
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: ദുബൈക്കു പിന്നാലെ അബുദാബിയിലും എയര്‍ ടാക്സി പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇന്നലെ അല്‍ ബതീന്‍ എക്സിക്യൂട്ടീവ് വിമാനത്താവളത്തില്‍ നിന്നാണ് എയര്‍ ടാക്സി ആദ്യമായി പറന്നുയര്‍ന്നത്. അടുത്ത വര്‍ഷം ആദ്യം സര്‍വീസ് നടത്താനിരിക്കുന്ന എയര്‍ ടാക്സിയുടെ ലോഞ്ചിങ്ങിനു മുന്നോടിയായി യുഎസ് ആസ്ഥാനമായുള്ള ആര്‍ച്ചര്‍ ഏവിയേഷനും അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഓഫീസുമാണ് (അഡിയോ) പരീക്ഷണ പറക്കല്‍ ഒരുക്കിയത്. ആദ്യ പരീക്ഷണം വന്‍ വിജയകരമായിരുന്നുവെന്ന് ആര്‍ച്ചര്‍ ഏവിയേഷനും അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഓഫീസും (അഡിയോ) സംയുക്തമായി പ്രഖ്യാപിച്ചു.
യുഎഇയില്‍ പറക്കും ടാക്സികള്‍ സര്‍വീസ് നടത്താന്‍ പ്രാപ്തമാണെന്ന് തങ്ങള്‍ക്ക് ബോധ്യപ്പെട്ടതായി യുഎഇയിലെ ആര്‍ച്ചര്‍ ഏവിയേഷന്‍ മാനേജര്‍ ഡോ.താലിബ് അല്ഹിനായും പറഞ്ഞു. ആര്‍ച്ചറിന്റെ ആദ്യ ആഗോള വിക്ഷേപണ വിപണിയായ യുഎഇ തലസ്ഥാനത്ത് ആര്‍ച്ചര്‍ തങ്ങളുടെ മിഡ്നൈറ്റ് വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ വിജയകരമായാണ് പൂര്‍ത്തിയാക്കിയത്. ഈര്‍പ്പവും പൊടിയും നിറഞ്ഞ സവിശേഷമായ വേനല്‍ക്കാല അന്തരീക്ഷത്തെ എയര്‍ ടാക്സികള്‍ എങ്ങനെ നേരിടുമെന്ന് മനസിലാക്കാന്‍ വേനല്‍ക്കാലം അവസാനിക്കും വരെ പരീക്ഷണം തുടരും. തുടര്‍ന്ന് നഗരത്തിന് മുകളിലൂടെ പരീക്ഷണ പറക്കല്‍ നടത്തും. അടുത്ത വര്‍ഷം തുടക്കത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഇവ സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലംബമായി ആകാശത്തേക്കുയര്‍ന്ന പറക്കും ടാക്സി ഉയര്‍ന്ന താപനിലയിലും ഈര്പം കൂടുതലുള്ള അവസ്ഥയിലും പൊടിപടലങ്ങളുള്ള അന്തരീക്ഷത്തിലും എങ്ങനെ പറക്കുന്നുവെന്ന് മനസിലാക്കിയ ശേഷമാണ് തിരിച്ചിറക്കിയത്. രാജ്യത്ത് ആദ്യമായി അവതരിപ്പിച്ച എയര്‍ ടാക്സി യുഎഇയുടെ അന്തരീക്ഷ അവസ്ഥകള്‍ പരിശോധിക്കുന്നതിലാണ് ഇന്നലെ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചത്. അതിനാല്‍ ഇത് തങ്ങളുടെ പൈലറ്റ് പരീക്ഷണം മാത്രമല്ല, ഈ വര്‍ഷം അവസാനത്തോടെ അബുദാബിയില്‍ പറക്കും ടാക്സി പ്രവര്‍ത്തനക്ഷമമാക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബുദാബിയിലും യുഎഇയിലും എയര്‍ ടാക്സികളുടെ വാണിജ്യവത്കരണം സാധ്യമാക്കുന്നതിനായുള്ള നിരവധി നടപടികളുടെ ആദ്യപടിയാണിത്. എയര്‍ ടാക്സി സേവനം മാത്രമല്ല,ആര്‍ച്ചര്‍ ഏവിയേഷനുമായി ചേര്‍ന്ന് അല്‍ ഐനിലെ കേന്ദ്രത്തില്‍ പൈലറ്റ് പരിശീലനം മുതല്‍ എംആര്‍ഒകള്‍, ടാലന്റ് ഡെവലപ്മെന്റ്,എയര്‍ ടാക്സി നിര്‍മാണം തുടങ്ങിയവ കൂടി പദ്ധതിയുണ്ടെന്ന് അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഓഫീസ് ഓട്ടോണമസ് മൊബിലിറ്റി ആന്റ് റോബോട്ടിക്സ് മേധാവി ഉമ്രാന് മാലിക് പറഞ്ഞു. ഇതിനായി പാഠ്യപദ്ധതികളും ഹ്രസ്വ ഡിപ്ലോമകളും നടപ്പാക്കുന്നതിന് സര്‍വകലാശാലകളുമായി ആശയവിനിമയത്തിലാണ്. സര്‍വീസ് തുടങ്ങും മുമ്പ് യുഎഇയില്‍ ചെറിയ രീതിയിലുള്ള എയര്‍ ടാക്സി കമ്പനി ആരംഭിക്കാനും ആര്‍ച്ചര്‍ ഉദ്ദേശിക്കുന്നുണ്ട്.
ഇനി വെര്‍ട്ടിപോര്‍ട്ടുകളും എയര്‍ ടാക്സികളുടെ വ്യോമാതിര്‍ത്തി വരുന്ന സ്ഥലങ്ങളില്‍ ഓഫീസുകളുടെ നിര്‍മാണവുമാണ് മുന്‍ഗണനയിലുള്ളതെന്ന് ഉമ്രാന് മാലിക് പറഞ്ഞു. ആര്‍ച്ചറിന്റെ പറക്കും ടാക്സികളുടെ നിര്‍മാണം 2027 മുതല്‍ അല്‍ഐനില്‍ ആരംഭിക്കും. മറ്റു രാജ്യങ്ങളിലേക്ക് എയര്‍ ടാക്സികള്‍ കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്. യാത്രാനിരക്ക് തീരുമാനിച്ചിട്ടില്ല. എയര്‍ ടാക്സികള്‍ പൊതുവെ ആഢംബര യാത്രക്കാര്‍ക്ക് മാത്രമുള്ളതാണ്. എന്നാല്‍ അബുദാബിയില്‍ അങ്ങനെയല്ല തങ്ങള്‍ ഉദ്ദേശിക്കുന്നത്. കൂടുതല്‍ വെര്‍ട്ടിപോര്‍ട്ടുകളും എയര്‍ ടാക്സികളും അവതരിപ്പിക്കുന്നതോടെ കുറഞ്ഞ യാത്രാ നിരക്കോടെ ദൈനംദിന സര്‍വീസായി പൊതുജനങ്ങള്‍ക്ക് നല്കാന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
രുണ്ടു ദിവസം മുമ്പാണ് ദുബൈയില്‍ ജോബി ഏവിയേഷന്‍ എയര്‍ ടാക്സിയുടെ വിജയകരമായ പരീക്ഷണം നടത്തിയത്. അടുത്ത വര്‍ഷത്തോടെ രണ്ടു എമിറേറ്റുകളുടെയും ആകാശപാതയില്‍ പറക്കും ടാക്സികള്‍ സര്‍വീസ് നടത്തുന്നതിന് കാത്തിരിക്കുകയാണ് യുഎഇ.