
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: തന്റെ പിതാവ് ക്രൂരമായി മര്‍ദിക്കുന്നുവെന്ന പരാതിയുമായി പത്തു വയസുകാരന് ദുബൈ പൊലീസിന്റെ സ്മാര്‍ട്ട് ആപ്പിലേക്ക് സഹായം തേടി സന്ദേശമയച്ചു. ഇതേതുടര്‍ന്ന് പൊലീസും ശിശുസംരക്ഷണ വകുപ്പും അടിയന്തിര നടപടി സ്വീകരിച്ചു. എഎ എന്ന പേരിലാണ് കുട്ടി മൊബൈല്‍ ആപ്പില്‍ പരാതി റിപ്പോര്‍ട്ട് ചെയ്തത്. സഹോദരങ്ങളില്‍ നിന്ന് വ്യത്യസ്തമായി, തന്റെ പിതാവ് തന്നെ നിരന്തരം മര്‍ദിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. മര്‍ദനത്തിലെ മുറിവുകള്‍ സഹപാഠികളില്‍ നിന്ന് മറച്ചുവച്ച കുട്ടിയുടെ പഠനത്തിലും കുറവ് കണ്ടിരുന്നു. സ്കൂള്‍ അധികൃതരില്‍ ഇത് ആശങ്കയുണ്ടാക്കി. കുട്ടിയില്‍ അസ്വസ്ഥതയുടെ ലക്ഷണങ്ങളും ശരീരത്തില്‍ ചതവുകളും ശ്രദ്ധയില്‍പ്പെട്ട സ്കൂള്‍ അധികൃതര്‍ ദുബൈ പൊലീസിനെ ബന്ധപ്പെട്ടു. വീട്ടില്‍ കൂടുതല്‍ ശിക്ഷ ലഭിക്കുമെന്ന് ഭയന്ന് കുട്ടി ആദ്യം പുറത്തു പറയാന്‍ ഭയപ്പെട്ടിരുന്നുവെന്ന് ചൈല്‍ഡ് ആന്റ് വുമണ്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയരക്ടര്‍ ലഫ്.കേണല്‍ ഡോ.അലി അല്‍ മതൂഷി പറഞ്ഞു.
സ്കൂളിലെ സാമൂഹിക പ്രവര്‍ത്തകന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കുട്ടി പൊലീസിന്റെ സ്മാര്‍ട്ട് ആപ്പില്‍ പരാതിപ്പെട്ടത്. റിപ്പോര്‍ട്ട് ലഭിച്ചതോടെ തങ്ങള്‍ക്ക് ഉടന്‍ ഇടപെടാന്‍ കഴിഞ്ഞുവെന്ന് അല്‍ മത്രോഷി പറഞ്ഞു. ദുബൈ പൊലീസ് വിളിച്ചുവരുത്തിയ പിതാവ് താന്‍ മകനെ അടിച്ചതായി സമ്മതിച്ചെങ്കിലും ഉപദ്രവിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പറഞ്ഞു. താന്‍ പിന്തുടരുന്ന രീതിയില്‍ മകന് നന്നാകുമെന്ന് വിശ്വസിച്ചുവെന്നും പിതാവ് വിശദീകരിച്ചു. പിതാവ് തന്റെ രക്ഷാകര്‍തൃ സമീപനം മാറ്റുമെന്ന് പ്രതിജ്ഞയെടുത്തതായി പൊലീസ് പറഞ്ഞു. ഉചിതമായ ഇടങ്ങളില്‍ നിയമനടപടി സ്വീകരിക്കുമെന്നും കുട്ടിയുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള തുടര്‍ നടപടികളോടെ മാനസികവും സാമൂഹികവുമായ പിന്തുണ തുടര്‍ന്നും നല്‍കുമെന്നും പൊലീസ് പറഞ്ഞു.