
വേള്‍ഡ് ചലഞ്ച്: ചൈനയിലെ സെല്‍ഫ് ഡ്രൈവിങ് വാഹനങ്ങള്‍ ദുബൈ പരിശോധിച്ചു
ഷാര്‍ജ: എമിറേറ്റില്‍ അടിയന്തര ഭവന സഹായം ആവശ്യങ്ങമുള്ള 431 കുടുംബങ്ങള്‍ക്ക് ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 335 മില്യണ്‍ ദിര്‍ഹം അനുവദിച്ചു. ഷാര്‍ജയിലെ പൗരന്മാര് നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ‘ഡയരക്ട് ലൈന്‍’ റേഡിയോ പ്രോഗ്രാമിലാണ് ഭരണാധികാരി അടിയന്തിര സഹായം പ്രഖ്യാപിച്ചത്. ഈ സഹായധനം പൂര്‍ണമായും ഭവന ഗ്രാന്റായി നല്‍കുമെന്ന് ഷാര്‍ജ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹൗസിങ്് ചെയര്മാന് ഖാലിദ് ബിന്‍ ബുട്ടി അല്‍ മുഹൈരി പറഞ്ഞു. സഹായത്തിന് അര്‍ഹരായവരില്‍ 133 കുടുംബം നിലവില്‍ വാടക വീടുകളിലാണ് താമസിക്കുന്നത്. കൂടുതല്‍ അംഗങ്ങളുള്ള തിരക്കേറിയ വീടുകളിലാണ് 201 കുടുംബങ്ങള്‍ താമസിക്കുന്നതെന്നും അല്‍ മുഹൈരി പറഞ്ഞു.
മറ്റു 61 കുടുംബങ്ങള്‍ നിയമപരമായി വിഹിതം വെക്കാന്‍ അനുയോജ്യമല്ലാത്ത പാരമ്പര്യ വീടുകളിലാണ് താമസിക്കുന്നത്. കൂടാതെ 36 കുടുംബങ്ങള്‍ ഘടനാപരമായി മോശമായതും തകര്‍ന്നുകൊണ്ടിരിക്കുന്നതുമായ വീടുകളിലും താമസിക്കുന്നവരാണ്. ഈ കുടുംബങ്ങളെല്ലാം ഗുരുതരമായ കേസുകളുടെ വിഭാഗത്തില്‍ പെടുന്നവരാണെന്നും അവര്‍ക്ക് സര്‍ക്കാര്‍ ഭവന യൂണിറ്റുകള്‍ നല്‍കുമെന്നും അല്‍ മുഹൈരി കൂട്ടിച്ചേര്‍ത്തു.