അബുദാബി അപകടം: നാലാമത്തെ കുട്ടിയും മരിച്ചു; മരണസംഖ്യ അഞ്ചായി
യുഎഇ ജുമുഅ ഖുതുബ മലയാള പരിഭാഷ

സത്യവിശ്വാസികളേ, നമുക്ക് വീണ്ടുമൊരു വേനല്‍ക്കാലം വന്നെത്തിയിരിക്കുന്നു. എല്ലാ കാലങ്ങളെയും പോലെ അല്ലാഹുവിന്റെ യുക്തിപരയ തീരുമാനവും കണക്കും അനുസരിച്ച് വന്നുപോവുന്ന ഒരു സമയമാണത്. വേനലില്‍ അല്ലാഹുവിന്റെ നിരവധി അനുഗ്രഹങ്ങളുണ്ട്. കാരുണ്യമുണ്ട്. വേനലിലെ നീണ്ട പകല്‍ സമയത്ത് നാം സമയത്തിലെ ബറകത്ത് അനുഭവിക്കുന്നു. ചൂട് കൂടുതലാണ്,പക്ഷേ അപ്പോഴാണ് മരങ്ങള്‍ ഫല സമ്പന്നമാവുന്നത്. പഴങ്ങള്‍ പഴുത്ത് പാകമാവുന്നത്. കൊടിയ ചൂട് അനുഭവിക്കേണ്ടി വരുമ്പോള്‍ നാം അതികഠിനമായ നരകച്ചൂടിനെ ഓര്‍ക്കുകയും അല്ലാഹുവിനോട് നരകത്തില്‍ നിന്ന് കാവല്‍ തേടുകയും ചെയ്യും. മാത്രമല്ല സ്വര്‍ഗം നല്കേണമേ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യും. പ്രവാചകന് പഠിപ്പിച്ചിട്ടുണ്ട്. ഒരാള്‍ അല്ലാഹുവിനോട് മൂന്നു തവണ സ്വര്‍ഗം ചോദിച്ചാല്‍ അല്ലാഹുവേ അവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കേണമേ എന്ന് സ്വര്‍ഗം അല്ലാഹുവിനോട് പറയും. ഒരാള്‍ മൂന്ന് തവണ അല്ലാഹുവിനോട് നരകത്തില്‍ നിന്ന് കാവല്‍ ചോദിച്ചാല്‍ അല്ലാഹുവേ അവനു നീ നരകത്തില്‍ നിന്ന് കാവല്‍ നല്കേണമേ എന്ന് നരകവും അല്ലാഹുവിനോട് അപേക്ഷിക്കും.
സത്യവിശ്വസികളേ, വേനല്‍ക്കാലം അല്ലാഹുവിന്റെ തീരുമാനമാണ്. പദ്ധതിയാണ്. വേനലിനെ ശപിക്കാനോ പഴിക്കാനോ നമുക്ക് അനുവാദമില്ല. ഖുദ്സിയ്യായ ഹദീസില്‍ അല്ലാഹു പറയുന്നതായി പ്രവാചകന് ഇങ്ങനെ പറഞ്ഞിട്ടുണ്ട്. മനുഷ്യര്‍ എന്നെ ബുദ്ധിമുട്ടിക്കുന്നു. അതായത് അവന് കാലത്തെ കുറ്റം പറയുന്നു. യഥാര്‍ത്ഥത്തില്‍ ഞാനാണ് കാലം. എന്റെ അടുത്താണ് എല്ലാ കാര്യങ്ങളും. രാവും പകലും മാറ്റിമറിക്കുന്നത് ഞാനാണ്. ചൂട് കൂടുതലായതു കൊണ്ട് നാം അസ്വസ്ഥരാവേണ്ടതില്ല. പ്രത്യേകിച്ച് നമുക്ക് ചൂടില്‍ നിന്ന് രക്ഷ നേടാന്‍ ഇന്ന് എത്രയോ സൗകര്യങ്ങളുണ്ട്. ശീതീകരണ യന്ത്രങ്ങളുണ്ട്. എയര്‍ കണ്ടീഷനുകളുണ്ട്. വാഹനങ്ങളുണ്ട്. ഇതൊന്നും നമ്മുടെ പൂര്‍വികര്‍ക്കും പ്രപിതാക്കന്മാര്ക്കും ഉണ്ടായിരുന്നില്ല എന്നു കൂടി നാം ഓര്‍ക്കുക. നഗ്നപാദരായി ചൂടുപിടിച്ച മണലിലൂടെ അവര്‍ നടന്നുപോയി. തണലേകാന്‍ മരങ്ങള്‍ പോലും അന്ന് വളരെ കുറവായിരുന്നു. എന്നിട്ടും അവര്‍ തൃപ്തരായി അല്ലാഹുവിന് കൃതജ്ഞത കാണിച്ച് ജീവിതം നയിച്ചു. കഠിനാധ്വാന ശാലികളായി. ഉത്രവാദിത്തങ്ങള് പൂര്‍ത്തിയാക്കി. നാം ഇന്ന് അവരെ കുറിച്ച് ചിന്തിക്കുക. ഇന്ന് നാം അനുഭവിക്കുന്ന അനുഗ്രഹങ്ങള്‍ ഓര്‍ക്കുക. എന്നിട്ട് അനുഗ്രഹ ദാതാവായ അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കുക. അവന്റെ ഹിക്മത്തിന് കീഴ്പ്പെടുക. അല്ലാഹു പറഞ്ഞിട്ടുണ്ട്.’ അല്ലാഹു അവന് സൃഷ്ടിച്ച നിരവധി വസ്തുക്കളില്‍ നിങ്ങള്‍ക്ക് തണല്‍ സംവിധാനിച്ചു. പര്‍വതങ്ങളില്‍ അവന് നിങ്ങള്‍ക്ക് അഭയസ്ഥാനമുണ്ടാക്കി.
