
‘ഗള്‍ഫ് ചന്ദ്രിക’ നവനൂറ്റാണ്ടിലെ നവോത്ഥാനം: ബഷീറലി തങ്ങള്‍
'ചന്ദ്രിക' സമുദായ നവോത്ഥാനത്തിന് ഊര്‍ജം പകര്‍ന്ന ചാലകശക്തി: അഡ്വ.പിഎംഎ സലാം
അബുദാബി: കേരളീയ മുസ്ലിം സമുദായ നവോത്ഥാനത്തിന്റെ ചാലകശക്തിയാണ് ചന്ദ്രികയെന്നും തൊണ്ണൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിവച്ച അതേ ദൗത്യമാണ് അതിനൂതന സാങ്കേതിക സംവിധാനങ്ങളിലൂടെ ഇന്നും ചന്ദ്രിക നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതെന്നും മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പിഎംഎ സലാം അഭിപ്രായപ്പെട്ടു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ‘ഗള്‍ഫ് ചന്ദ്രിക’ ഒന്നാം വാര്‍ഷികാഘോഷം ‘ദി കേരള വൈബി’ന്റെ ഡിജിറ്റല്‍ പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക മാധ്യമങ്ങളിലൂടെ ‘ഗള്‍ഫ് ചന്ദ്രിക’ നിര്‍വഹിക്കുന്നത് ചന്ദ്രികയുടെ പാരമ്പര്യ ദൗത്യത്തിന്റെ ആധുനിക മുഖമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പു തന്നെ ‘ചന്ദ്രിക’ ദൗത്യം തുടങ്ങിയിട്ടുണ്ട്. തലശ്ശേരിയില്‍ ഒരുകൂട്ടം മുസ്ലിം നേതാക്കള്‍ കൂടിയിരുന്ന് ആലോചിച്ചാണ് ചന്ദ്രിക പ്രസിദ്ധീകരണം ആരംഭിച്ചത്. മുസ്്ലിംലീഗ് പാര്‍ട്ടി രൂപീകരിക്കുന്നതിന് മുമ്പാണ് ഈ നവോത്ഥാന സംരംഭത്തിന് അവര്‍ ശിലപാകിയത്. കേരളീയ ന്യൂനപക്ഷ സമൂഹത്തിന്,വിശിഷ്യാ മലബാറിലെ മുസ്ലിം സമുദായത്തിന് സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ വിവേകപൂര്‍ണമായ ദിശ നല്‍കിയതില്‍ ചന്ദ്രികയുടെ പങ്ക് നിസ്തുലമാണ്. രാജ്യം സ്വാതന്ത്ര്യം നേടിയതിനു ശേ ഷം മുസ്ലിം സമുദായത്തിനു ഒരു പതാകക്കു കീഴില്‍ അടിയുറച്ചു നില്‍ക്കാനുള്ള സൈദ്ധാന്തിക ബുദ്ധി പകര്‍ന്നു നല്കിയതും ചന്ദ്രികയാണ്.
മലയാളക്കരയിലെ മുസ്ലിം സമുദായത്തെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിച്ചതില്‍ ചന്ദ്രികക്ക് വലിയ പങ്കുണ്ട്. കേരളീയ മുസ്ലിം സമൂഹം നേടിയെടുത്ത രാഷ്ട്രീയ, സാമൂഹിക,സാംസ്കാരിക,വിദ്യാഭ്യാസ,സാഹിത്യ പുരോഗതിയുടെയെല്ലാം അടിത്തറ പാകിയത് ചന്ദ്രികയാണ്. കെഎം സീതി സാഹിബെന്ന ധിഷണാശാലിയായ നേതാവിന്റെ നേതൃത്വത്തിലാണ് ചന്ദ്രിക സമുദായ സമുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തിരുകൊച്ചി നിയമസഭയിലെ പ്രായംകുറഞ്ഞ സമാജികനും കേരള ഹൈകോടതിയിലെ പ്രഗത്ഭനായ അഭിഭാഷകനുമായിരുന്ന സീതിസാഹിബ് മലബാറിലെ ന്യൂനപക്ഷ പിന്നാക്ക ജനതയുടെ ഉയിര്ത്തെഴുന്നേല്പിനായി മുന്നില്‍ നിന്ന് നേതൃത്വം നല്‍കുകയായിരുന്നു.
