
ഹൈദരാബാദ് ദമ്പതികളുടെ വേര്‍പാട് അറിയാതെ മക്കള്‍ അബുദാബിയില്‍
മലപ്പുറം: നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ പുതുതായി അനുവദിച്ച മെമു ട്രെയിനിന്റെ സര്‍വീസ് സമയം യാത്രക്കാര്‍ക്ക് അനുകൂലമായി പരിഷ്കരിക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി ആവശ്യപ്പെട്ടു. ഈ ട്രെയിന്‍ മലപ്പുറം ജില്ലയുടെ ട്രെയിന്‍ യാത്രാ സൗകര്യത്തില്‍ വലിയ മാറ്റുമുണ്ടാക്കുമെന്നും എന്നാല്‍ സര്‍വീസ് സമയം യാത്രക്കാര്‍ക്ക് അനുകൂലമായി മാറ്റണമെന്നും പറഞ്ഞു. നിലവിലുള്ള സമയക്രമം യാത്രക്കാര്‍ക്ക് അനുകൂലമല്ലെന്നും മാറ്റി പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് കത്ത് അയച്ചു. വന്ദേ ഭാരത് ട്രെയിന്‍ 20632 രാത്രി 8:30ന് ഷൊര്‍ണൂരില്‍ എത്തുമ്പോള്‍, നിലമ്പൂരിലേക്കുള്ള മെമു സര്‍വീസ് വെറും അഞ്ച് മിനിറ്റ് ഇടവേളയ്ക്കുശേഷം 8:35ന് പുറപ്പെടുന്നു. ഈ രണ്ട് വണ്ടികളുടെയും ഇടവേള വളരെ കുറവായതിനാല്‍ മെമു പുറപ്പെടുന്ന സമയം 9 മണിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. അതേ സമയം കോട്ടയം-നിലമ്പൂര്‍ എക്സ്പ്രസിന് പട്ടിക്കാട്, മേലാറ്റൂര്‍, കൂലുക്കല്ലൂര് എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ച നടപടിയും ഈ ട്രെയിനില്‍ രണ്ട് അധിക ബോഗികള്‍ കൂടി ഏര്‍പ്പെടുത്തിയതും യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമാണെന്നും എംപി പറഞ്ഞു. കൂടാതെ ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടുന്ന പാസഞ്ചര്‍ ട്രെയിന്‍ നിലവിലെ രാത്രി 8:15ന് പകരം 7 ലേക്ക് മാറ്റി പുറപ്പെടണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇതോടെ കോയമ്പത്തൂരില്‍ നിന്ന് നിലമ്പൂരിലേക്കുള്ള നേരിട്ടുള്ള യാത്ര സാധ്യമാകും. നിലമ്പൂരില്‍ നിന്നുള്ള ട്രെയിനുകള്‍ക്ക് ഷൊര്‍ണൂരില്‍ നിന്നും കണക്ഷന് ലഭിക്കുന്ന തരത്തില്‍ സമയത്തില്‍ മാറ്റം വരുത്തിയാല്‍ ഈ മേഖലയിലെ യാത്രക്കാര്‍ക്ക് ട്രെയിന്‍ യാത്ര സുഗമമാകും.