
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
റിയാദ്: കൊല്ലം സ്വദേശിയായ ബാബു സഊദി മരുഭൂമിയിലെ വിജനപ്രദേശത്ത് തള്ളിനീക്കിയത് നീണ്ട 23 വര്‍ഷങ്ങള്‍. ആടുകളും ഒട്ടകങ്ങളും പീഡനങ്ങളും നിറഞ്ഞ പ്രവാസ ദിനരാത്രങ്ങള്‍ കഴിഞ്ഞ കാലങ്ങള്‍ ഓര്‍ക്കാന്‍ ഇനി ബാബു ഒരിക്കലും ആഗ്രഹിക്കുന്നില്ല. രണ്ടു പതിറ്റാണ്ടിലേറെ കാലം പുറംലോകവുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. കുടുംബത്തെ കുറിച്ച് ഒരു വിവരവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ദുരിതകാലം എന്നെങ്കിലും തീരുമെന്ന പ്രതീക്ഷയില്ലാതെ ഒറ്റപ്പെട്ട ബാബുവിന് ഇതു രണ്ടാം ജന്മമാണ്. മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ടാണ് ബാബുവും സഊദിയില്‍ എത്തിയത്. എന്നാല്‍ എത്തിപ്പെട്ടത് ദുരിതജീവിതലേക്കായിരുന്നു. ഒടുവില്‍ സഊദിയിലുള്ള സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് വീട്ടുകാരും നാട്ടുകാരും മരിച്ചെന്ന് കരുതിയ ബാബു അത്ഭുതകരമായി നാട്ടിലേക്ക് തിരിച്ചെത്തിയത്.
2002 മാര്‍ച്ച് ആറിനാണ് ബാബു സഊദിയിലുള്ള ഒരു കമ്പനിയില്‍ പാചകക്കാരനായി ജോലിക്കെത്തിയത്. പരിമിതമായ ശമ്പളം. ഒപ്പം ജോലി ഭാരവും. ജോലി ഉപേക്ഷിച്ച് പോകാനൊരുങ്ങുമ്പോഴാണ് കമ്പനിയില്‍ സ്ഥിരം സന്ദര്‍ശകനായ ഒരു സഊദി പൗരനെ ബാബു പരിചയപ്പെടുന്നത്. മെച്ചപ്പെട്ട തൊഴിലും ശമ്പളവും നല്‍കാമെന്ന വ്യവസ്ഥയില്‍ ആ സഊദി പൗരന് ഒരു രാത്രി ബാബുവിനെ റിയാദ് പട്ടണത്തില്‍ നിന്നും ദൂരെ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. മണിക്കൂറുകള്‍ നീണ്ട യാത്ര ഒരു ഈത്തപ്പന തോട്ടത്തിലേക്കായിരുന്നു എന്ന് നേരം പുലര്‍ന്നപ്പോഴാണ് ബാബുവിന് മനസിലായത്.
ആട് മേക്കലും ഈത്തപ്പന തോട്ടം പരിചരണവുമായിരുന്നു ജോലി. കുടുംബവുമായി ബന്ധപ്പെടാന്‍ യാതൊരു വഴിയുമില്ല. കൃത്യമായി താന്‍ എവിടെയാണ് എത്തിയിരിക്കുന്നത് എന്നുപോലും മനസിലായില്ല. കൂട്ടിന് ആ മരുഭൂ പ്രദേശത്ത് ഒരു സുഡാന് സ്വദേശിയുമുണ്ട്. ജോലിക്ക് മാസം 300 റിയാല്‍ പ്രതിഫലം ലഭിക്കും. ഇവിടെ നിന്ന് രക്ഷപ്പെടാന്‍ യാതൊരു മാര്‍ഗവുമില്ല. ഒടുവില്‍ ജോലിയുമായി വര്‍ഷങ്ങള്‍ തള്ളി നീക്കി. അതിനിടയില്‍ തൊഴിലുടമ 5 വര്‍ഷം മുമ്പ് മരണപ്പെട്ടു. പിന്നീട് മകനാണ് എല്ലാം നോക്കി നടത്തിയിരുന്നത്. എന്നാല്‍, പിതാവിന്റെ അതേ രീതി തന്നെ മകനും തുടരുകയായിരുന്നു.
