
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിന്റെ വിഷയം ഉയര്‍ത്തിപിടിച്ച് കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആദ്യം സ്വയം കണ്ണാടിയില്‍ നോക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. റേപ്പ് കേസിലെ പ്രതിയെ സംരക്ഷിക്കുന്ന, പൊലീസ് എഫ്ഐആര്‍ ഇട്ട കേസിലെ പ്രതിയെ നിയമസഭയില്‍ ഇരുത്തുന്ന മുഖ്യമന്ത്രി ഇതിലെല്ലാം എന്ത് നടപടി സ്വീകരിച്ചുവെന്ന് ആദ്യം വ്യക്തമാക്കണം. സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒരു അവതാരത്തിന്റെ കൂടെയായിരുന്നല്ലോ, വൈകുന്നേരം എവിടെയായിരുന്നു അയാള്‍. എല്ലാ പൊലീസ് സംവിധാനവും ഉണ്ടായിട്ടും അയാളുടെ പ്രവര്‍ത്തന രീതി കണ്ടെത്താനായില്ല. ആ അവതാരം എത്ര നേതാക്കള്‍ക്കെതിരെ പരാതി പറഞ്ഞു. ആര്‍ക്കെതിരെയെങ്കിലും നടപടി എടുത്തോ. മറ്റൊരു മന്ത്രിയുമായി ഈ അവതാരം സ്ഥിരം വാട്സ്ആപ് സന്ദേശം അയച്ചിരുന്നു, മാധ്യമങ്ങള്‍ ഇതെല്ലാം റിപ്പോര്‍ട്ട് ചെയ്തു. അന്ന് നടപടി എടുത്തോ, ഇവരോട് ആരെടെങ്കിലും എന്തെങ്കിലും വിശദീകരണം ചോദിച്ചോ. ഒടുവില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ പോയി. ഇതെല്ലാം നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസിനകത്ത് ആയിരുന്നല്ലോ. എന്നിട്ട് എന്തുണ്ടയി. ഇതുപോലെ പ്രതികളെ സംരക്ഷിച്ച ഒരു ആഭ്യന്തരമന്ത്രി, രാഷ്ട്രീയ നേതാവ് ഇന്ത്യയിലുണ്ടാവില്ല. ഇപ്പോള്‍ പത്രസമ്മേളനം നടത്തി കോണ്‍ഗ്രസിനെ ധാര്‍മികത പഠിപ്പിക്കുന്നു. ഹവാല കേസില്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന് നേരെ ആരോപണം വന്നു, അതെന്തായി. ഇപ്പോള്‍ കോണ്‍ഗ്രസിനെ ഉപദേശിക്കാന്‍ വന്നിരിക്കുന്നു. ആദ്യം സ്വന്തം ചെയ്തികള്‍ക്ക് മാധ്യമങ്ങളോട് മറുപടി പറയട്ടെ. എന്നിട്ടാവാം ഉപദേശം-വിഡി സതീശന് പറഞ്ഞു. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് മറുപടി പറയുകയായിരുന്നു പ്രതിപക്ഷ നേതാവ്.