
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ഷാര്‍ജ: കഴിഞ്ഞ വര്‍ഷം ഷാര്‍ജയില്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായത് 680 പേര്. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഷാര്‍ജ പൊലീസ് 279 മില്യണ്‍ ദിര്‍ഹമിലധികം വിലമതിക്കുന്ന 1,240 കി.ഗ്രാം മയക്കുമരുന്ന് പിടിച്ചെടുകയും ചെയ്തു. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇന്നലെ ഷാര്‍ജ പൊലീസ് ആസ്ഥാനത്ത് നടന്ന പ്രത്യേക യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘അവബോധമുള്ള കുടുംബം,സുരക്ഷിത സമൂഹം’ എന്ന പ്രമേയത്തില്‍ നടന്ന പരിപാടി മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കെതിരായ എമിറേറ്റിന്റെ ശക്തമായ നടപടികള്‍ എടുത്തുകാണിച്ചു. കഴിഞ്ഞ വര്‍ഷം മയക്കുമരുന്ന് വിരുദ്ധ വകുപ്പ് 91.2% വിജയ നിരക്ക് നേടിയതായി ഷാര്‍ജയിലെ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് വകുപ്പ് നടത്തിയ ഫീല്‍ഡ് സര്‍വേയെ ഉദ്ധരിച്ച് ആന്റി നാര്‍ക്കോട്ടിക് വകുപ്പ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ മജീദ് സുല്‍ത്താന്‍ അല്‍ അസം പറഞ്ഞു.
ഈ വര്‍ഷം തുടക്കത്തില്‍ ‘ബോട്ടം ഓഫ് ഡാര്‍ക്ക്നെസ്’ എന്ന അന്താരാഷ്ട്ര രഹസ്യ അന്വേഷണത്തില്‍ ഏകദേശം 3.5 ദശലക്ഷം നിയമവിരുദ്ധ ഗുളികകള്‍ പിടിച്ചെടുത്തിരുന്നു. ഇത് ഷാര്‍ജയുടെ മയക്കുമരുന്ന് വിരുദ്ധ സേനയുടെ നതാന്ത ജാഗ്രത അടിവരയിടുന്നു. ഡിജിറ്റല്‍ മയക്കുമരുന്ന് കടത്തിന്റെ വര്‍ധിച്ചുവരുന്ന ഭീഷണിയെക്കുറിച്ച് ബ്രിഗേഡിയര്‍ അല്‍ അസം മുന്നറിയിപ്പ് നല്കി. കഴിഞ്ഞ വര്‍ഷം രാജ്യത്തുടനീളം മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കുന്നതിനും വില്‍ക്കുന്നതിനും ഉപയോഗിച്ചിരുന്ന 680 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൊലീസ് അടച്ചുപൂട്ടിയിരുന്നു.