1921ലെ മലബാര്‍ സമര പോരാട്ടത്തില്‍ സര്‍വം നഷ്ടപ്പെട്ട മുസ്ലിം സമുദായത്തെ ഇന്നു കാണുന്ന നേട്ടങ്ങളുടെ ഉത്തുംഗതയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് സീതി സാഹിബിന്റെ നേതൃത്വത്തില്‍ മുസ്ലിംലീഗും ചന്ദ്രികയുമാണ്. പിന്നീട് ബാഫഖി തങ്ങളും സിഎച്ചും പൂക്കോയ തങ്ങളുമെല്ലാം നേതൃനിരയില്‍ നിന്നുകൊണ്ട് സമുദായത്തെ സമുദ്ധരിക്കുകയും സിഎച്ചിലൂടെ സാഹിത്യ,സാംസ്കാരിക മണ്ഡലങ്ങളില്‍ ചന്ദ്രിക പരിലസിക്കുകയും ചെയ്തു. ഇന്നും ന്യൂനപക്ഷ സമൂഹത്തിന്റെയും മുസ്്ലിം സമുദായത്തിന്റെയും അവകാശങ്ങള്‍ക്കായി ഉറച്ച ശബ്ദമുയര്‍ത്തുന്നത് ചന്ദ്രികയാണ്. അതുകൊണ്ടു തന്നെ ചന്ദ്രിക നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. പുതിയ കാലത്ത് ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ വികസിച്ചുകൊണ്ടിരിക്കുമ്പോള്‍ ചന്ദ്രികയും അതിനൊപ്പം വളര്‍ന്നിട്ടുണ്ട്. അതിന്റെ മികച്ച ഉദാഹരണമാണ് ‘ഗള്‍ഫ് ചന്ദ്രിക’ ഡിജിറ്റല്‍ പതിപ്പെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷം പിന്നിട്ട ഗള്‍ഫ് ചന്ദ്രികയുടെ ആഘോഷങ്ങള്‍ നാളേക്കുള്ള വളര്‍ച്ചയുടെ ചവിട്ടുപടിയാവണം. അതിനു വേണ്ടി കെഎംസിസി പ്രവര്‍ത്തകര്‍ ഗള്‍ഫ് ചന്ദ്രികക്ക് കരുത്തുറ്റ പിന്‍ബലം നല്‍കണമെന്നും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്നും പിഎംഎ സലാം ഓര്‍മിപ്പിച്ചു.
ഗള്‍ഫ് ചന്ദ്രിക വാര്‍ഷികാഘോഷ പ്രഖ്യാപനത്തിന് സാക്ഷികളാകാന്‍ യുഎഇയുടെ വിവിധ എമിറേറ്റികളില് നിന്നായി പ്രവര്‍ത്തകര്‍ ഒഴുകിയെത്തി. ഒക്ടോബറില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന വാര്‍ഷികാഘോഷം വന്‍വിജയമാക്കുന്നതിനുള്ള വിളംബരമായി പ്രഖ്യാപന സമ്മേളനം മാറി. ഡിജിറ്റല്‍ ചന്ദ്രികയുടെ പരിവര്‍ത്തനം പോലെ പൂര്‍ണമായും ‘ഡിജിറ്റലൈസ്’ ചെയ്ത പ്രഖ്യാപന സമ്മേളനം വേറിട്ട അനുഭവമായി മാറി. വാര്‍ഷികാഘോഷ പരിപാടികള്‍ വന്‍വിജയമാക്കുന്നതിന് കര്മരംഗത്തിറങ്ങാനുള്ള പ്രതിജ്ഞയെടുത്താണ് പ്രവര്‍ത്തകര്‍ സദസില്‍ നിന്നും പിരിഞ്ഞത്. അബുദാബി കെഎംസിസി ഭാരവാഹികളായ അഷ്റഫ് പൊന്നാനി,ഇ.ടി.എം സുനീര്‍,റഷീദ് പട്ടാമ്പി,ഷാനവാസ് പുളിക്കല്‍,കോയ തിരുവത്ര,ബാസിത് കായക്കണ്ടി,ഹംസ നടുവില്‍,മൊയ്തുട്ടി വേളേരി,ഹംസ പാറയില്‍,അന്‍വര്‍ ചുള്ളിമുണ്ട,നിസാം പനവൂര്‍,ശറഫുദ്ദീന്‍ കുപ്പം നേതൃത്വം നല്കി.
യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള സംസ്ഥാന ഭാരവാഹികള്‍,അബുദാബിയിലെ കെഎംസിസി ജില്ലാ,മണ്ഡലം,പഞ്ചായത്ത്,മുനിസിപ്പല്‍ ഭാരവാഹികള്‍,പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു.