
യുഎഇ ഫീല്‍ഡ് ആശുപത്രി ഗസ്സയിലേക്ക്
അബുദാബി വിദ്യാഭ്യാസ,വിജ്ഞാന വകുപ്പാണ് വിലക്ക് ഏര്‍പ്പെടുത്തിയത്
അബുദാബി: അനര്‍ഹമായി ഗ്രേഡുകള്‍ നല്‍കുകയും അക്കാദമിക് റെക്കോര്‍ഡുകളില്‍ കൃത്രിമം കാണിക്കുകയും ചെയ്ത എമിറേറ്റിലെ 12 സ്വകാര്യ സ്കൂളുകളില്‍ വിദ്യാര്‍ഥി പ്രവേശനത്തിന് വിലക്ക് പ്രഖ്യാപിച്ച് അബുദാബി വിദ്യാഭ്യാസ,വിജ്ഞാന വകുപ്പ്. 11,12 ഗ്രേഡുകളില്‍ വിദ്യാര്‍ഥികളെ ചേര്‍ക്കുന്നതിനാണ് വിദ്യാഭ്യാസ വകുപ്പ് താല്‍ക്കാലികമായി വിലക്കിയിരിക്കുന്നത്. നിയമങ്ങളും മാനദണ്ഡങ്ങളും കൃത്യമായി അനുസരിക്കുകയും പിഴവുകള്‍ തിരുത്തുകയും ചെയ്താല്‍ നടപടി പിന്‍വലിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കൃത്രിമം ശ്രദ്ധയില്‍പ്പെട്ട മുഴുവന്‍ സ്കൂളുകളിലെയും 12ാം ഗ്രേഡ് അക്കാദമിക് റെക്കോര്‍ഡുകള്‍ അവലോകനത്തിനായി സമര്‍പ്പിക്കണമെന്നും അഡെക് ആവശ്യപ്പെട്ടിട്ടുണ്ട്.
എല്ലാ വിദ്യാര്‍ഥികള്‍ക്കുമുള്ള ഹൈസ്കൂള്‍ ട്രാന്‍സ്ക്രിപ്റ്റുകള്‍,വിലയിരുത്തല്‍ നയങ്ങളും ഗ്രേഡിങ് ചട്ടക്കൂടുകളും,ബിരുദ ആവശ്യത്തിനുള്ള ഡോക്യുമെന്റേഷന്,വിലയിരുത്തലുകളുടെ അടയാളപ്പെടുത്തിയ സാമ്പിളുകള്‍,എല്ലാത്തരം വിദ്യാര്‍ഥി വിലയിരുത്തലിന്റെയും പൂര്‍ണ രേഖ എന്നിവ എത്രയും പെട്ടെന്ന് സമര്‍പിക്കാനാണ് അഡെക് ആവശ്യപ്പെട്ടിട്ടുള്ളത്. ഓരോ വിദ്യാര്‍ഥിയും അക്കാദമിക് നേട്ടത്തിലൂടെ അവരുടെ യോഗ്യതകള്‍ നേടുന്നുവെന്ന് ഉറപ്പാക്കുകയും വിശ്വസനീയമല്ലാത്ത ഫലങ്ങളും അതിലൂടെ സ്കൂള്‍ റാങ്കിങ്ങുകള്‍ വര്‍ധിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള അന്യായമായ രീതികള്‍ തടയുകയും ചെയ്യുന്നതിനാണ് അഡെക് കടുത്ത നടപടികള്‍ സ്വീകരിച്ചത്. അര്‍ഹരല്ലാത്തവര്‍ക്ക് മികച്ച ഗ്രേഡ് നല്‍കുന്നത് അവരുടെ പഠനത്തിന് ദോഷകരമായി ബാധിക്കുക മാത്രമല്ല,വിദ്യാഭ്യാസ സമ്പ്രദായത്തിലുള്ള വിശ്വാസംപോലും ദുര്‍ബലപ്പെടുത്തുകയും ശരിയായ അക്കാദമിക് മത്സരത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന് അഡെക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഗ്രേഡ് നല്‍കുന്നതിന്റെ പാറ്റേണുകള്‍,ക്രെഡിറ്റുകള്‍ നല്‍കുന്നതിലെ പൊരുത്തക്കേടുകള്‍,റിപ്പോര്‍ട്ട് ചെയ്ത ഗ്രേഡുകളും യഥാര്‍ത്ഥ പ്രകടനവും പഠന നിലവാരവും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്നിവ തിരിച്ചറിയാനാണ് വിദ്യാഭ്യാസ വകുപ്പ് വകുപ്പ് അധികൃതര്‍ സ്കൂളുകളില്‍ പരിശോധന നടത്തുന്നത്. അവലോകനത്തിന്റെ അടുത്ത ഘട്ടങ്ങള്‍ 911 ഗ്രേഡുകള്‍ ഉള്‍പ്പെടെ വിശാലമായ തലത്തിലേക്ക് വ്യാപിപ്പിക്കാനും എഴുത്ത് പരീക്ഷകളില്‍ നേടിയ ഗ്രേഡുകളും ഇന്റേണല്‍ ഗ്രേഡുകളും താരതമ്യപ്പെടുത്തിയുള്ള വിശകലനവും ഇതിന്റെ ഭാഗമായി നടക്കും. ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്കൂളുകള്‍ അഡ്മിനിസ്ട്രേറ്റീവ് വര്‍ധനവ് നേരിടുകയോ അഡെക് നയത്തിന് കീഴില്‍ നിര്‍ബന്ധിത തിരുത്തല്‍ നടപടികള്‍ക്ക് വിധേയമാകുകയോ ചെയ്യേണ്ടി വരും. കുട്ടികള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസ നിലവാരത്തില്‍ മാതാപിതാക്കളുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിനാണ് ഇത്തരം പ്രക്രിയകളിലേക്ക് അഡെക് കടക്കുന്നതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.