
സി എച്ച് രാഷ്ട്രസേവാ പുരസ്കാരം പ്രൊഫ. ഖാദര്‍ മൊയ്തീന്; പുരസ്കാര സമര്പണം ഒക്ടോബര്‍ 4ന് ദുബൈയില്‍
യുഎഇ സ്വദേശിവത്കരണം ലക്ഷ്യം നേടുന്നുവെന്ന് മന്ത്രാലയം
ദുബൈ: യുഎഇയില്‍ സ്വദേശിവത്കരണം വിജയകരമായി മുന്നേറുന്നു. ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഇമാറാത്തികളുടെ എണ്ണം 152,000 കവിഞ്ഞതായി മാനവ വിഭവശേഷി,എമിറേറ്റൈസേഷന്‍ മന്ത്രാലയം (മൊഹ്റെ) വ്യക്തമാക്കി. അര്‍ധവാര്‍ഷിക എമിറേറ്റൈസേഷന്‍ കണക്കുകള്‍ പ്രകാരം രാജ്യത്തെ 29,000ത്തിലധികം കമ്പനികളാണ് ഇമാറാത്തികളെ ജോലിക്കാരായി നിയമിച്ചിട്ടുള്ളത്. നഫീസ് പ്രോഗ്രാമിന്റെ വിജയമാണ് ഈ നേട്ടത്തിന് കാരണമെന്ന് മൊഹ്റെ അധികൃതര്‍ പറഞ്ഞു. ഇമാറാത്തി പ്രതിഭകളെ ശാക്തീകരിക്കുന്നതിനും അവര്‍ അഭിവൃദ്ധി പ്രാപിക്കുന്നതിനുമുള്ള സമ്പദ്വ്യവസ്ഥയെ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് യുഎഇ നേതൃത്വം സ്വദേശിവത്കരണം പ്രഖ്യാപിച്ചത്. തൊഴില്‍ മേഖലയില്‍ ഇമാറാത്തികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനു പുറമെ യുഎഇ പൗരന്മാര്ക്കിടയില് സ്വകാര്യ മേഖലയിലെ കരിയറുകളെക്കുറിച്ച് കൂടുതല്‍ പോസിറ്റീവായ ധാരണ പകര്ന്നുനല്കാനും പദ്ധതി ഗുണം ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു. ഇമാറാത്തികളുടെ വര്‍ധിച്ച മത്സരശേഷി,നൈപുണ്യ വികസനം,തന്ത്രപരമായ ഇടപെടല്‍ എന്നിവ ബിസിനസ് സുസ്ഥിരതയ്ക്കും ദേശീയ സാമ്പത്തിക വളര്‍ച്ചയ്ക്കും സഹായകമാകുമെന്നും അധികൃതര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി,എമിറാത്തി ടാലന്റ് കോംപറ്റിറ്റീവ്നെസ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മാര്‍ഗനിര്‍ദേശ പ്രകാരമാണ് സ്വദേശിവത്കരണത്തില്‍ യുഎഇ മുന്നേറുന്നത്. യുഎഇയുടെ തുടര്‍ച്ചയായ സാമ്പത്തിക വികസനവുമായി ഇമാറാത്തി തൊഴിലവസരങ്ങളിലെ വര്‍ധനവ് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മൊഹ്റെയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2024ല്‍ സ്വകാര്യ മേഖലയില്‍ തൊഴില്‍ വിപണിയിലേക്ക് പ്രവേശിക്കുന്ന പുതിയ കമ്പനികളില്‍ 33% വളര്‍ച്ചയുണ്ടായിട്ടുണ്ട്. ഇത് രാജ്യത്തിന്റെ ചലനാത്മക വികസന മാതൃകയ്ക്കും നിക്ഷേപക സൗഹൃദ അന്തരീക്ഷത്തിനും തെളിവാണ്.ദേശീയ ഉത്തരവാദിത്തങ്ങളെക്കുറിച്ചുള്ള വര്‍ധിച്ചുവരുന്ന അവബോധം തിരിച്ചറിഞ്ഞുകൊണ്ട് സ്വദേശിവത്കരണ നിയന്ത്രണങ്ങളോട് സജീവമായി പ്രതികരിക്കുന്നതിന് സ്വകാര്യ കമ്പനികളെ മന്ത്രാലയം അഭിനന്ദിച്ചു. സാമ്പത്തിക വികസനത്തില്‍ പൗരന്മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും തൊഴില്‍ വിപണിയുടെ കാര്യക്ഷമതയും സുസ്ഥിരതയും മെച്ചപ്പെടുത്തുന്നതിനുമുള്ള യുഎഇയുടെ ദീര്‍ഘകാല നയത്തെ സഹകരണം പിന്തുണയ്ക്കുന്നുവെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു.
