമാനമായി.
ചൈനയിലെ യുഎഇ അംബാസഡര്‍ ഹുസൈന് ബിന്‍ ഇബ്രാഹീം അല്‍ ഹമ്മദിയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ചൈനയുമായി സമഗ്ര നയതന്ത്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും യുഎഇയിലെ ദേശീയ കമ്പനികളെ ശാക്തീകരിക്കുന്നതിലും പൊതു-സ്വകാര്യ മേഖലകളുടെ സഹകരണം വര്‍ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ഇരുരാഷ്ട്ര നേതാക്കളുടെയും ചര്‍ച്ച. സുസ്ഥിര സാമ്പത്തിക വളര്‍ച്ചയ്ക്കും സമൃദ്ധിക്കും പിന്തുണ നല്കുന്ന വിധത്തില്‍ ഇരു രാജ്യങ്ങളുടെയും വികസന ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കേണ്ടതിന്റെ പ്രാധാന്യം ഡോ.അല്‍ ജാബിര്‍ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.
ഷെന്‍ഹുവ ഓയില്‍ ചെയര്മാന് വാങ് യുവേട്ടാവോ,പ്രമുഖ കെമിക്കല്‍സ് നിര്‍മാണ കമ്പനിയായ വാന്ഹുവയുടെ ചെയര്മാന് ലിയാവോ സെങ്തായ്,ചൈന ഇന്‍വെസ്റ്റ്മെന്റ് കോര്പ്പറേഷന് (സിഐസി) പ്രസിഡന്റ് ലിയു ഹാവോലിങ്,ലോകത്തിലെ ഏറ്റവും വലിയ ഊര്‍ജ,പെട്രോകെമിക്കല്‍ കമ്പനികളിലൊന്നായ ചൈന നാഷണല്‍ പെട്രോളിയം കോര്പ്പറേഷന് (സിഎന്‍പിസി) ചെയര്മാന് ഡായ് ഹൗലിയാങ്,ചൈന നാഷണല്‍ ഓഫ്ഷോര്‍ ഓയില്‍ കോര്പ്പറേഷന് (സിഎന്‍ഒഒസി) ചെയര്മാന് ഷാങ് ചുവാന്ജിയാങ്,പുനരുപയോഗ ഊര്‍ജത്തിലും സ്മാര്‍ട്ട് എനര്‍ജി മാനേജ്മെന്റ് സൊല്യൂഷനുകളിലും വൈദഗ്ധ്യം നേടിയ എന്വിഷന്റെ ചെയര്മാന് ഷാങ് ലീ,ഊര്‍ജ,അടിസ്ഥാന സൗകര്യ പദ്ധതികളില്‍ സജീവമായ ചൈന എനര്‍ജി എഞ്ചിനീയറിങ് കോര്‍പ്പറേഷന്റെ (സിഇഇസി) ചെയര്മാന് സോങ് ഹെയ്ലിയാങ് എന്നിവരുള്‍പ്പെടെ പ്രമുഖ ചൈനീസ് കമ്പനികളില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളുമായി ഡോ.സുല്‍ത്താന്‍ അല്‍ ജാബിര്‍ കൂടിക്കാഴ്ചകള്‍ നടത്തി.
പുനരുപയോഗ ഊര്‍ജം,എണ്ണ,വാതകം,എല്‍എന്‍ജി, ശുദ്ധീകരണം,പെട്രോകെമിക്കല്‍സ് എന്നിവയുള്‍പ്പെടെ ഊര്‍ജ മേഖലകളിലുടനീളമുള്ള സഹകരണത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍,തന്ത്രപരമായ ഷിപ്പിങ്,സംഭരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു കൂടിക്കാഴ്ചകള്‍. സുസ്ഥിര വികസനത്തെ പിന്തുണയ്ക്കുന്നതിനും വിജ്ഞാന കൈമാറ്റവും പ്രാദേശികവത്കരണവും സുഗമമാക്കുന്നതിനും ആഗോള മത്സരശേഷി വര്‍ധിപ്പിക്കുന്ന വ്യാവസായിക, സാങ്കേതിക പങ്കാളിത്തങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള ഇരു രാജ്യങ്ങളുടെയും താല്പര്യത്തിന് അനുസൃതമായി മുന്‍ഗണനാ മേഖലകളിലും സാധ്യതയുള്ള വ്യാവസായിക അടിസ്ഥാന സൗകര്യ പദ്ധതികളിലും നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ചു.
യുഎഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന തുടരുകയാണ്. 2024ല്‍ മൊത്തം ഉഭയകക്ഷി വ്യാപാരം 100 ബില്യണ്‍ യുഎസ് ഡോളറിലധികം കവിഞ്ഞിട്ടുണ്ട്. ഇറക്കുമതിയില്‍ 18% വര്‍ധനവുണ്ടായതോടെ 7% വാര്‍ഷിക വളര്‍ച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യ പാദത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര വ്യാപാരം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 18% വളര്‍ച്ച നേടിയിട്ടുണ്ട്. കയറ്റുമതിയില്‍ 32.5% വര്‍ധനവും പുനര്‍കയറ്റുമതിയില്‍ 20.2% വര്‍ധനവും ഇറക്കുമതിയില്‍ 12.7% വളര്ച്ചയുമാണുണ്ടായിട്ടുള്ളത്.