നിങ്ങളെ ചൂടില്‍ നിന്ന് കാത്തുരക്ഷിക്കുന്ന വസ്ത്രങ്ങള്‍ അവന് നല്കി. യുദ്ധവേളകളില്‍ സംരക്ഷണമേകുന്ന കവചങ്ങളും അവന് പ്രദാനം ചെയ്തു. ഇപ്രകാരം അല്ലാഹു അവന്റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കവന്‍ പൂര്‍ത്തീകരിച്ചു തന്നു. നിങ്ങള്‍ വിധേയത്വമുള്ളവരാവാനാണത്.’ ആകാശ ഭൂമികളുടെയും സര്‍വ ലോകങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിനാണ് സര്‍വ സ്തുതികളും. നമുക്ക് ഈ സുഖ സൗകര്യങ്ങളെല്ലാം സംവിധാനിച്ച നമ്മുടെ രാജ്യ നേതൃത്വത്തിന് പ്രാര്‍ഥനാനിര്‍ഭരമായ കൃതജ്ഞതയും. നമുക്കിവിടെ വേനല്‍ക്കാലം ശൈത്യകാലം പോലെ സുന്ദരമാണ്. സത്യവിശ്വാസികളേ, നമ്മുടെ നാട് വേനല്‍ക്കാലത്ത് വിവിധ പദ്ധതികളും പരിപാടികളും സംഘടിപ്പിച്ച് നമ്മെ ആശ്വസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഉപകാരപ്രദവും നമ്മുടെ മക്കള്‍ക്ക് ഏറെ ഗുണകരവുമായ പല പരിപാടികളും ഇപ്പോള്‍ നടന്നുവരുന്നു. എത്രയെത്ര വേനല്‍ക്കാല ക്യാമ്പുകള്‍ നടക്കുന്നു. ഖുര്‍ആന്‍ പഠനത്തിന് ധാരാളം മജ്ലിസുകളുണ്ട്. പള്ളികളില്‍ ദിക്റുകളും ദുആകളുമുണ്ട്. അവയില്‍ നാം ശ്രദ്ധാലുക്കളാവുക. നാം പങ്കാളികളാവുന്നതോടൊപ്പം മക്കളെയും അതിന്റെ ഭാഗമാക്കുക. വലിയ പ്രതിഫലം ലഭിക്കാന്‍ അത് കാരണമാവും. ഈ വേനലവധി കഴിയുമ്പോഴേക്ക് നമ്മുടെ ഒന്നോ രണ്ടോ ജുസ്അ് ഖുര്‍ആന്‍ മനപാഠമാക്കട്ടെ. അല്ലെങ്കില്‍ അത് സുന്ദരമായി പാരായണം ചെയ്യാന്‍ പഠിക്കട്ടെ. മക്കള്‍ എങ്ങനെയാണ് വുളൂ ചെയ്യുന്നത് എന്നും എങ്ങനെ നിസ്കരിക്കുന്നു എന്നും എങ്ങനെ ഖുര്‍ആന്‍ ഓതുന്നു എന്നും നാം മനസിലാക്കണം. അവരുടെ സ്വഭാവവും പെരുമാറ്റവും നിരീക്ഷിക്കണം. അതേസമയം കളികള്‍ക്കും വിനോദങ്ങള്‍ക്കുമുള്ള അവരുടെ അവകാശവും മറന്നുപോവരുത്. ഈ നാട്ടില്‍ പല വിനോദ കേന്ദ്രങ്ങളുണ്ട്. സുന്ദരമായ സന്ദര്‍ശന സ്ഥലങ്ങളുണ്ട്. മക്കളെ അവിടങ്ങളില്‍ കൊണ്ടുപോവണം. അവര്‍ കാഴ്ചകള്‍ ആസ്വദിക്കട്ടെ. സംസ്കാരവും നാഗരികതയും പഠിക്കട്ടെ.
മക്കളേ, ഈ വേനലവധിക്കാലം വൃഥാ കഴിഞ്ഞുപോയവരാവരുത് നിങ്ങള്‍. മറിച്ച് എന്തെങ്കിലും ഒരു നൈപുണി,ഒരു വൈദഗ്ധ്യം ഈ അവധിക്കാലത്ത് നിങ്ങള്‍ കരസ്ഥമാക്കണം. കുറച്ചു സമയം ശാരീരിക വ്യായാമത്തിനും മാനസിക ഉല്ലാസത്തിനും മാറ്റിവെക്കുകയും വേണം. കാരണം പ്രവാചകര്‍ പഠിപ്പിച്ചതു പോലെ,നമ്മുടെ ശരീരത്തോട് നമുക്ക് ബാധ്യതയുണ്ട്.