
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അജ്മാന്: യുഎഇയില്‍ എയര്‍ ടാക്സികളുടെ മൂന്നാമത്തെ നഗരമാകാന്‍ അജ്മാന് ഒരുങ്ങുന്നു. ദുബൈയും അബുദാബിയും വിജയരമായ പരീക്ഷണ പറക്കല്‍ പ്രഖ്യാപിച്ചതോടെയാണ് അജ്മാനും പറക്കും ടാക്സികളുടെ പദ്ധതി തയാറാക്കുന്നത്. എയര്‍ ടാക്സികളുടെ ടേക്ക് ഓഫ്,ലാന്റിങ് സോണുകള്‍ നിര്‍മിക്കുന്നതില്‍ ലോകത്ത് മുന്‍പന്തിയിലുള്ള സ്കൈപോര്‍ട്ട്സ് ഇന്‍ഫ്രാസ്ട്രക്ചറുമായി അജ്മാന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചു. എയര്‍ ടാക്സികളും മറ്റു സ്മാര്‍ട്ട് ഏരിയല്‍ സൊല്യൂഷനുകളും എമിറേറ്റിലെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി എങ്ങനെ നടപ്പാക്കാമെന്ന ആശയവിനിമയത്തിലാണ് അജ്മാന്. അജ്മാന് ട്രാന്‍സ്പോര്‍ട്ട് ഡയരക്ടര്‍ ജനറല്‍ ഉമര്‍ മുഹമ്മദ് ലൂത്തയും മിഡില്‍ ഈസ്റ്റിലെ സ്കൈപോര്ട്ട്സിന്റെ ജനറല്‍ മാനേജര്‍ ഡാനിയേല്‍ ഒനീലുമാണ് ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവച്ചത്. ആഗോള മാറ്റങ്ങള്‍ക്കൊപ്പം നിലകൊള്ളുകയും അജ്മാനിലെ പുരോഗതി പ്രാപിച്ചുവരുന്ന സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യുന്ന ആധുനികവും കാര്യക്ഷമവുമായ ഹൈടെക് ഗതാഗത ശൃംഖല രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്മാര്‍ട്ട് എയര്‍ മൊബിലിറ്റിക്കായുള്ള ഗവേഷണം,പഠനങ്ങള്‍,ആസൂത്രണം എന്നിവയില്‍ ഇരുവിഭാഗവും ഒരുമിച്ചുപ്രവര്‍ത്തിക്കും. ഭാവിയിലെ ലാന്‍ഡിങ് സോണുകള്‍ക്കായുള്ള സാധ്യതയുള്ള സ്ഥലങ്ങള്‍ തിരിച്ചറിയല്‍,സാങ്കേതികവും പ്രവര്‍ത്തനപരവുമായ സന്നദ്ധത മെച്ചപ്പെടുത്തല്‍,ലോജിസ്റ്റിക്സ്,അടിയന്തര സേവനങ്ങള്‍ തുടങ്ങിയ പ്രധാന മേഖലകളില്‍ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന വഴികള്‍ കണ്ടെത്തുക എന്നിവ കരാറില്‍ ഉള്‍പ്പെടും.
സുസ്ഥിരവും നൂതനവുമായ ഭാവി ഗതാഗത ഓപ്ഷനുകള്‍ സ്വീകരിച്ചുകൊണ്ട് ഒരു സ്മാര്‍ട്ട് സിറ്റിയായി മാറാനുള്ള അജ്മാന്റെ പ്രതിബദ്ധതയാണ് പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നതെന്ന് ഉമര്‍ മുഹമ്മദ് ലൂത്ത പറഞ്ഞു. സുരക്ഷിതവും വിശ്വസനീയവും ഭാവിയിലേക്ക് പ്രാപ്തമായതുമായ ലോകോത്തര ഗതാഗത സംവിധാനം കെട്ടിപ്പടുക്കുന്നതിന് അന്താരാഷ്ട്ര വിദഗ്ധരുമായി സഹകരിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി.
അജ്മാനില്‍ നൂതനമായ വ്യോമ ഗതാഗത പരിഹാരങ്ങള്‍ ജീവസുറ്റതാക്കാനുള്ള മികച്ച അവസരമാണിതെന്നും പദ്ധതിയെ സ്വാഗതം ചെയ്യുന്നുവെന്നും സ്കൈപോര്ട്ട്സിലെ ഡാനിയേല്‍ ഒനീല്‍ പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഈ മേഖലയിലെ പുരോഗതിയോട് ചേര്‍ന്നുനില്‍ക്കുന്നതാണ് തങ്ങളുടെ പങ്കാളിത്തമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.