
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
പതിനേഴാമത് ബ്രിക്സ് ഉച്ചകോടി ബ്രസീലില്‍ സമാപിച്ചു
റിയോ ഡി ജനീറോ: ആഗോള വെല്ലുവിളികളെ നേരിടാന്‍ സഹകരണ രാഷ്ട്രങ്ങള്‍ തമ്മില്‍ പരസ്പര ധാരണ ശക്തിപ്പെടുത്തണമെന്ന് അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞു. ‘കൂടുതല്‍ സമഗ്രവും സുസ്ഥിരവുമായ ഭരണത്തിന് ആഗോള സഹകരണം ശക്തിപ്പെടുത്തല്‍’ എന്ന വിഷയത്തില്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ സമാപിച്ച പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാന രാഷ്ട്രങ്ങളുടെ ഒത്തുചേരല്‍ ബ്രിക്സിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതാണെന്നും യുഎഇ പ്രതിനിധി സംഘത്തിന് നേതൃത്വം നല്കിയ ശൈഖ് ഖാലിദ് എടുത്തുപറഞ്ഞു. സുസ്ഥിര വികസനത്തിലും സമൃദ്ധിയിലും അധിഷ്ഠിതമായ ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നത് രാജ്യങ്ങളുടെ പരസ്പര താല്പര്യങ്ങള് മുന്നോട്ടുകൊണ്ടുപോകുന്നതിനും ജനങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നതിനും സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. ആഗോള സുസ്ഥിരത കൈവരിക്കുന്നതിനുള്ള പ്രധാന മാര്‍ഗം സൃഷ്ടിപരമായ സംഭാഷണവും സാമ്പത്തിക സംയോജനവുമാണെന്ന യുഎഇയുടെ ദൃഢവിശ്വാസം ശൈഖ് ഖാലിദ് ആവര്‍ത്തിച്ച് വ്യക്തമാക്കി. രാജ്യങ്ങള്‍,പ്രാദേശിക ഘടകങ്ങള്‍,അന്താരാഷ്ട്ര സംഘടനകള്‍ എന്നിവയ്ക്കിടയില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിന് ബ്രിക്സിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉച്ചകോടിക്ക് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ആശംസ ശൈഖ് ഖാലിദ് അറിയിച്ചു. യുഎഇ പ്രസിഡന്റിന്റെ പ്രതിനിധിയായണ് ശൈഖ് ഖാലിദ് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുത്തത്. ബ്രസീല്‍ അധ്യക്ഷനായ ഈ വര്‍ഷത്തെ ഉച്ചകോടിയല്‍ ബ്രിക്സ് അംഗരാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും ഗവണ്മെന്റ് തലവന്മാരും ക്ഷണിക്കപ്പെട്ട രാജ്യങ്ങളിലെ നേതാക്കളും പ്രാദേശിക,അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു. ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ ഉച്ചകോടി ഉദ്ഘാടനം ചെയ്തു.
പ്രധാന സാമ്പത്തിക,വികസന വിഷയങ്ങള്‍,ആഗോള-ദക്ഷിണ രാജ്യങ്ങള്‍ക്കിടയിലെ സഹകരണം ശക്തിപ്പെടുത്തല്‍,ആഗോള ഭരണ സംവിധാനങ്ങള്‍ പരിഷ്കരിക്കല്‍,വ്യാപാര വിനിമയങ്ങളില്‍ പ്രാദേശിക കറന്‍സികളുടെ ഉപയോഗത്തെ പിന്തുണയ്ക്കല്,ഹരിത സമ്പദ്വ്യവസ്ഥയിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തല്‍, കാലാവസ്ഥാ ധനകാര്യ സംവിധാനങ്ങള്‍ വികസിപ്പിക്കല്‍,കൃത്രിമ ബുദ്ധി സാങ്കേതികവിദ്യകളുടെ ഉത്തരവാദിത്ത ഭരണം പ്രോത്സാഹിപ്പിക്കല്‍ എന്നിവയായിരുന്നു ഉച്ചകോടിയിലെ വിഷയങ്ങള്‍.
ഭക്ഷ്യസുരക്ഷ,ആരോഗ്യം,സാങ്കേതികവിദ്യ എന്നിവയില്‍ പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ലോകജനതയുടെ സമഗ്രവും സുസ്ഥിരവുമായ വികസനത്തിനായുള്ള ബ്രിക്സ് രാജ്യങ്ങളുടെ പ്രതിബദ്ധത ഊട്ടിയുററപ്പിക്കുന്നതിന്റെ പ്രാധാന്യം വിവിധ സെഷനുകളില്‍ ചര്‍ച്ച ചെയ്തു.
വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകള്ക്കിടയില് രാഷ്ട്രീയവും സാമ്പത്തികവുമായ സഹകരണം വര്‍ധിപ്പിക്കുന്നതിനായി 2009ല്‍ സ്ഥാപിതമായ ബ്രിക്സിലെ അംഗമെന്ന നിലയില്‍ യുഎഇ രണ്ടാം തവണയാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.