
ദുബൈയില്‍ ഗതാഗത സംവിധാനം മെച്ചപ്പെടുത്തി ആര്‍ടിഎ; 16 പദ്ധതികള്‍
ഗഫൂര്‍ ബേക്കല്‍
ഷാര്‍ജ: ചൂടിന് ‘തീ’ പിടിച്ചു, നാടും നഗരവും വിയര്ത്തൊലിക്കുമ്പോളും മഴ വര്‍ഷത്തിലൂടെ സന്ദര്‍ശകരുടെ മനസ്സും ശരീരവും തണുപ്പിക്കുകയാണ് ഷാര്‍ജയിലെ ‘റെയിന്‍ റൂമും’ ‘സവായ വാക്കും.’ യുഎഇയിലെ താപ നില 45 ഡിഗ്രിയും കടന്നതോടെ ഇവിടെ കൃത്രിമ മഴ നനയാനെത്തുന്നവരുടെ എണ്ണവും ഉയര്‍ന്നു. അസഹനീയ ചൂടില്‍ സവായ വാക്കിലും, റെയിന്‍ റൂമിലും പെയ്യുന്ന മഴ ഏറെ ആശ്വാസമാവുന്നതായി ജനം. കൊടുംകാറ്റില്ല, അലേര്‍ട്ടുകളില്ല, നാശ നഷ്ടമില്ല ഇവിടെ മഴ ആനന്ദം മാത്രം. കലയും സാങ്കേതിക വിദ്യയും സമന്വയിക്കുന്ന വിസ്മയ പ്രതിഭാസമാണ് ഷാര്‍ജയിലെ ‘മഴ മുറി’. 2018ല്‍ യുഎഇ സുപ്രീം കൗണ്‍സില്‍ മെമ്പറും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നേരിട്ടെത്തിയാണ് മഴ മുറി സമര്‍പ്പിച്ചത്. ഷാര്‍ജ അല്‍ മജറ ഏരിയയില്‍, അല്‍ അറൂബ പ്രധാന റോഡിനോട് ചേര്‍ന്നാണ് മഴ മുറി ഉള്‍കൊള്ളുന്ന കെട്ടിടം. ഷാര്‍ജ ആര്‍ട്ട് ഫൗണ്ടേഷനാണ് മഴ മുറി നിയന്ത്രിക്കുന്നത്. വിവിധ കലാ സൃഷ്ടികളുടെ പ്രദര്‍ശന കേന്ദ്രം കൂടിയാണിത്. സന്ദര്‍ശകര്‍ക്ക് തുടര്‍ച്ചയായ മഴയുടെ അഭിവാജ്യ അനുഭവം സമ്മാനിക്കുന്നു ആ മഴ മുറി.
ഒന്നിലധികം തവണ ഉപയോഗിക്കാന്‍ കഴിയും വിധത്തില്‍, സ്വയം ശുദ്ധീകരണം സാധ്യമാക്കുന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ 1200 ലിറ്റര്‍ വീതം വെള്ളം ഉപയോഗിച്ചാണ് ഈ പ്രത്യേക മുറിയില്‍ മഴ വര്‍ഷിക്കുന്നത്. 1460 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള മഴ മുറി കെട്ടിടം വന്‍ തോതില്‍ ജനങ്ങളെ ആകര്‍ഷിച്ച് വരുന്നു. 2012ല്‍ ലണ്ടനില്‍ ദി കര്‍വ്, ബാര്കിക്കന്, ന്യൂയോര്‍ക്കിലെ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട്, ഷാന്ഗോ യൂസു മ്യൂസിയം, 2015-2017ല്‍ ലോസ് ആഞ്ചല്‍സ് കൗണ് മ്യൂസിയം എന്നിവിടങ്ങളില്‍ റെയിന്‍ റൂം അവതരിപ്പിച്ചിരുന്നു. സ്ഥിരം മഴ മുറി എന്ന ആശയം അവതരിപ്പിച്ചത് ഷാര്‍ജയാണ്. ഇതിലൂടെ മധ്യ പൂര്‍വ ദേശത്ത് ഏത് കാലാവസ്ഥയിലും മഴ മുറി കാണാനും ആസ്വദിക്കാനുമുള്ള അവസരമാണ് ഷാര്‍ജ ഒരുക്കിയത്.
ഷാര്‍ജ അല്‍ ഖാസിമി ഹോസ്പിറ്റലിനും ക്രിക്കറ്റ് സ്റ്റേഡിയത്തിനും സമീപമാണ് ‘സവായ വാക്’. അല്‍ മജറയിലെ മഴ അറ കെട്ടിട മുറിക്കകത്താണെങ്കില്‍ സവായ വാക്കിലെ മഴ വര്‍ഷം തുറസ്സായ സ്ഥലത്താണ്. ആര്‍ക്കും മഴക്കുളിരില് അലിയാനെത്താം. പകലും രാത്രിയിലും നിശ്ചിത സമയങ്ങളില്‍ ഇടവിട്ട് ഇവിടെ മഴ പെയ്യും. ആദ്യം ചാറ്റല്‍ മഴയായി തുടങ്ങും. പിന്നീട് അതിവേഗം ശക്തി പ്രാപിക്കുന്ന മഴ ഇടി മിന്നലോടെയാണ് രംഗമൊഴിയുക. കുഞ്ഞു മക്കളടക്കം അനേകം കുടുംബങ്ങള്‍ മഴ നനഞ്ഞ് ഉല്ലസിക്കാനെത്തുന്നു. മികച്ച ഷോപിങ് കേന്ദ്രമാണ് സവായ വാക്. സ്വദേശി കുടുംബങ്ങളുടെ ഒഴിവ് സമയം ചെലവഴിക്കാനുള്ള ഇഷ്ടയിടം കൂടിയാണ്. കോഫീ ഷോപ്പ്, പാരമ്പര്യ സ്വദേശി വസ്ത്രങ്ങള്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ഫര്‍ണീച്ചര്‍, പെര്‍ഫ്യും തുടങ്ങി ഒട്ടുമിക്ക ഉത്പന്നങ്ങളും ഇവിടെ ലഭിക്കുന്നു. കുട്ടികള്‍ക്ക് കളിച്ചുല്ലസിക്കാന്‍ വിശാലമായ ഗെയിം കോര്‍ണറുമുണ്ട്.