
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
'സമ്മര്‍ സ്പ്ലാഷ്' കാമ്പയിനിന്റെ ഭാഗമായാണ് പരിശീലനം
ഫുജൈറ: യുഎഇയിലെ ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്ത് കുട്ടികള്‍ക്ക് കുളിരുപകരാന്‍ വിവിധ പരിശീലനങ്ങളൊരുക്കി ‘ഫുജൈറ സമ്മര്‍’ കാമ്പയിന്. ഫുജൈറ ഇന്റര്‍നാഷണല്‍ മറൈന്‍ ക്ലബ് ഏഴു മുതല്‍ 16 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് സൗജന്യ വേനല്‍ക്കാല നീന്തല്‍,കയാക്കിങ് പരിശീലനം നല്‍കുന്നത്. ‘സമ്മര്‍ സ്പ്ലാഷ്’ എന്ന പ്രമേയത്തില്‍ ജൂണ്‍ 25ന് ആരംഭിച്ച ‘ഫുജൈറ സമ്മര്‍’ കാമ്പയിനിന്റെ ഭാഗമായാണ് ജലപരിശീലനം ഒരുക്കിയിട്ടുള്ളത്. ബീച്ച് സമ്മര്‍ ക്യാമ്പ് 21ന് സമാപിക്കും. അത്യാവശ്യ ജീവിത നൈപുണ്യം വികസിപ്പിക്കുന്നതിനും ആരോഗ്യകരമായ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും യോഗ്യതയുള്ള പ്രഫഷണലുകളുടെ മേല്‍നോട്ടത്തില്‍ ഘടനാപരമായ കായിക പരിശീലനം നല്കുന്നതിനുമായി ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ശര്‍ഖിയുടെ നിര്‍ദേശപ്രകാരമാണ് കാമ്പയിന് ആരംഭിച്ചത്.
വേനല്‍ക്കാല ബീച്ച് പ്രോഗ്രാമിനായി ഫുജൈറ ഇന്റര്‍നാഷണല്‍ മറൈന്‍ ക്ലബ് സമര്‍പ്പിച്ച സമഗ്ര പദ്ധതിയില്‍ കയാക്കിങ്,നീന്തല്‍,പവര്‍ബോട്ടിങ് തുടങ്ങിയ ശാരീരിക ജല കായിക വിനോദങ്ങള്‍ മാത്രമല്ല,സമുദ്ര പരിസ്ഥിതി സംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ബോധവത്കരണ പരിപാടികളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി 75 പേരാണ് ഇതുവരെ വേനല്‍ക്കാല പരിശീലനം പൂര്‍ത്തിയാക്കിയതെന്ന് സംഘാടകര്‍ വ്യക്തമാക്കി. വാരാന്ത്യങ്ങള്‍ ഒഴികെ എല്ലാ ദിവസവും വൈകുന്നേരം അഞ്ചു മണി മുതല്‍ ഏഴു മണി വരെയാണ് പരിശീലനം നല്‍കുന്നത്. സമൂഹത്തില്‍ സജീവവും ഉത്തരവാദിത്തമുള്ളതുമായ ജീവിതശൈലീ സംസ്കാരം വളര്‍ത്തിയെടുക്കുകയും യുവ പ്രതിഭകളെ കണ്ടെത്തി അവരില്‍ സമുദ്ര കായിക വിനോദങ്ങളുടെ മൂല്യത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുകയുമാണ് പരിശീലനത്തിന്റെ ലക്ഷ്യമെന്ന് ഫുജൈറ ഇന്റര്‍നാഷണല്‍ മറൈന്‍ ക്ലബ്ബ് അധികൃതര്‍ പറഞ്ഞു.