
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: കുട്ടികളുടെ സംരംഭക സ്വപ്നങ്ങള്‍ക്ക് നിറംപകരാന്‍ ദുബൈ താമസ,കുടിയേറ്റ വകുപ്പ് (ജിഡിആര്‍എഫ്എ) ‘യങ് മര്‍ച്ചന്റ്’ സംരംഭത്തിന് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി വകുപ്പിന്റെ പ്രധാന ഓഫീസ് ഹാള്‍ കൊച്ചു മിനിമാര്ക്കറ്റായി മാറ്റിയിരിക്കുകയാണ്. ഇവിടെ കുരുന്നുകള്‍ക്ക് അവരുടെ സ്വന്തം ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വില്‍ക്കാനും അവസരം ലഭിക്കുന്നു. വര്‍ണാഭമായ ഉത്പന്നങ്ങളുമായി കുട്ടിക്കച്ചവടക്കാര്‍ നിറഞ്ഞ ഈ വിപണനമേള നാളെ സമാപിക്കും. വകുപ്പ് ജീവനക്കാരുടെ 5 മുതല്‍ 15 വയസുവരെയുള്ള 30 കുട്ടികളാണ് ഇതില്‍ പങ്കെടുക്കുന്നത്
കുട്ടികള്‍ക്ക് സാമ്പത്തിക അറിവും വിപണന തന്ത്രങ്ങളും ഉപഭോക്താക്കളുമായി സംവദിക്കാനുള്ള കഴിവും സ്വന്തമാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്. യുഎഇയുടെ ‘കമ്മ്യൂണിറ്റി വര്ഷാചരണത്തോട് അനുബന്ധിച്ച് കുടുംബത്തെയും സമൂഹത്തെയും ശാക്തീകരിക്കുക എന്നതാണ് ഉദ്ദേശ്യം. നാളത്തെ ലോകം കെട്ടിപ്പടുക്കാന്‍ കഴിവുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഇവിടെ ഓരോ കുട്ടിക്കും സ്വന്തമായി ഒരു സ്റ്റാള്‍ ഒരുക്കാനും അവരുടെ ഉത്പന്നങ്ങള്‍ അവതരിപ്പിക്കാനും സന്ദര്‍ശകരുമായി സംഭാഷണങ്ങളില്‍ ഏര്‍പ്പെടാനും സാധിക്കുന്നുവെന്നും വകുപ്പ് അധികൃതര്‍ പറഞ്ഞു. ഒരു കൊച്ചു ബിസിനസുകാരന്റെ എല്ലാ ഉത്തരവാദിത്തങ്ങളും അവര്‍ ഏറ്റെടുക്കുന്നു. ഇത് അവരുടെ സര്‍ഗാത്മകതയെയും പ്രായോഗിക ബുദ്ധിയെയും ഉണര്‍ത്തുന്ന അന്തരീക്ഷമാണ് ഒരുക്കുന്നതെന്നും താമസ കുടിയേറ്റ വകുപ്പ് പറഞ്ഞു.
മികച്ച ‘കുട്ടി വ്യാപാരികള്‍ക്ക്’ പുരസ്കാരങ്ങള്‍ നല്‍കും
ഉത്പന്നങ്ങളുടെ ഗുണനിലവാരം,പുതുമ,അവതരണ ശൈലി എന്നിവ പരിഗണിച്ച് ഏറ്റവും മികച്ച ‘കുട്ടി വ്യാപാരികളെ’ സമാപനദിവസം പുരസ്കാരങ്ങള്‍ നല്കി ആദരിക്കുമെന്ന് ഡയരക്ടര്‍ ജനറല്‍ ലെഫ.ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു. കുട്ടികളുടെ കഴിവുകളിലേക്കും അവരുടെ കുഞ്ഞുമനസുകളിലേക്കും നടത്തുന്ന നിക്ഷേപം ദുബൈയുടെ ഭാവിയിലേക്കുള്ള നിക്ഷേപമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം സംരംഭങ്ങളിലൂടെ അവരുടെ ഹൃദയങ്ങളില്‍ സംരംഭകത്വത്തിന്റെ കൊച്ചു വിത്തുകള്‍ പാകാന്‍ നമുക്ക് സാധിക്കുന്നു. ദുബൈയുടെ ഭാവി വാഗ്ദാനങ്ങളായ ഈ കുരുന്നുകള്‍ക്ക് മികച്ച സംരംഭകരായി വളരാന്‍ ഇത്തരം അവസരങ്ങള്‍ വഴിയൊരുക്കുമെന്നും അല്‍ മര്‍റി അഭിപ്രായപ്പെട്ടു.