
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി ഹെറിറ്റേജ് അതോറിറ്റി പ്രതിനിധി സംഘം ശൈഖ് ഹംദാന്‍ ബിന്‍ സായിദുമായി കൂടിക്കാഴ്ച നടത്തി
അബുദാബി: ഇമാറാത്തി പൈതൃകം സംരക്ഷിക്കുകയും ഭാവി തലമുറകള്‍ക്ക് അത് കൈമാറുകയും ചെയ്യേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്ന് അല്‍ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞു. അല്‍ സീഫ് കൊട്ടാരത്തില്‍ അബുദാബി ഹെറിറ്റേജ് അതോറിറ്റി ചെയര്മാന് ഫാരിസ് ഖലഫ് അല്‍ മസ്രൂയിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിനും സമൂഹത്തില്‍ അതിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുമുള്ള ദേശീയ പരിപാടികളുടെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്.
യുഎഇയുടെ നേതൃത്വത്തിന്റെ ആഴത്തില്‍ വേരൂന്നിയ സ്വത്വത്തെയും ദര്‍ശനത്തെയും പ്രതിഫലിപ്പിക്കുന്നതാണ് ഈ ഉത്തരവാദിത്തമെന്നും ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അഭിപ്രായപ്പെട്ടു. ഇമാറാത്തി പൈതൃകം രാജ്യത്തെ യുവാക്കളുടെ ജീവിതത്തില്‍ സുപ്രധാനവും പ്രചോദനാത്മകവുമായ സാന്നിധ്യമായി തുടരും. ഇമാറാത്തി പൈതൃകത്തെ ദേശീയ സ്വത്വത്തിന്റെ അടിസ്ഥാന സ്തംഭമായും ഭാവി തലമുറകള്‍ക്ക് പ്രചോദനത്തിന്റെ ഉറവിടമായും ഊന്നല്‍ നല്കുന്ന പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശങ്ങളില്‍ നിന്നും നിരന്തര പിന്തുണയില്‍ നിന്നുമാണ് ഈ താല്പര്യം ഉടലെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
അബുദാബി ഹെറിറ്റേജ് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടിക്കാഴ്ചയില്‍ അവലോകനം ചെയ്തു. തലമുറകളിലുടനീളം പൈതൃകത്തില്‍ വേരൂന്നിയ ദേശീയ സ്വത്വ മൂല്യങ്ങള്‍ ദൃഢീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അതോറിറ്റിയുടെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്ന 62ലധികം പദ്ധതികളും 231 പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്ന ചട്ടക്കൂടിന്മേല് വിശദമായ ചര്‍ച്ചകള്‍ നടന്നു. പൈതൃക സംരക്ഷണത്തിലൂടെയും പരമ്പരാഗത കരകൗശല വസ്തുക്കളുടെയും വ്യവസായങ്ങളുടെയും പിന്തുണയിലൂടെയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ശാക്തീകരിക്കുക,ഇമാറാത്തി പൈതൃകത്തിന്റെ ആഗോള സാന്നിധ്യം വര്‍ധിപ്പിക്കുക,കാവ്യ മേഖലയിലെ പ്രതിഭകളെ വളര്‍ത്തുക എന്നിവയാണ് ഹെറിറ്റേജ് അതോറിറ്റിയുടെ പുതിയ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍. അതോറിറ്റിയുടെയും അതിലെ ഉദ്യോഗസ്ഥരുടെയും ശ്രമങ്ങളെ ശൈഖ് ഹംദാന്‍ പ്രശംസിച്ചു. സമൂഹത്തിന്റെ അഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്നതും രാജ്യത്തിന്റെ പൊതുവായ സ്മാരകങ്ങളെ സംരക്ഷിക്കുന്നതുമായ സംരംഭങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
പ്രാദേശികമായും ആഗോളമായും യുഎഇയുടെ സാംസ്കാരിക സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും ഔട്ട്റീച്ച്,പൊതു ആശയവിനിമയ ഉപകരണങ്ങള്‍ മെച്ചപ്പെടുത്താനും അദ്ദേഹം നിര്‍ദേശിച്ചു. പ്രതിവര്‍ഷം നാലര ലക്ഷത്തിലേറെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന അല്‍ ദഫ്ര മേഖലയിലെ ഉത്സവത്തിന്റെയും പരിപാടികളുടെയും പദ്ധതികളുടെ വിശദാംശങ്ങളും പ്രതിനിധി സംഘം അദ്ദേഹത്തിന് വിശദീകരിച്ചു നല്കി.
അല്‍ദഫ്രയിലെ പ്രധാന പരിപാടിയായ ലിവ ഈത്തപ്പഴമേളയുടെ 21ാമത് പതിപ്പിന്റെ ഒരുക്കങ്ങളും സംഘം വിലയിരുത്തി. 116,000ത്തിലധികം സന്ദര്‍ശകരെ ആകര്‍ഷിക്കുകയും 14 ദശലക്ഷത്തിലധികം ദിര്‍ഹം വരുമാനം പ്രതീക്ഷിക്കുന്നതാണ് മേള. കര്‍ഷകരെയും ഉല്‍പ്പാദനക്ഷമമായ കൃഷിയിടങ്ങളെയും പിന്തുണയ്ക്കുന്നതിനൊപ്പം മേഖലയിലെ സാമ്പത്തിക,ടൂറിസം പ്രവര്‍ത്തനങ്ങളെയും ഇത് ഉത്തേജിപ്പിക്കുന്നു. യുഎഇയുടെ സമ്പന്നമായ പൈതൃകത്തിന്റെ പ്രതീകമായി ഈത്തപ്പഴത്തിന്റെ സ്ഥാനം ഇത് ശക്തിപ്പെടുത്തുന്നതായി മേള മാറും.
ഈത്തപ്പഴ മത്സരങ്ങള്‍ ഉള്‍പ്പെടെ 23 പരിപാടികളാണ് മേളയുടെ ഭാഗമായി നടക്കുന്നത്. ആകെ എട്ടു ദശലക്ഷത്തിലധികം ദിര്‍ഹം സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്. പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍, പരമ്പരാഗത വിപണികള്‍,ഉത്പാദനക്ഷമമായ കുടുംബങ്ങള്‍,പൈതൃക-കരകൗശല വസ്തുക്കള്‍ എന്നിവയ്ക്കായി പ്രത്യേക മേഖലകള്‍ ഫെസ്റ്റിവലില്‍ ഉള്‍പ്പെടുന്നു. അതുവഴി സാമൂഹിക പങ്കാളിത്തം വര്‍ധിപ്പിക്കുകയും ഭാവി തലമുറകളെ പരമ്പരാഗത ആചാരങ്ങളും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.