സ്വകാര്യ മേഖലയുമായുള്ള തുടര്‍ച്ചയായ സഹകരണത്തിലൂടെയാണ് മന്ത്രാലയങ്ങള്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത്. മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഇമാറാത്തികളെ നിയമിക്കുന്ന കമ്പനികള്‍ക്ക് മന്ത്രായലം പ്രോത്സാഹനങ്ങള്‍ നല്‍കുന്നുണ്ട്. നഫീസ് പ്രോഗ്രാമിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ യോഗ്യതയുള്ള ഇമാറാത്തി പ്രതിഭകളുമായി കമ്പനികളെ ബന്ധിപ്പിക്കുന്നതില്‍ മന്ത്രാലയും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ബിസിനസ് സേവനങ്ങള്‍,സാമ്പത്തിക ഇടനില,വ്യാപാരം,അറ്റകുറ്റപ്പണി,നിര്‍മാണം,ഉത്പാദനം,മറ്റു വ്യവസായങ്ങള്‍ എന്നിങ്ങനെ ആറ് പ്രധാന സാമ്പത്തിക മേഖലകളിലാണ് ഇമാറാത്തികള്‍ നിലവില്‍ ജോലി ചെയ്യുന്നത്. ശാസ്ത്ര,സാങ്കേതിക,മാനുഷിക,മാനേജമെന്റ്,ക്ലറിക്കല്‍ മേഖലകളില്‍ സ്ഥാനങ്ങളിലും ഇമാറാത്തികള്‍ സേവനം ചെയ്യുന്നു. ഈ വര്‍ഷം രണ്ടാം പകുതിയില്‍ പുതിയ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ഒരുക്കത്തിലാണ് മാനവവിഭവശേഷി,സ്വദേശിവത്കരണം മന്ത്രാലയം. 50 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ജീവനക്കാരുള്ള കമ്പനികളില്‍ വൈദഗ്ധ്യമുള്ള ജോലികളില്‍ ഇമാറാത്തികളുടെ എണ്ണത്തില്‍ 1% വര്‍ധനവാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. കൂടാതെ 20 മുതല്‍ 49 വരെ ജീവനക്കാരെ നിയമിക്കുന്ന 14 നിര്‍ദിഷ്ട മേഖലകളിലെ കമ്പനികള്‍ വര്‍ഷാവസാനത്തോടെ കുറഞ്ഞത് ഒരു ഇമാറാത്തിയെയെങ്കിലും നിയമിക്കണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന സാമ്പത്തിക പിഴകള്‍ ഒഴിവാക്കാന്‍ ജൂണ്‍ 30 ന് മുമ്പ് 50ല്‍ അധികം ജീവനക്കാരുള്ള കമ്പനികള്‍ അവരുടെ ലക്ഷ്യങ്ങള്‍ കൈവരിക്കണമെന്നും അര്‍ധവാര്‍ഷിക സ്വദേശിവത്കരണ റിപ്പോര്‍ട്ട് സമര്‍പിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. വിദഗ്ധ തസ്തികകളില്‍ 1% ഇമാറാത്തികളെ നിയമിക്കാതിരിക്കുകയോ എമിറേറ്റിസേഷന്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുകയോ ചെയ്താല്‍ കടുത്ത പിഴ ഈടാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജൂലൈ ഒന്നിനു ശേഷം രാജ്യത്ത് സ്വദേശിവത്കരണ നിയമം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനുള്ള പരിശോധനകളും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
അതേസമയം മികച്ച രീതിയില്‍ സ്വദേശിവത്കണം നടപ്പാക്കുന്ന കമ്പനികളെ എമിറേറ്റൈസേഷന്‍ പാര്‍ട്ണേഴ്സ് ക്ലബ്ബില്‍ ഉള്പ്പെടുത്തുന്നുമെന്ന് മന്ത്രാലയം വാഗ്ദാനം നല്‍കിയിട്ടുണ്ട്. സേവന ഫീസില്‍ 80% വരെ കിഴിവുകള്‍,സര്‍ക്കാര്‍ സംഭരണ പ്ലാറ്റ്ഫോമുകളിലേക്കുള്ള മുന്‍ഗണന തുടങ്ങിയ ആനുകൂല്യങ്ങളും ഇത്തരം കമ്പനികള്‍ക്ക് ലഭിക്കും.