
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
യുഎഇ സഹിഷ്ണുതാ,സഹവര്‍ത്തിത്വ മന്ത്രാലയവും ഷാര്‍ജ ഗവണ്മെന്റ് റിലേഷന്‍സ് വകുപ്പും സഹകരണത്തിന് ധാരണയായി
ഷാര്‍ജ: വൈവിധ്യം,സാംസ്കാരിക ധാരണ,പരസ്പര മാനുഷിക മൂല്യങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ സഹകരണത്തിന്റെ പുതിയ വഴികള്‍ പങ്കുവക്കുന്നതിനായി യുഎഇ സഹിഷ്ണുതാ, സഹവര്‍ത്തിത്വ മന്ത്രാലയവും ഷാര്‍ജ ഗവണ്മെന്റ് റിലേഷന്‍സ് വകുപ്പും (ഡിജിആര്‍) ധാരണയായി. ഡിജിആര്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദേശീയ നയങ്ങളെ പിന്തുണയ്ക്കുന്നതിനും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനും ഇരു വകുപ്പുകളും യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
സംഭാഷണത്തിലും സഹവര്‍ത്തിത്വത്തിലും അധിഷ്ഠിതമായ സുസ്ഥിര വികസനത്തെക്കുറിച്ചുള്ള ഷാര്‍ജയുടെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ പരസ്പര ധാരണ. ഡിജിആര്‍ ചെയര്മാന് ശൈഖ് ഫാഹിം അല്‍ ഖാസിമിയും യുഎഇ മന്ത്രാലയത്തിലെ നയതന്ത്ര,ആസൂത്രണ സ്ഥാപന ഉപദേഷ്ടാവ് റാഷിദ് ഇബ്രാഹീം അല്‍ നുഐമിയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ആശയ കൈമാറ്റം വളര്‍ത്തിയെടുക്കുന്നതിനും മികച്ച രീതികള്‍ ആവിഷ്കരിക്കുന്നതിനും സ്ഥാപനങ്ങളിലും സമൂഹങ്ങളിലും ആദരവിന്റെ സംസ്കാരം സമന്വയിപ്പിക്കാന്‍ സഹായിക്കുന്നതുമായ ഗവ.ഇന്‍കുബേറ്റര്‍ ടോളറന്‍സ്, ടോളറന്‍സ് പള്‍സ് അവാര്‍ഡ് തുടങ്ങിയ സംരംഭങ്ങളെക്കുറിച്ച് ഇരുവരും പുതിയ ആശയങ്ങള്‍ കൈമാറി.
ദൈനംദിന ജീവിതത്തില്‍ സഹിഷ്ണുതയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യം ശൈഖ് ഫാഹിം അല്‍ ഖാസിമി എടുത്തുപറഞ്ഞു. ഈ മൂല്യങ്ങള്‍ നമ്മുടെ സ്വത്വത്തിന്റെ ഭാഗമാണ്. സമത്വം,തുറന്ന മനസ്,പരസ്പര ബഹുമാനം എന്നിവയില്‍ വിശ്വസിച്ചിരുന്ന രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ദര്‍ശനത്തില്‍ നിന്നാണ് ഇവ രൂപപ്പെടുന്നത്. ഇന്ന് നമ്മുടെ ജ്ഞാനപൂര്‍വമായ നേതൃത്വത്തിനു കീഴിയില്‍ ആ അടിത്തറയില്‍ നിന്നാണ് തങ്ങള്‍ എല്ലാം കെട്ടിപ്പടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇ സഹിഷ്ണുത,സഹവര്‍ത്തിത്വ മന്ത്രാലയവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് ഈ മൂല്യങ്ങളെ യഥാര്‍ത്ഥ പ്രവര്‍ത്തനങ്ങളാക്കി മാറ്റാന്‍ തങ്ങള്‍ക്ക് സഹായകമാകുമെന്നും ഷാര്‍ജയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിനു കീഴില്‍ എല്ലാവരെയും ഒരുമിപ്പിക്കുന്ന സംരംഭങ്ങള്‍ക്ക് നേതൃത്വം നല്കാന് പരസ്പര സഹകരണം ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഹിഷ്ണുത,സഹവര്‍ത്തിത്വ മന്ത്രാലയം ദേശീയ സഹിഷ്ണുതാ പരിപാടികള്‍ക്ക് നേതൃത്വം നല്കുന്നു.സമാധാനം,ഐക്യം,വികസനം എന്നിവയ്ക്കുള്ള പ്രധാന അവലംബമായി സഹിഷ്ണുതയെ പ്രോത്സാഹിപ്പിക്കുന്നതിനായി മന്ത്രാലയം പ്രാദേശിക,അന്തര്‍ദേശീയ സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സംസ്കാരത്തിന് ഷാര്‍ജ മുമ്പേ അംഗീകരിക്കപ്പെട്ടതാണ്. പള്ളികളും മ്യൂസിയങ്ങളും,സാംസ്കാരിക കേന്ദ്രങ്ങളും ഐക്യത്തോടെ നിലനില്‍ക്കുന്ന പാരമ്പര്യങ്ങളുടെയും വിശ്വാസങ്ങളുടെയും ഊര്‍ജസ്വലമായ സംയോജനമാണ് പ്രദാനം ചെയ്യുന്നത്.ഷാര്‍ജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനും വത്തിക്കാന്‍ മ്യൂസിയങ്ങളും തമ്മിലുള്ള സഹകരണം ഇതില്‍ പ്രധാനമാണ്. അപൂര്‍വവും അമൂല്യവുമായ പുരാവസ്തുക്കലെ സംരക്ഷിക്കാന്‍ ഇതിലൂടെ സാധ്യമാകുന്നു. എമിറേറ്റിലുടനീളമുള്ള 10 പള്ളികളുടെ സാന്നിധ്യം മതാന്തര ബഹുമാനത്തോടുള്ള ഷാര്‍ജയുടെ സമര്‍പ്പണത്തിന് അടിവരയിടുന്നതാണ്. ഇത്തരം സംരംഭങ്ങള്‍ക്ക് ഷാര്‍ജ എന്നും മാതൃകയാണ്. സാംസ്കാരിക വൈവിധ്യം മാത്രമല്ല, സമാധാനത്തിലധിഷ്ഠിതമായ ഭാവി സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാന ശിലയായാണ് ഭരണാധികാരികള്‍ ഇതിനെ കാണുന്നത്.