
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
ഗസ്സ: കഴിഞ്ഞ രണ്ട് മാസത്തിനകം, ഭക്ഷണത്തിനായി കാത്തുനിന്നിരുന്ന ഫലസ്തീനികള്‍ക്ക് നേരെ ഇസ്രാഈല്‍ സേന നടത്തിയ വെടിവെപ്പില്‍ 1,373 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി യുഎന്‍ മനുഷ്യാവകാശ ഓഫീസ് വെളിപ്പെടുത്തി. ഇസ്രാഈല്‍ ഉപരോധത്തെതുടര്‍ന്ന് കടുത്ത ഭക്ഷണ ക്ഷാമം നേരിടുന്ന ഗസ്സ മുനമ്പിലാണ് സയണിസ്റ്റ് സേനയുടെ ക്രൂരത. മെയ് 27 മുതല്‍ ഇതുവരെയുള്ള കണക്കാണ് ഫലസ്തീന് പ്രദേശങ്ങള്‍ക്കായുള്ള യുഎന്‍ ഏജന്‍സി വെള്ളിയാഴ്ച വ്യക്തമാക്കിയത്. യുഎസ്, ഇസ്രാഈല്‍ പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന് സൈറ്റുകളുടെ പരിസരത്ത് 859 പേരും ഭക്ഷ്യ വാഹനവ്യൂഹങ്ങളുടെ വഴികളില്‍ 514 പേരുമാണ് കൊല്ലപ്പെട്ടത്. കൂടാതെ വെള്ളിയാഴ്ച ഇസ്രാഈല്‍ വെടിവയ്പ്പിലും വ്യോമാക്രമണത്തിലും 11 പേര് കൊല്ലപ്പെട്ടതായി ഗസ്സയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി പറഞ്ഞു. ഇതില്‍ ഫലസ്തീന് പ്രദേശത്തിനുള്ളിലെ ഒരു സഹായ വിതരണ സ്ഥലത്തിന് സമീപം കാത്തിരുന്ന രണ്ട് പേര് ഉള്‍പ്പെടുന്നു. തെക്കന്‍ നഗരമായ ഖാന് യൂനിസിന് സമീപം നടന്ന ആക്രമണത്തില്‍ അഞ്ച് പേരും മധ്യ ഗസ്സയിലെ ദെയ്ര് എല്‍ബലായില്‍ ഒരു വാഹനത്തിന് നേരെയുണ്ടായ പ്രത്യേക ആക്രമണത്തില്‍ നാല് പേരും കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സ് വക്താവ് മഹ്മൂദ് ബസാലിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഖാന് യൂനിസിനും അടുത്തുള്ള നഗരമായ റാഫയ്ക്കും ഇടയില്‍ യുഎസും ഇസ്രാഈലും പിന്തുണയുള്ള ഗസ്സ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന് നടത്തുന്ന ഭക്ഷ്യ വിതരണ കേന്ദ്രത്തിന് സമീപം സഹായത്തിനായി കാത്തിരിക്കുന്നതിനിടെ വെടിവയ്പ്പില്‍ രണ്ട് പേര് കൊല്ലപ്പെടുകയും 70 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
ഗസ്സയിലെ സഹായ വിതരണ കേന്ദ്രങ്ങള്‍ക്ക് സമീപം ആയിരക്കണക്കിന് ആളുകളാണ് ദിവസവും ഒത്തുകൂടുന്നത്. ഗസ്സയില്‍ മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണമുണ്ട്. പലയിടത്തേക്കും സിവില്‍ ഡിഫന്‍സ് ഏജന്‍സികളെയും വിലക്കുന്നുണ്ട്. അവിടെ നടക്കുന്ന നടുക്കുന്ന ആക്രമണങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഏജന്‍സികള്‍ക്ക് കഴിയുന്നില്ല. ഇസ്രാഈല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം ഭക്ഷണത്തിന്റെയും അവശ്യവസ്തുക്കളുടെയും കടുത്ത ക്ഷാമത്തിന് കാരണമായി. ആശുപത്രികളില്‍ വൈദ്യുതിയില്ല. ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കാനുള്ള ഇന്ധനമില്ല. മരുന്നും മെഡിക്കല്‍ ഉപകണങ്ങളും ആവശ്യത്തിനില്ല. ഗസ്സയിലേക്ക് പ്രതിദിനം കുറഞ്ഞത് 500 ട്രക്കുകള്‍ സഹായം ആവശ്യമാണെന്ന് യുഎന്‍ പറയുന്നു. യുഎന്നിനായി നാല് ടാങ്കറുകള്‍ ഇന്ധനം ഫലസ്തീന് പ്രദേശത്ത് പ്രവേശിച്ചിട്ടുണ്ട്. യുഎഇ, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ സഹകരിച്ച് 43 പാലറ്റ് സഹായം വിമാനത്തില്‍ എത്തിച്ചിട്ടുണ്ട്.