
ഗസ്സയിലെ ഇസ്രാഈല്‍ നീക്കം: അറബ്-മുസ്ലിം രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു
ദുബൈ: ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ 28-മത് സെഷനിലെ പ്രാഥമിക വിധി നിര്‍ണയും പൂര്‍ത്തിയായി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ ഈ വര്‍ഷത്തെ മത്സരത്തില്‍ 105 രാജ്യങ്ങളില്‍ നിന്നായി 5,618 അപേക്ഷകളാണ് ലഭിച്ചത്. അതില്‍ 30 ശതമാനം സ്ത്രീ അപേക്ഷകരാണ്. പ്രാഥമിക ഘട്ടത്തില്‍ ഇവരില്‍ നിന്നും 525 പേരെ തെരഞ്ഞെടുത്തതായി ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി പ്രഖ്യാപിച്ചു. തെരഞ്ഞെടുക്കപ്പെട്ടവര്‍ അടുത്തമാസം നടക്കുന്ന രണ്ടാംഘട്ട വിധി നിര്‍ണയ മത്സരത്തില്‍ പങ്കെടുക്കും. ഫൈനല്‍ മത്സരങ്ങള്‍ റമസാനില്‍ നടക്കും. ജൂലൈ 1 നും 31 നും ഇടയില്‍ സമര്‍പ്പിച്ച എല്ലാ അപേക്ഷകളുടെയും റെക്കോര്‍ഡ് ചെയ്ത പാരായണങ്ങളുടെയും പ്രാഥമിക വിലയിരുത്തലിനെ തുടര്‍ന്നാണ് 373 പുരുഷന്മാരും 152 സ്ത്രീ പങ്കാളികളും ഉള്‍പ്പെടുന്ന ഗ്രൂപ്പിനെ തെരഞ്ഞെടുത്തത്. കര്‍ശനവും ന്യായവുമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്, താജ്വീദ് നിയമങ്ങളും മൊത്തത്തിലുള്ള പ്രകടന നിലവാരവും അടിസ്ഥാനമാക്കിയുള്ളതാണ് വിലയിരുത്തല്‍. അപേക്ഷകരില്‍ ഭൂരിഭാഗവും അസാധാരണമായ കഴിവുള്ളവരാണെന്ന് അവാര്‍ഡ് കമ്മിറ്റി ചൂണ്ടിക്കാട്ടി. പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നത് അവാര്‍ഡിന്റെ ദര്‍ശനത്തെ വ്യക്തമാക്കുന്നു.
ആഗോളതലത്തില്‍ ഖുര്‍ആന്‍ പാരായണക്കാരെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനുമുള്ള ഒരു പ്രധാന വേദി എന്ന നിലയില്‍ ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മുന്നില്‍ നില്ക്കുന്നു. ലോകമെമ്പാടുമുള്ള ഖുര്‍ആന്‍ മനഃപാഠകരെയും പണ്ഡിതന്മാരെയും ആദരിക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള ഒരു ആഗോള കേന്ദ്രമെന്ന നിലയില്‍ ദുബൈയുടെ സ്ഥാനം ഉറപ്പിക്കുന്നതായി ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഡയറക്ടര്‍ ജനറലും ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമായ അഹമ്മദ് ദര്‍വീഷ് അല്‍ മുഹൈരി പറഞ്ഞു. ആകെ അവാര്‍ഡ് തുക ഇപ്പോള്‍ 12 മില്യണ്‍ ദിര്‍ഹം കവിയും. പുരുഷ-സ്ത്രീ വിഭാഗങ്ങളിലെ ഏറ്റവും മികച്ച പാരായണക്കാരന് 1 മില്യന്‍ യുഎസ് ഡോളര്‍ സമ്മാനം. ഇത്തവണ സ്ത്രീകള്‍ക്ക് പ്രത്യേകമായി മത്സരിക്കാന്‍ അവസരം നല്കുന്നു. അംഗീകൃത ഇസ്ലാമിക കേന്ദ്രങ്ങളില്‍ നിന്നുള്ള അപേക്ഷകള്‍ക്ക് പുറമെ വ്യക്തികള്‍ക്കും നേരിട്ട് അപേക്ഷിക്കാനുള്ള അവസരം ഇത്തവണ നല്‍കിയിട്ടുണ്ട്. ആദ്യ റൗണ്ട് വിധിനിര്‍ണ്ണയത്തില്‍ ഏറ്റവും മികച്ച ഖുര്‍ആന്‍ പാരായണക്കാരെ ജഡ്ജിംഗ് പാനല്‍ സൂക്ഷ്മതയോടെ തിരഞ്ഞെടുത്തതായി അവാര്‍ഡിന്റെ ആക്ടിംഗ് ഡയറക്ടര്‍ ഇബ്രാഹിം ജാസിം അല്‍ മന്‍സൂരി പറഞ്ഞു. രണ്ടാം ഘട്ടത്തില്‍ ബംഗ്ലാദേശില്‍ നിന്നും 81 മത്സരാര്‍ത്ഥികളുണ്ട്. പാകിസ്ഥാന് 48, ഇന്തോനേഷ്യ 45, ഈജിപ്ത് 35, ഇന്ത്യ 27, ലിബിയ 24, യുഎസ്എ 20, യമന്‍ 13 മത്സരാര്‍ത്ഥികളും രംഗത്തുണ്ട്. രണ്ടാംഘട്ട വിജയികള്‍ റമസാനിലെ രണ്ടാം വാരത്തില്‍ ദുബൈയില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ മാറ്റുരക്കും.