
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ജനീവയില്‍ നടക്കുന്ന 59ാമത് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ യുഎന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ റീം അല്‍ സലീമാണ് ഇക്കാര്യം വ്യക്തമാക്കിയത്
ജനീവ: സ്ത്രീ ശാക്തീകരണത്തിലും ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിലും സ്ത്രീകളെ അക്രമത്തില്‍ നിന്ന് സംരക്ഷിക്കുന്നതിലും യുഎഇ അത്ഭുതകരമായ വളര്‍ച്ച പ്രാപിച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ജനീവയില്‍ നടക്കുന്ന 59ാമത് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അക്രമങ്ങളെക്കുറിച്ച് നടന്ന സെഷനില്‍ യുഎന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ റീം അല്‍ സലീമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലിംഗസമത്വത്തോടുള്ള യുഎഇയുടെ ശക്തമായ രാഷ്ട്രീയ പ്രതിബദ്ധതയും രാഷ്ട്രീയ,സാമ്പത്തിക, സാമൂഹിക മേഖലകളില്‍ സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള ചരിത്രപരമായ ശ്രമങ്ങളും എടുത്തുപറഞ്ഞ അദ്ദേഹം ഇക്കാര്യത്തില്‍ രാജ്യം ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. സമൂഹത്തിന് സ്ത്രീകളുടെ സംഭാവനകളെ വിലമതിക്കുന്നതാണെന്ന ദര്‍ശനത്തിന്റെയും രാഷ്ട്രീയ ഇച്ഛാശക്തിയുടെയും ഫലമാണ് ഈ വളര്‍ച്ച. പ്രത്യേകിച്ച് സ്ത്രീകളുടെ രാഷ്ട്രീയ,സാമ്പത്തിക പങ്കാളിത്തത്തില്‍ യുഎഇ വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട്. ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിലെ ലിംഗസമത്വം,നേതൃതലത്തില്‍ സ്ത്രീകളുടെ വര്‍ധിച്ചുവരുന്ന പ്രാതിനിധ്യം,വിപ്ലവകരമായ നിയമ പരിഷ്കാരങ്ങള്‍ എന്നിവ സ്ത്രീകളെ സംരക്ഷിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധത തെളിയിക്കുന്നതാണെന്നും അല്‍ സലീം പറഞ്ഞു.
സ്ത്രീകളുടെ അവകാശങ്ങളില്‍ യുഎഇ തുടരുന്ന പുരോഗതിയെ ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗണ്‍സില്‍ പ്രശംസിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തില്‍ ഗണ്യമായ നിക്ഷേപങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാറിന്റെ സമീപനം,എല്ലാ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷയും തുല്യതയും ഉറപ്പാക്കുന്നതിനുള്ള രാജ്യത്തിന്റെ സമര്‍പ്പണത്തെ പ്രതിഫലിപ്പിക്കുന്നു. ദേശീയ വികസനത്തില്‍ സ്ത്രീകള്‍ക്ക് പൂര്‍ണമായി സംഭാവന നല്കാന് കഴിയുന്ന ഭാവി സൃഷ്ടിക്കുന്നതില്‍ ഇത്തരം ശ്രമങ്ങള്‍ നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎഇന് പ്രത്യേക റിപ്പോര്‍ട്ടറുടെ പ്രസ്താവനകളെ മനുഷ്യാവകാശ കൗണ്‍സില്‍ സ്വാഗതം ചെയ്തു. ഈ വിജയകരമായ ദര്‍ശനം ആഭ്യന്തരമായും അന്തര്‍ദേശീയമായും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള യുഎഇയുടെ നിരന്തരമായ ശ്രമങ്ങളെ അടയാളപ്പെടുത്തുന്നതാണെന്ന് ജനീവയിലെ ഐക്യരാഷ്ട്രസഭയിലേക്കും മറ്റു അന്താരാഷ്ട്ര സംഘടനകളിലേക്കുമുള്ള യുഎഇയുടെ സ്ഥിരം പ്രതിനിധി ജമാല്‍ ജമാ അല്‍ മുഷറഖ് പറഞ്ഞു.
സ്ത്രീകളെ ശാക്തീകരിക്കുന്നതും സമൂഹത്തില്‍ അവരുടെ പൂര്‍ണവും തുല്യവും അര്‍ത്ഥവത്തായതുമായ പങ്കാളിത്തം ഉറപ്പാക്കുന്നതും സമഗ്രവും സമ്പന്നവുമായ സമൂഹങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് അടിസ്ഥാനപരമാണെന്ന തങ്ങളുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ യുഎഇയുടെ പ്രവര്‍ത്തനങ്ങള്‍ ഇതോടെ പൂര്‍ത്തിയായിട്ടില്ലെന്ന് അംബാസഡര്‍ അല്‍ മുഷറഖ് അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്ര സഭയുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ യുഎഇ പ്രതിജ്ഞാബദ്ധമാണ്. കൂടാതെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ പൂര്‍ണമായി സാക്ഷാത്കരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ കൂടുതല്‍ പുരോഗതി കൈവരിക്കുമ്പോള്‍ നിരന്തരം ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള യുഎന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ യുഎഇ സന്ദര്‍ശിച്ചിരുന്നു. യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ ഫീല്‍ഡ് സന്ദര്‍ശനങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍,സിവില്‍ സൊസൈറ്റി പ്രതിനിധികള്‍,പ്രമുഖ സംഘടനകള്‍ എന്നിവരുമായി കൂടിക്കാഴ്ചകള്‍ നടത്തിയാണ് യുഎന്‍ റിപ്പോര്‍ട്ടര്‍ ഇതുസംബന്ധിച്ചുള്ള സമഗ്ര റിപ്പോര്‍ട്ട് തയാറാക്കിയത്.