
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
ഈ വര്‍ഷം ആദ്യ പകുതിയില്‍ റെക്കോര്‍ഡ് വളര്‍ച്ച
റാസല്‍ഖൈമ: ഈ വര്‍ഷം ആദ്യ പകുതിയില്‍ റാസല്‍ ഖൈമയിലെ ടൂറിസം മേഖലകളില്‍ സന്ദര്‍ശനം നടത്തിയത് ആറര ലക്ഷത്തിലേറെ വിനോദ സഞ്ചാരികള്‍. ഇത് എമിറേറ്റിലെ ടൂറിസം മേഖലയില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. റാസല്‍ഖൈമ ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയുടെ കണക്കു പ്രകാരം 654,000ത്തിലേറെ സന്ദര്‍ശകരാണ് ഇവിടെയെത്തിയിട്ടുള്ളത്. ഇത് വര്‍ഷം തോറും സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ ആറു ശതമാനവും ടൂറിസം വരുമാനത്തില്‍ ഒമ്പതു ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. സന്ദര്‍ശക പ്രവാഹം എമിറേറ്റിന്റെ ടൂറിസം നയത്തിലെ ശക്തി പ്രതിഫലിപ്പിക്കുന്നതായി റാസല്‍ഖൈമ ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി സിഇഒ റാക്കി ഫിലിപ്സ് പറഞ്ഞു.
‘എയര്‍ കണക്ടിവിറ്റി,ഹോട്ടല്‍ വികസനങ്ങള്‍ മുതല്‍ മികച്ച അനുഭവങ്ങളും ദീര്‍ഘകാല,സുസ്ഥിര മൂല്യം നല്കുന്ന പദ്ധതികളുമൊരുക്കിയാണ് സന്ദര്‍ശകരെ സ്വീകരിക്കുന്നത്. 2030ഓടെ പ്രതിവര്‍ഷം 3.5 ദശലക്ഷത്തിലധികം സന്ദര്‍ശകരെ സ്വാഗതം ചെയ്യുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
6,54,000 സന്ദര്‍ശകരുടെ വരവ് ആറ് മാസത്തെ എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ്. ഇത് ടൂറിസം വരുമാനത്തില്‍ 9 ശതമാനം വാര്‍ഷിക വളര്‍ച്ചയുമുണ്ടാക്കി. അതോടൊപ്പം അതോറിറ്റിക്ക് ലഭിച്ച വിവാഹ വരുമാനത്തില്‍ 36 ശതമാനം വര്‍ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. നേരിട്ടുള്ള വിമാന സര്‍വീസുകളുള്ള വിപണികളില്‍ നിന്നുള്ള ശക്തമായ വളര്‍ച്ചയാണ് കാണിക്കുന്നത്.
റൊമാനിയ(+65 ശതമാനം),പോളണ്ട്(+56 ശതമാനം),ഉസ്ബെക്കിസ്ഥാന് (+47 ശതമാനം),ബെലാറസ് (+30 ശതമാനം),ഇന്ത്യയില്‍ നിന്നുള്ള റെക്കോര്‍ഡ് അര്‍ധവാര്‍ഷിക വരവ് (+25 ശതമാനം),ചൈന (+9.2 ശതമാനം),റഷ്യ (+7 ശതമാനം),യുകെ (+5 ശതമാനം) എന്നിങ്ങനെയാണ് വിമാന സര്‍വീസുകളുടെ വളര്‍ച്ച.
2030 ആകുമ്പോഴേക്കും ഹോട്ടല്‍ മുറികളുടെ എണ്ണം ഇരട്ടിയാക്കാനായി റാസല്‍ഖൈമ ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി നിരവധി ഉന്നത നിലവാരമുള്ള ഹോട്ടല്‍ വികസനങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ ഫെയര്‍മോണ്ട് അല്‍ മര്‍ജന്‍ ദ്വീപ് (250 മുറികള്‍),മിന അല്‍ അറബിലെ ഫോര്‍ സീസണ്‍സ് റിസോര്‍ട്ട് (150 മുറികള്‍),താജ് വെല്ലിങ്ടണ്‍ മ്യൂസ് അല്‍ മര്‍ജന്‍ ദ്വീപ്(336 അപ്പാര്‍ട്ടുമെന്റുകള്‍),എന്‍എച്ച് കളക്ഷന്‍ റാസല്‍ ഖൈമ(156 താക്കോലുകള്‍) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. റോവ് അല്‍ മര്‍ജന്‍ ദ്വീപിന്റെ ഉദ്ഘാടനം എമിറേറ്റിന്റെ ഹോസ്പിറ്റാലിറ്റി ലാന്‍ഡ്സ്കേപ്പിന് കൂടുതല്‍ വൈവിധ്യം നല്‍കിയിട്ടുണ്ട്.