
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
ലഫ്റ്റനന്റ് ജനറല്‍ പദവി ലഭിച്ച ശൈഖ് ഹംദാന്‍ ദുബൈയിലെ സെയ്ഹ് ഹഫീര്‍ സൈനിക പരിശീലന കേന്ദ്രം സന്ദര്‍ശിച്ചു
ദുബൈ: ഉന്നത പരിശീലനങ്ങളിലൂടെയും പ്രതിബദ്ധതയിലൂടെയും ലോകത്തെ ഏറ്റവും വലിയ പ്രതിരോധ സേനയായി വളര്‍ന്ന കരുത്തുറ്റ സൈനിക നിരയാണ് രാജ്യത്തിന്റെ പ്രധാന നേട്ടമെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ലഫ്.ജനറല്‍ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. ദുബൈയിലെ സെയ്ഹ് ഹഫീര്‍ പരിശീലന കേന്ദ്രത്തില്‍ നടക്കുന്ന നാഷണല്‍ സര്‍വീസ് പ്രോഗ്രാമിന്റെ 22ാമത് ക്യാമ്പില്‍ സൈനികരുടെ കഴിവുകള്‍ നേരില്‍ കാണാനെത്തിയതായിരുന്നു ശൈഖ് ഹംദാന്‍.
ലഫറ്റനന്റ് ജനറല്‍ പദവി ലഭിച്ച ശേഷമുള്ള ശൈഖ് ഹംദാന്റെ ആദ്യ സന്ദര്‍ശനമാണിത്. സായുധ സേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ ശൈഖ് അഹമ്മദ് ബിന്‍ തഹ്നൂന് ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്,പ്രതിരോധ മന്ത്രാലയത്തിലെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തവരുടെ കുടുംബാംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. റിക്രൂട്ട് ചെയ്തവരുടെ അച്ചടക്കത്തെയും സന്നദ്ധതയെയും ശൈഖ് ഹംദാന്‍ പ്രത്യേകം പ്രശംസിച്ചു. അവര്‍ നേടിയെടുത്ത സൈനിക കഴിവുകള്‍ വിശ്വസ്തതയോടും സമര്‍പ്പണത്തോടും കൂടി രാജ്യത്തെ പ്രതിരോധിക്കാന്‍ അവരെ സജ്ജമാക്കുന്നുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉയര്‍ന്ന തലത്തിലുള്ള പരിശീലനത്തിലൂടെയും യോഗ്യതയിലൂടെയും രാജ്യത്തിന്റെ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നാഷണല്‍ സര്‍വീസ് പ്രോഗ്രാമിന്റെ നേതൃത്വല്‍ നടക്കുന്ന ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
നാഷണല്‍ സര്‍വീസ് പ്രോഗ്രാം റിക്രൂട്ട്മെന്റില്‍ പ്രകടിപ്പിച്ച ശാരീരികവും തന്ത്രപരവുമായ സന്നദ്ധത, യുഎഇ പ്രസിഡന്റും സായുധ സേനയുടെ സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പിന്തുണയും മാര്‍ഗ്ഗനിര്‍ദ്ദേശവും പ്രതിഫലിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിനും സുരക്ഷ വര്‍ധിപ്പിക്കുന്നതിനും തുടര്‍ച്ചയായ അഭിവൃദ്ധി സാധ്യമാക്കുന്നതിനും പ്രാപ്തമായ സേനയെ സജ്ജരാക്കാനുള്ള നേതൃത്വത്തിന്റെ ദര്‍ശനത്തിന് ഈ അസാധാരണ പ്രകടനം കരുത്തു പകരുമെന്നും ശൈ്ഖ് ഹംദാന്‍ പറഞ്ഞു.
വിപുലമായ സൈനിക പരിജ്ഞാനം,ശാരീരിക സന്നദ്ധത,കൃത്യത എന്നിവ സമന്വയിപ്പിച്ചാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പരിശീലനം നല്‍കുന്നത്. ഉയര്‍ന്ന തലത്തിലുള്ള പ്രൊഫഷണലിസമാണ് നമ്മള് കണ്ടത്. നാഷണല്‍ സര്‍വീസ് റിക്രൂട്ട്മെന്റ് പ്രോഗ്രാമിലൂടെ പരിശീലനം നേടിയെടുത്ത സൈനികര്‍ പൂര്‍ണ ശേഷിയോടെ പ്രതിരോധ ചുമതലകള്‍ നിര്‍വഹിക്കാന്‍ പ്രാപ്തരാണെന്നും ശൈഖ് ഹംദാന്‍ കൂട്ടിച്ചേര്‍ത്തു. യുഎഇ ദേശീയ ഗാനത്തോടെയാണ് സൈനികരുടെ പ്രകടനങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് സേനാംഗങ്ങളുടെ പോരാട്ട വീര്യവും വ്യായാമങ്ങളും ഉള്‍ക്കൊള്ളുന്ന പരശീലന മുറകളും കാലാള്‍പ്പട പ്രകടനങ്ങളും ഗ്രൂപ്പ് തിരിഞ്ഞുള്ള മറ്റു ഗെയിമുകളും ഫീല്‍ഡ് കഴിവുകളും പ്രദര്‍ശിപ്പിച്ചു. സൈദ്ധാന്തിക നിര്‍ദേശങ്ങള്‍,പ്രായോഗിക വ്യായാമങ്ങള്‍,ശാരീരിക ക്ഷമത,ആയോധന കലകള്‍,അച്ചടക്കം എന്നിവ സംയോജിപ്പിച്ച സമഗ്രമായ പരിശീലനമാണ് റിക്രൂട്ട് ചെയ്യപ്പെട്ടവര്‍ക്ക് ലഭിച്ചത്. ഉയര്‍ന്ന തലത്തിലുള്ള ഫീല്‍ഡ് സേവനങ്ങളിലും പ്രവര്‍ത്തന കാര്യക്ഷമതയിലും മികച്ച പ്രകടനം നടത്താന്‍ അവര്‍ പൂര്‍ണമായും തയാറാണെന്ന് ഉറപ്പിക്കുന്നതായിരുന്നു സേനാംഗങ്ങളുടെ പ്രകടനങ്ങള്‍.