
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: ഇസ്രാഈലിന്റെ ക്രൂരമായ നരനായാട്ടില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീന് ജനതയ്ക്ക സഹായവുമായി വീണ്ടും യുഎഇ കപ്പല്‍ ഗസ്സയിലെത്തി. ഫലസ്തീന് അടിയന്തര മാനുഷിക സഹായം നല്‍കുന്നതിനായി യുഎഇ ആരംഭിച്ച ഓപ്പറേഷന് ചിവാലറസ് നൈറ്റ് 3യുടെ ഭാഗമായാണ് നിരവധി ദുരിതാശ്വാസ സാമഗ്രികളുമായി യുഎഇ സഹായ കപ്പല്‍ എത്തിയത്. കടുത്ത ഭക്ഷ്യക്ഷാമവും അടിസ്ഥാന ജീവിത സാഹചര്യങ്ങളുടെ തകര്‍ച്ചയും കാരണം ജീവിതം വഷളായിക്കൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ക്കും ദുരിതബാധിത കുടുംബങ്ങള്‍ക്കുമുള്ള ഭക്ഷണം,വെള്ളം,മരുന്ന് എന്നിവയാണ് സഹായ കപ്പിലിലുള്ളത്. ഗസ്സയിലെ ജനങ്ങളുടെ അടിയന്തിര ആവശ്യങ്ങള്‍ക്കും ദാരുണമായ സാഹചര്യങ്ങള്‍ക്കും വലിയ ആശ്വാസമാണ് യുഎഇയുടെ സഹായഹസ്തം.
അഷ്ദോദ് തുറമുഖത്ത് നങ്കൂരമിട്ട കപ്പലില്‍ ഭക്ഷ്യപ്പൊതികളും മാവ്,ഈത്തപ്പഴം,പാല്,ചായ തുടങ്ങിയ അവശ്യവസ്തുക്കള്‍ അടങ്ങിയ കുട്ടികളുടെ പാക്കേജുകളുള്‍പ്പെടെ 2,500 ടണ്‍ വിവിധ സഹായ സാധനങ്ങളുണ്ട്. ജനങ്ങളെ സഹായിക്കുക,അവരുടെ ദുരിതങ്ങള്‍ ലഘൂകരിക്കുക,കഠിനമായ സാഹചര്യങ്ങളെയും ജീവന് ഭീഷണിയായ ഭക്ഷ്യക്ഷാമത്തെയും ലഘൂകരിക്കുക എന്നിവയാണ് ഇതിലൂടെ യുഎഇ ലക്ഷ്യമാക്കുന്നത്. ഫലസ്തീന് ജനതയോടുള്ള രാജ്യത്തിന്റെ ഐക്യദാര്‍ഢ്യത്തിന്റെയും മാനുഷിക പ്രതിബദ്ധതയുടെയും പ്രതിഫലനമാണ് ജീവകാരുണ്യ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് യുഎഇ നടത്തിക്കൊണ്ടിരിക്കുന്ന കാമ്പയിന്. ലഭ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും ഗസ്സയിലേക്കുള്ള യുഎഇയുടെ സഹായ പ്രവാഹം തുടരുകയാണ്. എല്ലാ സാഹചര്യങ്ങളിലും ഫലസ്തീന് ജനതയ്ക്കൊപ്പം നില്ക്കുന്നതില് യുഎഇയുടെ അചഞ്ചലമായ സമീപനത്തെ ശക്തിപ്പെടുത്തുന്നതാണിത്. 2023 നവംബര്‍ അഞ്ചിന് ഓപ്പറേഷന് ചിവാലറസ് നൈറ്റ് 3 ആരംഭിച്ചതിനുശേഷം ഫലസ്തീന് കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനും അവരുടെ മാനുഷിക ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനുമായി ഇതിനകം യുഎഇ നിരവധി സഹായ കപ്പലുകള്‍ ഗസ്സയിലേക്ക് അയച്ചിട്ടുണ്ട്.