
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ന്യൂഡല്‍ഹി: പൊതുജനങ്ങള്‍ തെരുവുനായ്കള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതിനായി പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. എ.ബി.സി നിയമപ്രകാരം തെരുവുനായ്ക്കളെ പിടിക്കുന്നത് തടയാന്‍ ആര്‍ക്കും അവകാശമില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് ഹൈകോടതികളുടെ പരിഗണനയിലുള്ള ഹരജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റി ഇക്കാര്യത്തില്‍ ദേശീയനയം രുപീകരിക്കുമെന്നും കോടതി വ്യക്തമാക്കി. ഡല്‍ഹിയിലെ തെരുവുനായ പ്രശ്നത്തില്‍ രണ്ടംഗ ബെഞ്ചിന്റെ വിധി മൂന്നംഗ ബെഞ്ച് സ്റ്റേ ചെയ്തു. തെരുവില്‍ നിന്ന് പിടികൂടുന്ന നായകളെ ഷെല്‍റ്റര്‍ ഹോമിലേക്ക് മാറ്റണമെന്നും പിന്നീട് പുറത്ത് വിടരുതെന്നുമായിരുന്നു സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധി. ഇതാണ് കോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എന്‍.വി അന്‍ജാരിയ എന്നിവരുള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് വിധി സ്റ്റേ ചെയ്തത്. ഡല്‍ഹിയിലെ തെരുവുകളില്‍ നിന്ന് പിടികൂടുന്ന നായകളെ വന്ധ്യംകരണം നടത്തി തിരികെ വിടണമെന്നാണ് മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്. റാബീസ് ബാധിച്ചവ, റാബീസിന് സാധ്യതയുള്ളവ, അക്രമണ സ്വഭാവമുള്ളവ എന്നിവയെ പുറത്തുവിടരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ എല്ലാ തെരുവ് നായ്ക്കളെയും എട്ട് ആഴ്ചയ്ക്കുള്ളില്‍ പിടികൂടി ബന്ധപ്പെട്ട അധികാരികള്‍ സ്ഥാപിക്കുന്ന പ്രത്യേക ഷെല്‍ട്ടറുകളില്‍ പാര്‍പ്പിക്കാന്‍ സുപ്രീംകോടതി രണ്ടംഗ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഒരിക്കല്‍ ഷെല്‍ട്ടറില്‍ പാര്‍പ്പിച്ച തെരുവ് നായയെ വീണ്ടും തെരുവിലേക്ക് വിടരുതെന്നും കോടതി ഉത്തരവിട്ടിരുന്നു. വീണ്ടും തെരുവിലേക്ക് വിടരുതെന്ന നിര്‍ദേശത്തെയാണ് മൂന്നംഗ ബെഞ്ചിന്റെ സ്റ്റേ.