
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ഫുജൈറ: രണ്ടാമത് മെന്റല്‍ അരിത്മെറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഫുജൈറ അല്‍ ബദിയയിലെ സായിദ് വിദ്യാഭ്യാസ സമുച്ചയത്തില്‍ തുടക്കമായി. ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖിയുടെ നിര്‍ദേശപ്രകാരം നടക്കുന്ന ചാമ്പ്യന്‍ഷിപ്പ് മാനസിക ഗണിത നൈപുണ്യ വികസനത്തിലെ പ്രമുഖ സ്ഥാപനമായ ഇന്റര്‍നാഷണല്‍ സ്മാര്‍ട്ട് ബ്രെയിന്‍ സെന്ററിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. 200 ഇമാറാത്തി വിദ്യാര്‍ഥികള്‍ക്കായി ഗണിത ശാസ്ത്രത്തില്‍ തീവ്രപരിശീലനം നല്കുന്ന വേനല്‍ക്കാല പരിപാടിയാണിത്. കഴിഞ്ഞ മാര്‍ച്ചിലാണ് ഇതിന്റെ ആദ്യഘട്ടം ആരംഭിച്ചത്.
പൊതു,സ്വകാര്യ സ്കൂളുകളില്‍ നിന്നുള്ള 50 അധ്യാപകര്‍ക്ക് മാനസിക ഗണിത സാങ്കേതിക വിദ്യകളില്‍ ആദ്യഘട്ട പരിശീലനം നല്കി. ക്ലാസ് മുറിയിലെ നിര്‍ദേശങ്ങളിലൂടെയും പാഠ്യേതര പ്രവര്‍ത്തനങ്ങളിലൂടെയും ഈ കഴിവുകള്‍ വിദ്യാര്‍ഥികളിലേക്ക് കൈമാറാന്‍ പ്രാപ്തമായ വിദ്യാഭ്യാസ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനും ഫുജൈറയിലെ സ്കൂളുകളിലുടനീളം പ്രോഗ്രാം വ്യാപിപ്പിക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമാണിത്.
പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികളുടെയും അടിസ്ഥാന മാനസിക ഗണിത കഴിവുകള്‍ പരിചയപ്പെട്ടു കൊണ്ടാണ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യഘട്ടം ആരംഭിച്ചത്. സ്കൂളുകളില്‍ നിന്ന് കണക്കില്‍ കഴിവുള്ള മിടുക്കരായ കുട്ടികളെ കണ്ടെത്താന്‍ മത്സരങ്ങളും യോഗ്യതാ റൗണ്ടുകളും സംഘടിപ്പിച്ചു. ഇതില്‍ നിന്ന് 200 വിദ്യാര്‍ഥി പ്രതിഭകളെ തിരഞ്ഞെടുത്തു. രണ്ടാം ഘട്ടത്തിനുള്ള തയാറെടുപ്പിനായായി ഈ കുട്ടികള്‍ ഇപ്പോള്‍ പ്രത്യേക തീവ്രപരിശീലനത്തിലാണ്.
യുവമനസുകളില്‍ നിക്ഷേപം നടത്തുന്നതിനും ഭാവി വെല്ലുവിളികളെ നേരിടുന്നതിനും ഫുജൈറയുടെ സമഗ്ര വികസനത്തിന് സംഭാവന നല്‍കുന്നതിനും ആവശ്യമായ വൈജ്ഞാനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് അവരെ സജ്ജരാക്കുന്നതിനുമുള്ള എമിറേറ്റിന്റെ പ്രതിബദ്ധതയാണ് ഭാവി സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് ഫുജൈറ കിരീടാവകാശിയുടെ ഓഫീസ് ഡയരക്ടര്‍ ഡോ.അഹമ്മദ് ഹംദാന്‍ അല്‍ സെയൂദി പറഞ്ഞു.