
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ഷാര്‍ജ: കത്തുന്ന ചൂടില്‍ യുഎഇ വിയര്‍ത്തൊലിക്കുമ്പോള്‍ കുലച്ചു പഴുത്തു മധുരം വിളമ്പുകയാണ് രാജ്യത്തെ ഈത്തപ്പന തോട്ടങ്ങള്‍. ആവശ്യക്കാരെ വിത്യസ്ത ഇനം ഈത്തപ്പഴം കൊണ്ട് വിരുന്നൂട്ടുന്ന അല്‍ ജുബൈല്‍ മാര്‍ക്കറ്റിലെ ഈത്തപ്പഴ ഫെസ്റ്റിവല്‍ നഗരി കൂടുതല്‍ സജീവമായിരിക്കുകയാണ്. താപ നില 50 ഡിഗ്രിയും കടന്ന് കുതിച്ചയുര്ന്നതോടെ രാജ്യത്ത് ഈത്തപ്പഴ വിളവെടുപ്പും തകൃതിയാണ്. ഷാര്‍ജ ദൈദിലെയും അല്‍ ഐനിലെയും ഈത്തപ്പന തോട്ടങ്ങളില്‍ വിളവെടുപ്പ് ഉത്സവാഘോഷം പൊടിപൊടിക്കുകയാണ്. സമൃദ്ധമായ വിള ലഭിച്ചത്തോടെ ഈത്തപ്പന കര്‍ഷകരും സന്തോഷത്തിലാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള വിപണികളിലേക്കായി ദൈദ്,അല്‍ ഐന്‍ തോട്ടങ്ങളില്‍ നിന്നും ടണ്‍ കണക്കിന് ഈത്തപ്പഴമാണ് കയറ്റിയയക്കുന്നത്.
ഫ്രഷ് ഈത്തപ്പഴം സ്വദേശികളുടെ ഇഷ്ട വിഭവമാണ്. സ്നേഹ ബന്ധത്തിന് ഇഴയടുപ്പത്തിന്റെ ഇരട്ടി മധുരം പകരുന്ന സമ്മാന പ്പൊതിയായും സ്വദേശി കുടുംബങ്ങള്‍ക്കിടയില്‍ ഈത്തപ്പഴ കിറ്റുകള്‍ കൈമാറുന്നു. രാജ്യത്തുള്ള വിദേശികളും ഈത്തപ്പഴത്തിന്റെ ആവശ്യക്കാരാണ്. നാട്ടിലേക്കുള്ള യാത്രയില്‍ മലയാളികളടക്കം ഇന്ത്യക്കാരുടെയും ബാഗേജില്‍ മുഖ്യ ഇനമായി ഈത്തപ്പഴമാണുള്ളത്. വര്‍ഷങ്ങളായി ഈത്തപ്പഴ വിളവെടുപ്പ് കാലം ഷാര്‍ജയില്‍ ഈത്തപ്പഴ ഉത്സവമായി ആഘോഷിച്ചുവരികയാണ്. അല്‍ ജുബൈല്‍ സൂഖ് കേന്ദ്രീകരിച്ചാണ് ഫെസ്റ്റിവല്‍ അരങ്ങേറുക. ഏതാണ്ട് 200ലധികം ഇനം ഈത്തപ്പഴം ഫെസ്റ്റിവല്‍ കാലത്ത് വിപണിയില്‍ എത്തും. നിറത്തിലും രുചിയിലും വിത്യസ്തമാണിവ. ഈത്തപ്പഴ ആവശ്യക്കാരുടെ വന്‍ നിരയാണ് ഫെസ്റ്റിവല്‍ നാളുകളില്‍ അല്‍ ജുബൈല്‍ മാര്‍ക്കറ്റില്‍ കാണുക. അജ്വ,ഖലാസ്,ഖനീജ്,ബര്‍ഗി,സബ്ന,മുഗ്തി,ബുമാന്‍,ഷീഷ്,സുക്കാരി,ഫലായി,മുദിയ,ദഹന്‍ ഇങ്ങനെ പോവുന്നു ഈത്തപ്പഴ വൈവിധ്യം. ഇതില്‍ ഡിമാന്റ് കൂടിയ ഇരുപതോളം ഇനം ഈത്തപ്പഴം അല്‍ ജുബൈലിലെ ഫെസ്റ്റിവല്‍ നഗരിയില്‍ സ്ഥിര സാന്നിധ്യമാണ്. രാജ്യത്തെ തോട്ടങ്ങളില്‍ നിന്നും നേരിട്ടെത്തിച്ച ഫ്രഷ് ഈത്തപ്പഴം ഇടനിലക്കാരില്ലാത്തതിനാല്‍ ചുരുങ്ങിയ വിലക്ക് അല്‍ ജുബൈല്‍ മാര്‍ക്കറ്റിലെ ഫെസ്റ്റിവല്‍ സ്റ്റാളുകളില്‍ നിന്നും സ്വന്തമാക്കാം. രാജ്യത്ത് കൃഷി ചെയ്തവ കൂടാതെ,ഒമാന്‍,സഊദി അറേബ്യ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളിലെ തോട്ടങ്ങളില്‍ നിന്നും അല്‍ ജുബൈലിലേക്ക് ഈത്ത പഴവുമായി വാഹനങ്ങള്‍ എത്തുന്നു. സീസണിന്റെ ആദ്യ നാളുകളില്‍ കിലോയ്ക്ക് 100 ദിര്‍ഹമിലധികം വില ഈടാക്കിയിരുന്ന ഈത്തപ്പഴങ്ങള്‍ക്ക് നിലവില്‍ ശരാശരി 20 ദിര്‍ഹമാണ് കിലോഗ്രാം വില. ഒക്ടോബര്‍ പകുതി വരെ പാകമായ ഫ്രഷ് ഈത്തപ്പഴങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാകും. ശേഷം വിത്യസ്ത തലത്തിലെ സംസ്കരണ പ്രവര്‍ത്തനങ്ങളിലൂടെ ഉണക്കിയ ഈത്തപ്പഴമാണ് വില്‍പ്പനയ്ക്ക് വെക്കുക. വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഈത്തപ്പഴ സ്റ്റാളുകള്‍ അല്‍ ജുബൈല്‍ മാര്ക്കറ്റിന്റെസവിശേഷതയാണ്.