
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
യുഎഇ ജുമുഅ ഖുതുബ മലയാളം പരിഭാഷ
അല്ലാഹു മനുഷ്യരെ സംശുദ്ധമായ പ്രകൃതത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത്. എല്ലാ മതങ്ങളും ഇസങ്ങളും വേദഗ്രന്ഥങ്ങളും അത് ദൈവികവും ആദിമവുമായ ഋജുഗുണമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. അതാണ് സംശുദ്ധ പ്രകൃതം. അറബിയില്‍ ഫിത്വ്റത്ത് എന്ന് പറയപ്പെടുന്നു. അല്ലാഹു മനുഷ്യരെ ശുദ്ധ പ്രകൃതത്തില്‍ സൃഷ്ടിച്ചുവെന്ന പരാമര്‍ശം പരിശുദ്ധ ഖുര്‍ആനില്‍ സൂറത്തുര്‍റൂം 30ാം സൂക്തത്തില്‍ കാണാം. അവിടെ ഫിത്വ്റതിന്റെ ക്രിയാരൂപമായ ഫിത്വറ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. സൂറത്തുല്‍ ബഖറ 138ാം സൂക്തത്തില്‍ കാണാം. അല്ലാഹുവിന്റെ വര്‍ണം സ്വീകരിക്കുക. അവന്റേതിനെക്കാള്‍ ഉല്‍കൃഷ്ട വര്‍ണമായി ആരുണ്ട്. സ്വിബ്ഗത്ത് എന്നാണ് അവിടെ പ്രയോഗിച്ചിരിക്കുന്നത്.
ഫിത്വ്റത് എന്നാല്‍ ഓരോ മനുഷ്യനിലും അവന് ജനിക്കുമ്പോള്‍ തന്നെയുള്ള പരിശുദ്ധവമായ അടിസ്ഥാനഗുണമാണ്. ഓരോ കുട്ടിയും ഈ ശുദ്ധപ്രകൃതത്തിലാണ് ജനിക്കുന്നതെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്.(ഹദീസ് ബുഖാരി,മുസ്ലിം). അതായത് സത്യവിശ്വാസം സ്വീകരിക്കാനും എല്ലാ സല്സ്വഭാവഗുണങ്ങളും സല്‍പ്രവര്‍ത്തനങ്ങളും ചെയ്യാനും. മൂല്യങ്ങളും മഹത് ഭാവങ്ങളും സിദ്ധിക്കാനും പ്രാപ്തനായിട്ടാണ് ഓരോ ആളും ജനിക്കുന്നത്. സ്രഷ്ടാവായ ദൈവത്തിനെക്കുറിച്ചുള്ള ജ്ഞാനവും അവനിലേക്കുള്ള മാര്‍ഗദര്‍ശനവും ഓരോരുത്തനിലുമുണ്ടായിരിക്കും. ഇബ്രാഹീം നബി (അ) പറയുന്നുണ്ട്. എന്നെ സൃഷ്ടിച്ചവന് എനിക്കു മാര്‍ഗദര്‍ശനം നല്‍കുന്നതാണ് (സൂറത്തുസ്സുഖ്റുഫ് 27). ആ ഫിത്വ്റതില് നാം പ്രപഞ്ചനിയന്താവായ ഒരു സ്രഷ്ടാവുണ്ടെന്നും അവന് എല്ലാം യുക്തമായി നിയന്ത്രിക്കുന്നുവെന്നും തിരിച്ചറിയുന്നു.
ഒാേരാരുത്തരും അവരുടെ അടിസ്ഥാനസ്വഭാവത്തിനും പ്രകൃതത്തിനും യോജ്യമായ രീതിയിലായിരിക്കും ഓരോന്നും ചെയ്യുക. അതായത് അല്ലാഹു പുരുഷനെ സൃഷ്ടിച്ചിരിക്കുന്നത് പൗരുഷത്തിന്റെയും പിതൃത്വത്തിന്റെയും മൂല്യങ്ങളിലാണ്. എന്നാല്‍ സ്ത്രീയെ സൃഷ്ടിച്ചിരിക്കുന്നത് ലാളിത്യത്തിന്റെയും മാതൃത്വത്തിന്റെയും ചേരുവകളോടെയാണ്. അതിനാല്‍ പ്രകൃതം തേടുന്നത് അല്ലാഹു സൃഷ്ടിച്ച സൃഷ്ടിരൂപത്തിന് അനുയോജ്യമായ രീതിയില്‍ നിലക്കൊള്ളാനാണ്. ഗര്‍ഭാശയത്തില്‍ സ്രവിക്കപ്പെടുന്ന ബീജത്തില്‍ നിന്ന് ആണും പെണ്ണുമായ ജോടികളെ അവനാണ് സൃഷ്ടിച്ചത് (സൂറത്തുന്നജ്മ് 45,46).
പുരുഷന്റെ വാക്കിലും പ്രവര്‍ത്തിയിലും ധീരതയും ശൗര്യവും പ്രകടമായിരിക്കും. അവന്റെ ഇടപാടുകളിലും ഇടപെടലുകളിലും ദൃഢതയും കടുപ്പവും കാണാനാവും. എന്നാല്‍ സ്ത്രീ വസ്ത്രധാരണയില്‍ ഏറെ ഔചിത്യം പാലിക്കുന്നവളായിരിക്കും. ഇടപെടുമ്പോള്‍ ലജ്ജ പ്രകടമായിരിക്കും. അവള് കുട്ടികളോട് ഏറെ വാത്സല്യവതിയായിരിക്കും.
