
‘ഗള്‍ഫ് ചന്ദ്രിക’ വാര്‍ഷികാഘോഷം: പ്രഖ്യാപന സംഗമം ഇന്ന് അബുദാബിയില്‍
രാത്രി 8.30ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലാണ് സംഗമം
അബുദാബി: ‘ഗള്‍ഫ് ചന്ദ്രിക’ ഒന്നാം വാര്‍ഷിക പ്രഖ്യാപന സംഗമം ഇന്ന് രാത്രി
8.30ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും. മുസ്ലിംലീഗിന്റെയും കെഎംസിസിയുടെയും പ്രമുഖ നേതാക്കള്‍ സംഗമത്തില്‍ പങ്കെടുക്കും. ഒക്ടോബറില്‍ നടക്കുന്ന വാര്‍ഷികാഘോഷ പരിപാടി വന്‍ വിജയമാക്കുന്നതിനായി വിപുലമായ സംഘാടക സമിതി രൂപീകരിക്കും. മൂന്നു ദിവസങ്ങളിലായി വ്യത്യസ്ത സെഷനുകളോടെ നടക്കുന്ന വൈവിധ്യമാര്‍ന്ന വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് സംഗമം അന്തിമരൂപം നല്‍കും. ഗള്‍ഫ് ചന്ദ്രികയുടെ വിജയകരമായ മുന്നേറ്റത്തിന് കൂടുതല്‍ കരുത്തേകുന്ന കര്‍മപരിപാടികള്‍ സംഗമത്തി ല്‍ പ്രഖ്യാപിക്കും. 2024 ജൂണ്‍ ഒന്നിനാണ് ‘ഗള്‍ഫ് ചന്ദ്രിക’ ഡിജിറ്റല്‍ പതിപ്പ് അബുദാബിയില്‍ നിന്ന് ആരംഭിച്ചത്. തൊണ്ണൂറ് വര്‍ഷത്തെ പാരമ്പര്യത്തില്‍ പ്രയാണം തുടരുന്ന ‘ചന്ദ്രിക’ യുടെ ഡിജിറ്റല്‍ പ്ലാറ്റ് ഫോമാണ് ‘ഗള്‍ഫ് ചന്ദ്രിക’. വെബ്സൈറ്റും യൂട്യൂബും ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ഇ പത്രവും വീഡിയോസും ഷോര്‍ട്ട്സുകളും സ്പീഡ് ന്യൂസുകളുമായി വാര്ത്താവഴിയില് ‘ഗള്‍ഫ് ചന്ദ്രിക’ തരംഗമായി മാറിയിട്ടുണ്ട്. ഗള്‍ഫ് ചന്ദ്രിക ഗവേണിങ് ബോഡി അംഗങ്ങളും യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള കെഎംസിസി നേതാക്കളും പ്രവര്‍ത്തകരും ഗള്‍ഫ് ചന്ദ്രിക അഭ്യുദയകാംക്ഷികളും സംഗമത്തില്‍ പങ്കെടുക്കും