വര്‍ഷങ്ങള്‍ കഴിയുംതോറും നാട്ടിലെത്തണമെന്ന ചിന്ത കൂടി വന്നു. എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന് വിചാരിച്ചു മരുഭൂമിയിലൂടെ നടന്നപ്പോള്‍ അകലെ ഒരു ടാങ്കര്‍ ലോറി വരുന്നത് ബാബുവിന്റെ ശ്രദ്ധയില്‍പ്പെട്ടു. ആ ലോറി അടുത്തെത്തിയപ്പോള്‍ ഡ്രൈവറോട് സഹായം അഭ്യര്‍ത്ഥിച്ചു. ബാബുവിനെ ഡ്രൈവര്‍ ടാങ്കര്‍ ലോറിയില്‍ കയറ്റി പുറപ്പെട്ടു. പിന്നീട് റിയാദിലെത്തിക്കാന്‍ മറ്റൊരു വാഹനം ഏര്‍പ്പാട് ചെയ്ത് നല്‍കുകയും ചെയ്തു. റിയാദിലെത്തിയ ശേഷം ബാബു കുടുംബത്തെ ബന്ധപ്പെടുകയും സഊദിയില്‍ തന്നെയുള്ള ബന്ധുവിന്റെ നമ്പര്‍ സംഘടിപ്പിച്ച് അയാളുടെ അടുത്തെത്തുകയും ചെയ്തു. ബന്ധുവിന്റെ കൂടെ ജോലി ചെയ്യുന്ന മലപ്പുറം തുവ്വൂര്‍ സ്വദേശിയായ ഷമീറാണ് സാമൂഹിക പ്രവര്‍ത്തകനായ സിദ്ദീഖ് തുവ്വൂരിനെ ബന്ധപ്പെട്ടത്. ലഭ്യമായ രേഖകളും മറ്റ് വിവരങ്ങളും സംഘടിപ്പിച്ച് ബാബുവിനൊപ്പം സിദ്ദീഖ് തുവ്വൂര്‍ ഇന്ത്യന്‍ എംബസിയിലെത്തി.
പാസ്പോര്‍ട്ടില്ലാതിരുന്ന ബാബുവിന് എംബസി സഹായത്തോടെ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് തയാറാക്കി കൊടുത്തു. ശേഷം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ നസീം,ഷറഫ് എന്നിവരും സാമൂഹിക പ്രവര്ത്തകന് നേവലും ചേര്‍ന്ന് സഊദി നാടുകടത്തല്‍ കേന്ദ്രത്തിലെത്തുകയും ബാബുവിന്റെ വിഷയം ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തു. വിരലടയാളമുള്‍പ്പെടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് സഊദിയില്‍ നിന്നും ബാബു നാട്ടിലെത്തിയത്. മരണപ്പെട്ടുവെന്ന് എല്ലാവരും കരുതിയ ബാബുവിനെ തിരിച്ചുകിട്ടിയതിലുള്ള സന്തോഷത്തിലാണ് കുടുംബം.
ജോലി ചെയ്ത സ്ഥലത്തെ കുറിച്ചോ തൊഴിലുടമയെ കുറിച്ചോ ഒരു വിവരവും ബാബുവിന് അറിയാത്തതും യഥാര്‍ത്ഥ തൊഴിലുടമയുടെ കീഴിലല്ലാത്തതും നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് തടസ്സമായെന്ന് സാമൂഹിക പ്രവര്‍ത്തകനായ സിദ്ദീഖ് തുവ്വൂര്‍ പറഞ്ഞു. മനുഷ്യാവകാശ സമിതി ഉള്‍പ്പെടെ സജീവമായി ഇത്തരം വിഷയങ്ങളിലിടപെടുന്നത് കൊണ്ട് നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നുംഅദ്ദേഹംപറഞ്ഞു.