അല്ലാഹു വിവാഹത്തെ പ്രകൃതിയാല്‍ ആണിനും പെണിനുമിടയിലുള്ള പരിശുദ്ധമായ ചേര്ച്ചയാക്കിയിരിക്കുകയാണ്. അതിന് എതിരാവുന്നവര്‍ സംശുദ്ധ പ്രകൃതത്തിനോടാണ് എതിരാവുന്നത്. സൃഷ്ടിപ്പിന്റെ പ്രകൃതസ്വഭാവത്തില് നിന്ന് മാറിനില്ക്കലുമാണത്. അതുവഴി ഭൂമിയില്‍ സന്താനോല്പാദനത്തില് കുറവ് സംഭവിക്കുകയും അരുതായ്മകള്‍ വര്‍ദ്ധിക്കുകയും ചെയ്യും. അങ്ങനെയുണ്ടാവുന്നത് അല്ലാഹുവിന്റെ സൃഷ്ടിപരമായ യുക്തിക്ക് എതിരു നില്‍ക്കുന്നതാണ്. നബി (സ്വ) പറയുന്നു: അല്ലാഹു പറഞ്ഞിട്ടുണ്ട്: ഞാന്‍ എന്റെ അടിമകളെ ഏവരെയും നേരായ പാതയില്‍ നിലയുറപ്പിച്ചരായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ ചിലരുടെ അടുക്കല്‍ പിശാചുക്കള്‍ വന്ന് മാര്‍ഗഭ്രംശം നടത്തുകയായിരുന്നു (ഹദീസ് മുസ്ലിം 2865). അതായത് ചിലര്‍ സംശുദ്ധ പ്രകൃതത്തില്‍ നിന്ന് തെന്നിമാറി അല്ലാഹു ഏകിയ സൃഷ്ടിപ്പില്‍ രൂപമാറ്റം വരുത്തി പിശാചിനൊപ്പം കൂടുകയാണ് ചെയ്യുന്നത്. അത്തരക്കാര്‍ സ്പഷ്ടമായി പരാജയത്തില്‍ പതിക്കുക തന്നെ ചെയ്യുമെന്ന് അല്ലാഹു താക്കീത് ചെയ്തിട്ടുണ്ട് (സൂറത്തുന്നിസാഅ് 119). അടിസ്ഥാനപ്രകൃതത്തിന്റെ പരിശുദ്ധിയും സാമൂഹിക മൂല്യങ്ങളും ഏവരും കാത്തുസൂക്ഷിക്കുക.
അല്ലാഹുവിനാണ് സര്‍വ സ്തുതികളും. നമ്മള് ജീവിക്കുന്നത് സംശുദ്ധ പ്രകൃതവും സാമൂഹിക നന്മകളും മഹിതമായ ആചാരാനുഷ്ഠാനങ്ങളും കാത്തുസൂക്ഷിക്കുന്ന സമൂഹത്തിലാണല്ലൊ. ഈ മഹാ അനുഗ്രഹത്തിന് അല്ലാഹുവിനോട് നാം നന്ദി കാട്ടേണ്ടിയിരിക്കുന്നു. നന്ദിപ്രകടനത്തിന്റെ പ്രധാന രൂപം എന്നത് ഈ അടിസ്ഥാന പ്രകൃതത്തിനും മൂല്യത്തിനും മാറ്റം വരുത്തുന്ന കാരിണികളെയും ഘടകങ്ങളെയും സൂക്ഷിക്കലാണ്. നമ്മളിലെ ചില യുവതീയുവാക്കളെ ഗ്രസിക്കുന്ന മ്ലേഛമായ നൂതന സംസ്കാരങ്ങളുടെയും വൈകൃതങ്ങളുടെയും കാര്യത്തില്‍ ജാഗ്രത അനിവാര്യമാണ്. വിത്യസ്ത ഇലക്ട്രോണിക് സാമൂഹ്യ മാധ്യമങ്ങളുടെ ചതിവലകളില്പ്പെട്ടേക്കാം. അല്ലാഹു നമ്മെ പടച്ച നമ്മുടെ പ്രകൃതത്തിലും പൈതൃകത്തിലും നാം അഭിമാനം കൊള്ളണം. പ്രകൃതത്തിന്റെ ധാരയില്‍ തെന്നിമാറരുത്. മുടി,വസ്ത്രം,നടത്തം,അനക്കം,ഇടപാട്,ഇടപെടല്‍,ബന്ധം എന്നിവയിലെല്ലാം സംസ്കാരം കൈവിടരുത്. ശരീരത്തില്‍ പച്ചകുത്തിയോ അടയാളങ്ങള്‍ വരച്ചോ കളിക്കരുത്. ആരെങ്കിലും ചെയ്യുന്ന ട്രെന്റിന് പിറകെ പോവരുത്. അന്ധമായ അനുകരണവും അരുത്.