
അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി
അബുദാബി: ഗുരുതരമായ ജനിതക രോഗത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന അഞ്ച് മാസം പ്രായമുള്ള അഹമ്മദ് എന്ന കുഞ്ഞിന് കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി അബുദാബി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി. ഇതോടെ യുഎഇയിലെ ഏറ്റവും പ്രായംകുറഞ്ഞ കരള്‍ സ്വീകര്‍ത്താവായി മാറി ബേബി അഹമ്മദ്. അത്യപൂര്‍വ ജനിതക രോഗവുമായി മല്ലിട്ട അഹമ്മദ് യഹ്യയെ രക്ഷിക്കാന്‍ 12 മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയ നടത്തിയത് മലയാളി ഡോക്ടര്‍ അടങ്ങുന്ന സംഘം. കുഞ്ഞിന്റെ ഇളയമ്മയാണ് കരള്‍ പകുത്ത് നല്‍കിയത്. യുഎഇ സ്വദേശികളായ യഹ്യയുടെയും ഭാര്യ സൈനബ് അല്‍ യാസിയുടെയും മകന് അഹമ്മദ് അഞ്ചാം മാസത്തിലാണ് കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയ നടക്കുമ്പോള്‍ ഭാരം വെറും 4.4 കിലോഗ്രാം. ഇളയമ്മ പകുത്തു നല്കിയ കരള്‍ മലയാളിയായ ഡോ. ജോണ്‍സ് ഷാജി മാത്യു ഉള്‍പ്പെടുന്ന ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലെ മള്‍ട്ടിഡിസിപ്ലിനറി സംഘം വിജയകരമായി അഹമ്മദിലേക്ക് ചേര്‍ത്തുവച്ചപ്പോള്‍ പിറന്നത് അപൂര്‍വ വിജയഗാഥ. 2010ല്‍ കരള്‍ രോഗത്തെ തുടര്‍ന്ന് മറ്റൊരു മകനെ നഷ്ടപ്പെട്ട യഹ്യക്കും ഭാര്യക്കും അഹമ്മദിന്റെ ജനനം പുതിയൊരു പ്രതീക്ഷയായിരുന്നു. കുടുംബത്തിലെ അഞ്ചാമത്തെ അതിഥിയുടെ വരവ് എല്ലാവരിലും സന്തോഷം നിറച്ചു. എന്നാല്‍, ജനിച്ചയുടന്‍ തന്നെ കുഞ്ഞിന്റെ കരളിന്റെ എന്‍സൈമുകളില്‍ ഉണ്ടായ വര്‍ദ്ധനവ് ആശങ്ക പടര്‍ത്തി. സ്ഥിരത കൈവരിക്കുമെന്നായിരുന്നു തുടക്കത്തിലെ പ്രതീക്ഷയെങ്കിലും അധികം വൈകാതെ അഹമ്മദിന്റെ നില വഷളാകാന്‍ തുടങ്ങി. ജനിതകമായ വ്യതിയാനം മൂലം ജന്മനായുള്ള ഗ്ലൈകോസൈലേഷ്യന്‍ തകരാറാണ് അഹമ്മദിനെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ലോകത്തില്‍ ഇരുപത്തിയഞ്ചില്‍ താഴെ മാത്രം ആളുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള അത്യപൂര്‍വ ജനിതക രോഗം. പ്രധാനമായും കരളിന്റെ ബാധിക്കുന്ന രോഗമാണിത്.
മികച്ച ദാതാവിനെ ലഭിച്ചെങ്കിലും കുഞ്ഞിന്റെ പ്രായം, ചെറിയ ശരീരം, തീപ്പെട്ടിക്കോലിനെക്കാള് കനം കുറഞ്ഞ രക്തക്കുഴലുകള്‍ കേടുപാടുകള്‍ കൂടാതെ കൈകാര്യം ചെയ്യുക തുടങ്ങി നിരവധി സങ്കീര്‍ണ്ണതകളെ മറികടന്ന് കരള്‍ ചേര്‍ത്തു വയ്ക്കുക എന്നതായിരുന്നു വൈദ്യസംഘത്തിന്റെ മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി. എല്ലാ വെല്ലുവിളികളെയും മറികടന്ന് 12 മണിക്കൂറില്‍ ദാതാവിന്റെയും സ്വീകര്‍ത്താവിന്റെയും ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി.ബുര്‍ജീല്‍ അബ്ഡോമിനല്‍ മള്‍ട്ടിഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാമിലെ ട്രാന്‍സ്പ്ലാന്റ് സര്‍ജറി ഡയറക്ടര്‍ ഡോ. ഗൗരബ് സെന്നും ഡോ. ജോണ്‍സ് ഷാജി മാത്യുവും നയിച്ച സംഘം, ദാതാവിന്റെ കരളില്‍ നിന്ന് സൂക്ഷ്മമായി എടുത്ത ഒരു ചെറിയ ഭാഗംഅഹമ്മദില് ഘടിപ്പിച്ചു.
അനസ്തേഷ്യ ഡിവിഷന് ചെയര്‍ ഡോ. രാമമൂര്‍ത്തി ഭാസ്കരന്; ഡോ. ജോര്‍ജ് ജേക്കബ്; ഡോ. അന്‍ഷു എസ്, എന്നിവര്‍ പീഡിയാട്രിക് അനസ്തേഷ്യ കൈകാര്യം ചെയ്തു. പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് കണ്‍സല്‍ട്ടന്റ് ഡോ. കേശവ രാമകൃഷ്ണനും സംഘവും ഓപ്പറേഷന് ശേഷമുള്ള പരിചരണത്തിന് നേതൃത്വം നല്കി. എക്സ്ട്യൂബേറ്റ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ അഹമ്മദിന് ഭക്ഷണംനല്കാന് തുടങ്ങി. കരള്‍ മികച്ച രീതിയില്പ്രവര്ത്തിക്കാനും തുടങ്ങി. പീഡിയാട്രിക് ഇന്റന്‍സിവിസ്റ്റുകള്‍, ഗ്യാസ്ട്രോഎന്‍ട്രോളജിസ്റ്റുകള്‍, ഡയറ്റീഷ്യന്മാര്, റേഡിയോളജിസ്റ്റുകള്‍, റിഹാബിലിറ്റേഷന്‍ വിദഗ്ധര്‍ എന്നിവരടങ്ങുന്ന ഒരു മള്‍ട്ടി ഡിസിപ്ലിനറി സംഘം അഹമ്മദിന്റെ ആരോഗ്യ നില മെച്ചപ്പെടുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. ദീര്‍ഘ കാല പരിചരണത്തിന്റെഭാഗമായി അഹമ്മദിന്റെ വളര്ച്ചയുടെഓരോ ഘട്ടവും മെഡിക്കല്‍സംഘം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.