
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ഷാര്‍ജ: യുഎഇയിലുടനീളമുള്ള കര്‍ഷകര്‍ വിളവെടുപ്പ് നടത്തിയ മാമ്പഴങ്ങള്‍ ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ ചേര്‍ത്തുവച്ചപ്പോള്‍ ഖോര്ഫക്കാന് എക്സ്പോ സെന്ററാകെ പഴുത്ത മാമ്പഴങ്ങളുടെ ഗന്ധം പരന്നു. ഇത്തവണ ഖോര്ഫക്കാന് മാമ്പഴോത്സവത്തില്‍ അമ്പതിലധികം ഇനങ്ങളാണ് പ്രദര്‍ശനത്തിനെത്തിയിട്ടുള്ളത്. ഇതില്‍ 35ലധികം ഇനങ്ങള്‍ പ്രാദേശികമായി കൃഷി ചെയ്ത് വിളവെടുത്തതാണ്. ബദിയ,ദിബ്ബ,കല്‍ബ,ഫുജൈറ,ഖോര്ഫക്കാന്,മസാഫി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള ഡസന്‍ കണക്കിന് കര്‍ഷകര്‍ വ്യത്യസ്ത ആകൃതിയിലും വലിപ്പത്തിലും നിറത്തിലുമുള്ള മാമ്പഴങ്ങള്‍ നിറച്ച പെട്ടികളുമായാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. വലിപ്പവും തരവും അനുസരിച്ച് കിലോഗ്രാമിന് 15 ദിര്‍ഹം മുതല്‍ 70 ദിര്‍ഹം വരെയാണ് വില. ചില മാമ്പഴങ്ങള്‍ക്ക് ഒരു കിലോഗ്രാം വരെ ഭാരമുണ്ട്.
പത്തെണ്ണം തൂക്കിയാല്‍ ഒരു കിലോഗ്രാം ഭാരം തൂങ്ങുന്ന ചെറിയ മാമ്പഴങ്ങളുമുണ്ട് പ്രദര്‍ശനത്തില്‍. യുഎഇയിലെ കാലാവസ്ഥയും മികച്ച പരിചരണവുമാണ് മാമ്പഴങ്ങള്‍ തഴച്ചുവളരാന്‍ കാരണമെന്ന് ബദിയയില്‍ നിന്നുള്ള കര്ഷകന് സയ്യിദ് അബ്ദുല്‍ അസീം പറഞ്ഞു. ‘ഞങ്ങള്‍ വര്‍ഷങ്ങളായി മാമ്പഴം കൃഷി ചെയ്യുന്നുണ്ട്. വേനല്‍ക്കാലത്ത് മാത്രമല്ല,വര്‍ഷം മുഴുവനും ഞങ്ങളുടെ മരങ്ങള്‍ ഫലം കായ്ക്കുന്നവയാണ്. ഏകദേശം 100 മാവുകള്‍ എനിക്കുണ്ട്. ഞങ്ങള്‍ ഒരു രാസവസ്തുവും ഉപയോഗിക്കുന്നില്ല.
എല്ലാം ജൈവ വളമാണ്,അതുകൊണ്ടാണ് ആളുകള്‍ വീണ്ടും വീണ്ടും അന്വേഷിച്ച് എത്തുന്നുണ്ടെന്നും അസീം പറഞ്ഞു. തന്നെപ്പോലുള്ള കര്‍ഷകര്‍ക്ക് പുതിയതും തദ്ദേശീയവുമായ മാമ്പഴങ്ങള്‍ക്കായി മികച്ച കര്‍ഷകരോട് ബന്ധപ്പെടാനുള്ള അവസരമാണ് ഖോര്ഫക്കാന് മാമ്പഴോത്സവമെന്ന് ദിബ്ബയില്‍ 250ലധികം മാവുകളുള്ള ഫാം കൈകാര്യം ചെയ്യുന്ന റിപ്പണ്‍ ചൗധരി പറഞ്ഞു. വിവിധ കാര്‍ഷിക ശില്പശാലകളും മത്സരങ്ങളും ഒരുക്കിയ മാംഗോ ഫെസ്റ്റിവല്‍ നാളെ സമാപിക്കും.